രചന :- ബിനു. ആർ*

ഇക്കരെ നിന്നു ഞാൻ ചോദിച്ചോട്ടെ,
അക്കരെ കാണുന്നതെന്താണ് !
മന്ദമാരുതന്റെ വീശലാണ് ആദ്യത്തേത്,
രക്തം പുരണ്ട കോടിയാണ് അടുത്തത്,
മത്തുപിടിച്ച എല്ലിച്ച മനുഷ്യന്റെ
ചുക്കിച്ചുളിഞ്ഞ ശരീരമാണ് പിന്നത്തേത്,
കാത്തുമടുത്ത ഒരുപറ്റം ജനത്തിന്റെ
തലയാട്ടലാണ് ഇനിയത്തേത്,
പാപപങ്കിലമായ കൈപ്പത്തിപതിഞ്ഞ
ത്രിവര്ണപതാക തൻ നേരറിയാത്ത
ഇളകലാണ്‌ പിന്നിലെത്തേത്….
ഇക്കരെ നിന്നുഞാൻ ചോദിച്ചോട്ടെ
അക്കരെ കേൾക്കുന്നതെന്താണ് !
രാഷ്ട്രീയക്കാരന്റെ ഗാഗ്വാവിളിയാണ്,
പാവം ജനത്തിന്റെ തേങ്ങലാണ്,
ഇനിയും മരിക്കാത്ത തലമുറതൻ
കദനത്തിൻ വായ്ത്താരിയാണ്,
സ്വപ്‌നങ്ങൾ നഷ്ടപ്പെട്ട കുടിയാന്റെ
ഒട്ടിയ വയറിൻ വേദനയാണ്,
ആരോടും പകയില്ലാതെയൊഴുകും
നദിതൻ താരാട്ടിന്നീണമാണ്….
ഇക്കരെ നിന്നുഞാൻ ചോദിച്ചോട്ടെ
അക്കരെ ചിരിയുടെ പൊരുളെന്താണ് !!
കോളേജിൽ രാഷ്ട്രീയം വേണ്ടെന്ന്,
സർക്കാരുദ്യോഗസ്ഥർക്ക് സമരം പാടില്ലെന്ന്,
എം എൽ എ മാർക്ക് വിദ്യകൾ വേണമെന്ന്,
സർക്കാരുകൾക്കഴിമതി പാടില്ലെന്ന്,
ന്യൂനപക്ഷങ്ങൾക്കവകാശം മൗലികമെന്ന്,
ഭൂരിപക്ഷത്തിന്നവകാശം മൗലികമല്ലെന്ന്,
ഗുരുവിനെ ജാതി തീണ്ടിയില്ലെന്ന്,
പരമോന്നത നേതാവിന്
മരം കയറ്റമറിയില്ലെന്ന്,
വീര്യവാനാദർശം നഷ്ട്ടപ്പെട്ടിട്ടില്ലെന്ന്,
വിലക്കയറ്റത്തിന് നാട്ടിലരിയില്ലെന്ന്,
ഹർത്താലുകളിൽ മോട്ടോർ വാഹന –
സമരം ബാധിക്കില്ലെന്ന്,…..
ഇക്കരെ നിന്നുഞാൻ ചോദിച്ചോട്ടെ
അക്കരെ സംഭവിക്കുന്നതെന്താണ്.. !!!
കൊലയും കൊള്ളിവയ്പ്പും ബലാത്സംഗവും കൊലപാതകവും,
വെട്ടലും കുത്തലും ചോരചീറ്റിതെറിക്കലും,
മനുഷ്യന്റെ വായ്ത്താരിയിൽ നിന്നു
മാത്രമുയരുന്ന പൊതു നന്മയും,
കാലത്തിന്റെ തേയ്ച്ചുമായ്ക്കലുകളും
രാഷ്ട്രീയക്കാരന്റെ ഓടിത്തൊട്ടുകളിയും

By ivayana