ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രാജേഷ് കൃഷ്ണ*

ഒരു വിവാഹം കഴിക്കാനുള്ള മോഹം കൊണ്ട് നാട്മുഴുവൻ പെണ്ണ് കണ്ട്നടന്ന്, മിച്ചം വെച്ചത് മുഴുവൻ ദല്ലാൾക്ക് കൊടുത്ത് തീർന്നപ്പോഴാണ് കുടുംബ ജീവിതമെന്നത് തന്നെ പോലുള്ളവർക്ക് സ്വപ്നം മാത്രമാണെന്ന് മന്മദൻ തിരിച്ചറിഞ്ഞത്…

സർക്കാർ ജോലിയില്ലെന്ന കാരണത്താൽ പെണ്ണ് കിട്ടാത്തതു കൊണ്ട് ഈ ജന്മത്തിൽ വിവാഹമേ വേണ്ടെന്ന് ശപദമെടുത്തെങ്കിലും ദല്ലാൾ ശങ്കരൻ്റെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ഒരു തവണകൂടി പെണ്ണുകാണാനിറങ്ങിപ്പുറപ്പെട്ടു…

പത്താം ക്ലാസ്സിൽ തോറ്റു പോയതു കൊണ്ട് മകൾക്ക് ഡോക്ടറേയോ കളക്ടറെയൊ കിട്ടില്ലെന്ന് സുഗന്ധിയുടെ മാതാപിതാക്കൾക്ക് തിരിച്ചറിയുമ്പോഴേക്കും കാലം കടന്നുപോയിരുന്നു…
ടീവിയിൽ സീരിയലുകൾ കണ്ട് തിന്നും കുടിച്ചും സമയവും പ്രായവും കടന്നുപോയ സുഗന്ധിക്ക് മുപ്പത് പൂർത്തിയായി…

ഇനിയും സർക്കാരുദ്യോഗസ്ഥനെ കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്ന് മനസിലാക്കിയാണ് വിവാഹ ദല്ലാളിനോട് കച്ചവടക്കാരനായാലും മതിയെന്ന് പറഞ്ഞത്…
ദല്ലാൾ പറഞ്ഞതു പ്രകാരം ടൗണിൽ സ്റ്റേഷനറി കച്ചവടം നടത്തുന്ന മന്മദന് മകൾ സുഗന്ധിയെ കാണാൻ വീട്ടുകാരനുവാദം നൽകി…

പെണ്ണും ചെറുക്കനും പരസ്പരം കണ്ടിഷ്ടപ്പെട്ട് നിശ്ച്ചയിച്ചുറപ്പിച്ച ദിനത്തിൽ തന്നെ വിവാഹവും കഴിഞ്ഞു…
ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും കിട്ടിയ പണമെടുത്ത് പലചരക്കുകടയിലെയും പച്ചക്കറിക്കടയിലെയും വെപ്പുകാരുടെ കൂലിയും കൊടുത്ത്തീർത്തു…
വാടകസ്റ്റോറുകാരുടെ കണക്ക് തീർക്കണം, ചില്ലറകടങ്ങൾ വേറെയുമുണ്ട്. ചിന്തകളാൽ പുകയുന്നമന്മദൻ്റെ തലക്കുള്ളിൽ ഒരു മിന്നാമിനുങ്ങിൻ്റെ വെളിച്ചം വീണു…
അലമാരയിലുള്ള സുഗന്ധിയുടെ ബാഗിലിരിക്കുന്ന സ്വർണ്ണത്തിൻ്റെ തിളക്കത്തിൽ മന്മദൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

നാല് വളയെടുത്ത് വിറ്റ് കടം തീർത്തു, മനസമാധാനത്തോടെ കടയടച്ച് തൻ്റെ നല്ലപാതിക്ക് നാലു പരിപ്പുവടയും വാങ്ങി വീട്ടിലെത്തിയപ്പോൾ അവളുടെ മുഖം വീർത്തു കിടക്കുന്നതു കണ്ടു…
കുളികഴിഞ്ഞ് ഭക്ഷണവും കഴിച്ച് കട്ടിലിൽ മലർന്നു കിടന്ന നാദന് സമീപം അവൾ നിന്നു…
“നിങ്ങൾ ആരോട് ചോദിച്ചിട്ടാണ് അലമാരയിൽവെച്ച എൻ്റെ ബാഗിലെ സ്വർണ്ണമെടുത്തത് “…
“എൻ്റെ അലമാരയിൽ കിടക്കുന്ന സ്വർണ്ണമെടുക്കാൻ ആരോടും അനുവാദം ചോദിക്കേണ്ട കാര്യമില്ല”…

