അനൂസ് സൗഹൃദവേദി*

ശരിക്കും ദൈവമുണ്ടെങ്കിൽ
ഈ കാലയളവിൽ
ആളൊരു സൈക്കോ
പരുവത്തിലായിരിക്കും ,
അങ്ങേയറ്റം സ്വാർഥമായ
പ്രാർഥനകൾ ശ്രവിച്ച്
സ്വസ്ഥതയുടെ ഐസി വരെ
അടിച്ചു പോയിട്ടുണ്ടാകും ,
സഹായിച്ച് സഹായിച്ച്
പുള്ളിക്കാരൻ്റെ ഖജനാവിൽ
നന്മയുടെ തരിപോലും
ബാക്കിയില്ലാതെയാകും ,
വരവറിഞ്ഞ് ചിലവഴിക്കണമെന്ന
അടിസ്ഥാന തത്വം മറന്ന്,
ദൈവങ്ങളുടെ ലോകത്തദ്ദേഹം
നിരന്തരം അപഹാസ്യനായേക്കും
”ഗോഡോഫ് ഓർഗ്ഗാനിക് “ബാങ്കിൽ നിന്ന്
സ്വർഗ്ഗത്തിൻ്റെയാധാരം
പണയപ്പെടുത്തിയെടുത്ത ലോണിൻ്റെ
തിരിച്ചടവുകൾ മുടങ്ങി
സ്വർഗ്ഗം ജപ്തിയുടെ
വക്കിലെത്തിയിട്ടുണ്ടാകും ,
ഹെക്ടറ് കണക്കിന്
ആകാശം അളന്ന് കൊടുത്തുo
മഴമേഘങ്ങളെ മറിച്ചുവിറ്റും
സൂര്യനെ വാടകയ്ക്ക് കൊടുത്തും
അടിതെറ്റിയ ദൈവം
പിടിച്ചു നിൽക്കാൻ ശ്രമിക്കും ,
ഒടുവിൽ ,
ധർമ്മത്തിൽ നിർമ്മിച്ച
വാഹനശേഖരങ്ങളും
സത്യത്തിൽ പടുത്തുയർത്തിയ
സ്വർഗ്ഗവും നഷ്ടപ്പെട്ട്
ദൈവം കാൽനടയായി
ഭൂമിയിലേക്ക് പതിക്കും ,
ഭൂമിയിലെത്തിയ അദ്ദേഹം
തൻ്റെ അനുചരന്മാരെയും
ആശ്രിതന്മാരെയും വിളിച്ചുകൂട്ടി
നിസാഹായത അറിയിക്കും,
അവർ ദൈവത്തെയെടുത്ത്
(with അവസ്ഥ)
സോഷ്യൽ മീഡിയയിലിടും
വിചാരിച്ചതിലും വേഗത്തിൽ
ദൈവം വൈറലാകും ,
ഒരമ്പത് സ്വർഗം
നിർമ്മിക്കാനുള്ള സഹായം
ദൈവത്തിൻ്റെ പേരിൽ
പിരിഞ്ഞു കിട്ടും ,
അന്ന് രാത്രി ദൈവം
ഭൂമിയിലൊരു വീടു വയ്ക്കും
എന്നിട്ടതിന് സ്വർഗമെന്ന് പേരിടും ,
പക്ഷേ , എത്ര മായിച്ചെഴുതിയിട്ടും
ഭൂമിയിൽ ദൈവത്തിൻ്റെയഡ്രസ്
നരക”മെന്ന് തന്നെ വായിക്കപ്പെടും.

By ivayana