വി.ജി മുകുന്ദൻ ✍️

കത്തിതീർന്ന പകൽ
വീണുടഞ്ഞു;
വെയിലേറ്റു വാടിയ
തെരുവിന്നോരങ്ങളിൽ
വിശപ്പുതിന്ന് തളർന്ന
കണ്ണുകൾ
ഓർമകൾ പുതച്ചിരിക്കുന്നുണ്ട്..!
ദുഃഖം കടിച്ചുതൂങ്ങുന്ന
മുഖവുമായി
രാത്രി
പടിഞ്ഞാപ്പുറത്തുനിന്നും
തെരുവിലേക്കിറങ്ങുന്നു;
പകൽ കൊഴിഞ്ഞ വീഥികൾ
ഇരുൾ മൂടി മയങ്ങാനൊരുങ്ങുന്നു.
ഓടിക്കിതച്ച്
യാത്ര തുടരുന്ന ജീവിതം
കടം പറഞ്ഞ ജീവനുമായ്
എരിഞ്ഞു തീരുന്ന പകലിനൊപ്പം
വെയിൽ വിരിച്ച് വിയർപ്പാറ്റി
ഏങ്ങി വലിച്ച്
പടികടന്ന് വരുന്നുണ്ട്..!
മണ്ണെണ്ണ വിളക്കിന്റെ
തിരിനീട്ടി
കാത്തുനിൽക്കുന്ന
തിരിയണഞ്ഞ കണ്ണുകൾ
ശ്വാസം നിലച്ച പുകയടുപ്പൂതി-
കത്തിയ്ക്കുവാൻ
കാത്തിരിയ്ക്കുന്നു,
കണ്ണിലും മനസ്സിലുമിത്തിരി
വെട്ടം തെളിയട്ടെ
വിശപ്പിന്റെ നഗ്നത മറയ്ക്കുവാൻ..!
തണുത്തുറഞ്ഞ
ദുഃഖങ്ങളുടെ
ഭാണ്ഡമഴിച്ചുവയ്ക്കാം
നിഴലുകൾക്കൊപ്പം
യാത്ര തുടരാം.
വഴി വിളക്കുകൾ മിഴിതുറന്നു
പ്രതീക്ഷകളുടെ
ഒരു തരിവെട്ടം തെളിയുന്നു
കാലം കരുതിയ കളിയരങ്ങുകൾ
കാത്തുനിൽക്കുന്നുണ്ട്
ആടിതീർത്തു മടങ്ങിടേണം..!

By ivayana