“ആരു പറഞ്ഞു, എൻ്റെ സ്വർണ്ണമെടുക്കുമ്പോൾ എന്നോട് ചോദിക്കണം എൻ്റെ അച്ഛൻ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കിയതാണ് അതൊക്കെ”…
“എൻ്റേത് നിൻ്റേത് എന്ന കണക്ക് ഇപ്പോഴുമുണ്ടോ”…
“ചിലകാര്യങ്ങളിലുണ്ട് “…

മന്മദൻ അവളെ ഒരു നിമിഷം നോക്കിക്കിനിന്നു പിന്നെ എഴുന്നേറ്റ് അലമാര തുറന്ന് അവളുടെ ബാഗെടുത്തു, തൻ്റെ പെഴ്സുമെടുത്ത് അതിൽ നിന്നും ഒരു നുറു രൂപയുമെടുത്ത് ബാഗിൻ്റെകൂടെ അവളുടെ കയ്യിൽ കൊടുത്തു…
“നാളെ രാവിലെത്തന്നെ വീട്ടിൽ പോയി ബാക്കിയുള്ള സ്വർണ്ണമെല്ലാം നിൻ്റെ അച്ഛന് കൊടുക്കണം, ഒരാഴ്ച്ച അവിടെ നിന്നോളൂ അപ്പോഴേക്കും ഞാൻ വക്കീലിനെക്കണ്ട് കാര്യങ്ങളെല്ലാം ശരിയാക്കാം”…
“എന്തു കാര്യം”…
“നമ്മുടെ വിവാഹ മോചനത്തിൻ്റെ കാര്യം, ഞാനെടുത്ത നാലുവളയും തിരിച്ചു തന്നേക്കാം,നിൻ്റേത് എൻ്റേത് എന്ന രീതി ഇവിടെ ശരിയാകില്ല”…

ബാഗും കയ്യിൽപ്പിടിച്ച് തരിച്ചുനിന്ന സുഗന്ധി അലമാര തുറന്ന് ബാഗതിനുള്ളിൽ തന്നെവെച്ച് പൂട്ടി കട്ടിലിൽ കയറിക്കിടന്നു കണ്ണടച്ചു…
മന്മദൻ രാവിലെയെഴുന്നേറ്റ് പതിവുപോലെ കടയിലേക്ക് തിരിച്ചു, മൊബൈൽ റിങ്ങ് ചെയ്യുന്നതുകേട്ട് പോക്കറ്റിൽ നിന്നും ഫോണെടുത്തു…
ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറാണ് കാണുന്നത്…

“ഹലോ, ആരാണ്”…
“ഞാനാണ് സുഗന്ധിയുടെ അമ്മ”…
“ആ… എന്താ അമ്മേ രാവിലെത്തന്നെ”…
“നീ അവളുടെ സ്വർണ്ണമെടുത്ത് വിറ്റോ”…
” വിറ്റു”…
” അവളോട് ചോദിച്ചിരുന്നോ”…
“ഇല്ല”…
“ഞങ്ങളോട് ചോദിച്ചിരുന്നോ”…
“ഇല്ല”…
“ഞങ്ങൾ അവൾക്ക് സ്വർണ്ണം കൊടുത്തത് നിങ്ങൾക്ക് വിറ്റുനശിപ്പിക്കാനല്ല മനസിലായോ”…
“മനസിലായി”…

