മൻസൂർ നൈന
ചരിത്രത്തിലെ ആ വെടിയൊച്ചകൾ ഇന്നും മുഴങ്ങുന്നു ……………….
മട്ടാഞ്ചേരി ബസാറിനോട് ചേർന്ന സ്ഥലം അതാണ് ചക്കരയിടുക്ക് . പോർച്ച്ഗീസ്കാരുടെ കാലത്തെ വൻ വാണിജ്യ കേന്ദ്രമായിരുന്നു കൊച്ചി . പായ് കപ്പലുകളിൽ അന്ന് കൽവത്തിയിൽ വന്നിറങ്ങുന്ന ചരക്കുകളിൽ പനയോലയിൽ പൊതിഞ്ഞെത്തുന്ന ശർക്കര പ്രധാനമായും ഇവിടെ സംഭരിക്കുകയും പിന്നീട് ഇവിടെ നിന്നുമാണ് കേരളത്തിലെ മറ്റു സ്ഥലങ്ങളിലേക്ക് പോവുകയും ചെയ്തിരുന്നത് . അങ്ങിനെയാണ് ഈ സ്ഥലത്തിന് ചക്കരയിടുക്ക് എന്ന് വിളിപേര് വന്നത് എന്ന് പഴമക്കാർ പറയുന്നു . പണ്ട് വടക്കൻ കേരളത്തിൽ നിന്ന് തൊഴിൽ തേടി വന്നവരായിരുന്നു ഇവിടെ ഏറെയും താമസിച്ചിരുന്നത് .
ചക്കരയിടുക്കിന് പറയാനുള്ളത് മറ്റൊരു ചരിത്രമാണ് , തൊഴിലാളി സമരങ്ങളിലൂടെ ചരിത്രം തിരുത്തി എഴുതിയ കഥ . 1962 വരെ നിലവിലുണ്ടായിരുന്ന സമ്പ്രദായമായിരുന്നു ‘ ചാപ്പ ‘ തുറമുഖത്ത് പണിയെടുക്കുന്നതിന്
സ്റ്റീവ്ഡോറുമാരും അവരുടെ കങ്കാണികളും കെട്ടിടങ്ങളുടെ മട്ടുപ്പാവിൽ നിന്ന് ലോഹ നിർമ്മിതമായ ടോക്കൺ , പണിയും കാത്ത് നിൽക്കുന്ന തൊഴിലാളികൾക്കിടയിലേക്ക് വലിച്ചെറിയും അത് ലഭിക്കുന്നവർക്ക് മാത്രമാണ് തുറമുഖത്ത് പണി കിട്ടുക .
ചാപ്പ കിട്ടുന്നതിനായി തൊഴിലാളികൾ തമ്മിലടിക്കുകയും പരസ്പരം അക്രമിക്കുകയും ചെയ്യുമായിരുന്നു അതൊരു വിനോദമായിസ്റ്റീവ്ഡോറുമാരും അവരുടെ കങ്കാണികളും കുടുംബവും കണ്ട് നിൽക്കും .
കൊളോണിയൻ അടിമവ്യവസ്ഥയുടെ കിരാതമായ ഈ സമ്പ്രദായത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടയിലാണ് സ: ടി.എം അബുവിനെ അറസ്റ്റ് ചെയ്യുന്നത് അറസ്റ്റ് തടയാനെത്തിയ തൊഴിലാളികൾക്ക് നേരെ പോലീസും പട്ടാളവും ചേർന്ന് വെടിവെച്ചു ആ വെടിവെപ്പിൽ സെയ്ദ് – സെയ്താലി എന്നീ തൊഴിലാളികൾ കൊല്ലപ്പെട്ടു ആന്റണി എന്നയാൾ പോലീസ് കസ്റ്റഡിയിലും മരിച്ചു .1953 സെപ്തംബർ 15 നാണ് ഈ സംഭവം . ചിക്കാഗോയുടെ തെരുവ് പോലെ മട്ടാഞ്ചേരിയുടെ തെരുവുകൾ രക്തത്താൽ ചുവന്ന മട്ടാഞ്ചേരി കലാപം ……….
ഈ ചരിത്ര സംഭവമാണ് പ്രശസ്ത സംവിധായകൻ ബക്കർ ‘ ചാപ്പ ‘ എന്ന പേരിൽ നിർമ്മിച്ച സിനിമ . ചരിത്രം കോർത്തിണക്കിഈ സിനിമയുടെ കഥ തയ്യാറാക്കിയത് എന്റെ ബന്ധുവും മുതിർന്ന പത്ര പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയാണ് . ഈ സിനിമയുടെ മാസ്റ്റർ ബ്രെയിൻ എന്ന് പറയുന്നത് എന്റെ മറ്റൊരു ബന്ധുകൂടിയായ അബ്ദുൽ ഖാദിർ വക്കീലാണ് . ഒരുകാലത്ത് കൊച്ചിയിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ താളമായിരുന്നു വക്കീല് .
ചക്കരയിടുക്ക് പോസ്റ്റാഫീസ് കെട്ടിടത്തിന്റെ ഭിത്തിയിൽ അന്നത്തെ ആ വെടിയുണ്ടയുടെ അടയാളങ്ങൾ അവശേഷിച്ചിരുന്നതായി പറയുന്നു .
പോസ്റ്റാഫീസ് അടച്ച് പൂട്ടിയിട്ട് ഇപ്പോൾ ഏകദേശം പത്ത് വർഷത്തോളമായി എന്ന് പറയപ്പെടുന്നു . യാതൊരു ഗുണവുമില്ലാതെ ആ കെട്ടിടം ഇപ്പോൾ ജീർണ്ണിച്ച് വീഴാറായിരിക്കുന്നു .
ഇവിടെ ഏറെ പഴക്കം തോന്നുന്ന ഒരു കെട്ടിടമുണ്ട് ഇവിടത്തുകാർ അതിനെ ‘ ‘ ‘ ‘പൊന്നാപുരം കോട്ട’ എന്നാണ് വിളിക്കാറ് .
ഇ
വിടെയൊരു പള്ളിയുണ്ട് ചക്കരയിടുക്ക് ജമാഅത്ത് പള്ളി ഇതിന് ഏകദേശം നൂറ് വർഷത്തോളം പഴക്കമുണ്ടാകും . പകൽ നല്ല ചൂടിലും പള്ളിയുടെ അകത്ത് നല്ല ആശ്വാസമാണ് .
ഇതാണ് ചക്കരയിടുക്കിന്റെ കഥ ചരിത്രത്തിന് ചോരയുടെ ഗന്ധമുള്ള കഥ .
അന്ന് തൊഴിലാളി സമരത്തെ ആവേശം കൊള്ളിച്ച മുദ്രവാക്യത്തിന്റെ ഈരടികൾ ഇന്നും മട്ടാഞ്ചേരിയുടെ മണൽ തരികളെ പുളകം കൊള്ളിക്കുന്നു .
” കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീ മഴ പെയ്തപ്പോൾ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരിയെ മറക്കാമൊ ………….”.