രചന ~ ഗീത മന്ദസ്മിത…
സെപ്റ്റംബർ -21 ലോക അൽഷിമേഴ്‌സ് ദിനം
ഇരുളും വെളിച്ചവും ഇടകലർന്നൊരീ ജീവിത പാതയിൽ
വഴിയറിയാതുഴറുന്ന ഇടവേളകളിൽ
കാലമേറെയായ് ഊയലാടുന്നെൻ മനം
ഓർമ്മകൾതൻ താഴ്വാരങ്ങളിൽനിന്ന് മറവിതൻ തുരുത്തിലേക്കും
മറവിതൻ തീരത്തുനിന്നാ ഓർമ്മകളുടെ ഓളങ്ങളിലേക്കും
എന്നാലിനിയുമെനിക്കെത്തിപ്പിടിക്കുവാനായതില്ലി-
തിനിടയിലുള്ളൊരാ യാഥാർഥ്യ നിമിഷങ്ങളെ..!
ഇറക്കിവെക്കണമീ ഓർമ്മകൾതൻ ഭാരം
ഊയലാടുമെൻ മനം ആ മറവിതൻ തീരത്തണയുന്ന നാൾ…
ഓർക്കേണ്ടതെല്ലാം മറന്നിടുന്നു…
മറക്കേണ്ടതിനെയോ ഓർത്തിടുന്നു..!
മറവി ഒരനുഗ്രഹമാണ്, ഓർമ്മകൾ നഷ്ടമാകും വരെ
ഓർമ്മകളൊരു ഭാരമാണ്, മറവിയിൽ കരേറും വരെ
മറക്കാതിരിക്കാം, നമ്മളെ ചേർത്തുനിർത്തിയവരെ
ഓർത്തുവെക്കാം, നമ്മളെ തീർത്തും മറന്നവരെ
ഓർക്കാം മറവിയിലേറിയവരെ, നാമതിലേറും മുമ്പേ
ചേർക്കാം അവരെയും, നമ്മുടെ ഓർമ്മകളിലായ്
ഏകാം അവർക്കായൊരു കരുതൽ സ്പർശം
സ്നേഹത്തിൻ മൃദുതൂവൽസ്പർശം..!