“അപ്പോൾ ഇനിയെന്തു കാര്യവും ഞങ്ങളോട് അനുവാധം ചോദിച്ചിട്ടേചെയ്യാവൂ, കല്യാണം കഴിച്ച്തന്നെന്ന് വെച്ച് ഞങ്ങളവളെ ഉപേക്ഷിച്ചിട്ടൊന്നുമില്ല, അവൾക്ക് ചോദിക്കാനും പറയാനും ബന്ധുക്കളും മാതാപിതാക്കളുമുണ്ട്”…
“അമ്മ ക്ഷമിക്കണം ഇനി അങ്ങനെയെ ഒന്നും ചെയ്യില്ല, വെക്കട്ടെ”…
“ശരി”…
ഫോൺ കട്ടുചെയ്ത് പോക്കറ്റിലിട്ടു, രാത്രി കടയടച്ച് വീട്ടിലേക്ക് യാത്രയായി…
ഭക്ഷണവും കഴിച്ച് കിടന്ന് ഒന്നുമയക്കം പിടിക്കുമ്പോഴാണ് അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞ് സുഗന്ധിവന്നത്…
കട്ടിലിൽ കിടന്ന് അവൾ അയാളെ നോക്കി, കണ്ണടച്ചു കിടക്കുകയാണ്, ഇത്ര പെട്ടെന്ന് ഉറക്കം പിടിച്ചോ…

മെല്ലെ ഒരു കാലെടുത്ത് അയാളുടെ ശരീരത്തിലേക്ക് വെച്ചു മന്മദൻ അനങ്ങാതെ കിടന്നു…
അയാളുടെ സമീപത്തേക്ക് നീങ്ങിക്കിടന്ന് കൈവിരലുകൾ കൊണ്ട് മാറിലെ രോമക്കാടുകളിൽ പരതി…
അയാൾ കണ്ണ് തുറന്ന് അവളെ നോക്കി…
“ഉറക്കമായോ”…
“ഉം”….
“അങ്ങനെ ഉറങ്ങിയാലെങ്ങനെയാ”…
“പിന്നെ”…
“പിന്നെ ഞാൻ പറഞ്ഞു തരണോ”…
“വേണ്ട, ഒരു മിനിറ്റേ എനിക്കൊന്ന് ഫോൺ ചെയ്യണം”…
“ഇപ്പഴോ “…
മന്മദൻ ഫോണെടുത്ത് നമ്പറടിച്ച് കാതിനടുത്ത് വെച്ചു…
“ഹലോ “….
“ഹലോ, ഞാനാ മന്മദൻ അനുവാദം ചോദിക്കാൻ വിളിച്ചതാ”…
“ഉം… പറയൂ”…
” സുഗന്ധി ഒരു കാര്യം ആവശ്യപ്പെടുന്നു എന്തു ചെയ്യണം”…
“എന്തു കാര്യം”…

“അവൾക്ക് ദാമ്പത്ത്യസുഖം വേണമെന്ന് പറയുന്നു”…
“എന്ത് “….
“മോൾക്ക് ശരിരികബന്ധം വേണമെന്ന്, എല്ലാ കാര്യവും നിങ്ങളോട് ചോദിച്ചിട്ടേ ചെയ്യാവൂ എന്ന് രാവിലെ പറഞ്ഞതുകൊണ്ട് വിളിച്ചതാ”….
അപ്പുറത്ത് ഒരു നിമിഷം അനക്കമൊന്നുമില്ല പിന്നെ ഫോൺ കട്ടായി…
“ആരെയാ വിളിച്ചത് എന്തൊക്കെയാ പറഞ്ഞത് “…
“രാവിലെ നിൻ്റെ മാതാവ് വിളിച്ചിരുന്നു, എന്തു ചെയ്യുമ്പോഴും അവരോട് അനുവാധം വാങ്ങണമെന്ന് പറഞ്ഞിരുന്നു , അതുകൊണ്ട് സമ്മതം ചോദിച്ചതാ, പക്ഷെ ഒന്നും പറഞ്ഞില്ല”…
“എന്ത് “…

“നീ ലൈംഗിക ബന്ധത്തിന് താൽപ്പര്യപ്പെടുന്നുണ്ടെന്നറിയിച്ചതാണ്, അല്ലെങ്കിൽ നാളെ നിന്നെ ബലാത്സങ്കം ചെയ്തെന്ന് പറഞ്ഞ് കേസുകൊടുത്താൽ എനിക്ക് ജയിലിൽ പോയി കിടക്കേണ്ടി വരും”…
അയാളെ നോക്കി വായ്പാളിച്ചിരുന്ന അവളെയവഗണിച്ച് പുതപ്പെടുത്ത് തലവഴി മൂടി മന്മദൻ കിടന്നു.

By ivayana