അടുക്കളയിൽ നിന്നും
അരങ്ങിലേക്ക്
കരി പിടിച്ച പുകയുടെ
ഇൻക്വിലാബുകൾ
മൗനജാഥ നടത്തുന്നു.

ഉമ്മറത്ത് ചാരുകസേരയിൽ
സ്വാതന്ത്ര്യം അർദ്ധരാത്രിയിലെന്നൊരു
പുസ്തകം
കൂർക്ക० വലിയ്ക്കൊപ്പ०
ഉയർന്നുതാഴുന്നു.

അകമുറിയിലെ ഇടനാഴിയിൽ
ബോംബ് വെച്ചു തകർക്കപ്പെട്ട
തേങ്ങലുകൾ
നെടുവീർപ്പുകൾ
അടക്കിപ്പിടിച്ച്
ഒരു കണ്ണീർത്തുള്ളി വേച്ച് നടക്കുന്നുണ്ട്.

കിടപ്പുമുറിയിൽ
അധിനിവേശപ്പെട്ടു തളർന്ന
കീഴ്രാജ്യത്തിന്റെ
കഴുത്തമർത്തി
ഏകാധിപതിയുടെ ഉൻമാദ നിദ്ര അട്ടഹാസങ്ങൾ
മുഴക്കുന്നുണ്ട്.

തീൻമേശയിൽ
അരുചി വിഴുങ്ങിയ
ദഹിക്കാത്ത ഒരന്ന०
വിലങ്ങിക്കിടക്കുന്നു.

തൊടിയിലെ തൊട്ടാവാടി മുള്ളുവരെ ദിവസവും
ദണ്ഡിയാത്ര നടക്കുന്നു.

ഇടുങ്ങിയ പ്രവേശനകവാട०
ഒന്നു മാത്രമുള്ള
ഒരു മതിൽ
എന്റെ പൂന്തോട്ടത്തിന് ചുറ്റിലു०
കെട്ടി ഉയർത്തപ്പെട്ടിട്ടുണ്ട്.

വെടിയേറ്റു വീണ ഓരോ ശ്വാസവും
എന്നിലായിര० ദ്വാരങ്ങൾ
തുന്നിയിട്ടിരിക്കുന്നു.

കൂട്ടക്കുരുതിയിലേക്ക്
എടുത്തു ചാടിയ
എന്റെ ഇഷ്ടങ്ങൾ
ഓരോന്നും മരണത്തിന്റെ
അഴുകിയ ഗന്ധം
ഉറവയിലൊഴുക്കുന്നു.

രണ്ട് രാജ്യങ്ങളായിത്തന്നെ
ഞാൻ വിഭജിക്കപ്പെട്ടുപോയിരിക്കുന്നു.

ആത്മഹത്യ എന്ന എന്റെ വോട്ടവകാശം
അസാധുവാക്കപ്പെട്ടിരിക്കുന്നു.
ഗൗരി

By ivayana