ജോളി ഷാജി… ✍️

അന്നും ആ മൺകുടിലിൻ
ഉമ്മറത്ത് കത്തിയെരിയുന്ന
മണ്ണെണ്ണ വിളക്കുമായി അമ്മ
വഴിക്കണ്ണുമായി കാത്തിരുന്നു..
കാലം ഏറെയായ് തുടങ്ങിയ
ആ കാത്തിരുപ്പ് ജീവിത
സായന്തനത്തിലും തുടരുന്നു..
ദൂരെ നിന്നും കാണുന്ന
ചൂട്ടുകറ്റ വെളിച്ചം അടുത്തു
വരുമ്പോൾ ഉച്ചത്തിൽ മുഴങ്ങി
കേൾക്കുന്നു തൊണ്ടകുത്തി
പുറത്തുവരുന്ന ചുമയുടെ ശബ്ദം..
ആറു പെറ്റു മക്കളെയെങ്കിലും
ആറും അവരെ തനിച്ചാക്കിപോയി..
പകലന്തിയോളം പാടത്തും
പറമ്പിലും മാട്പോൽ പണിതിട്ടു
കിട്ടുന്ന തുട്ടുകൾ കൂട്ടിവെച്ചു
മക്കളെ വളർത്തി അവരെ
പഠിപ്പിച്ചു ജോലി നേടികൊടുത്തു..
സ്വന്തം കാലിൽ നിൽക്കാൻ
തുടങ്ങിയെന്ന്‌ അവർക്കു
തോന്നും മുന്നേ കൂട്ടി അവർ
കൂടെ ജീവിത പങ്കാളികളെ..
പിന്നെ അവർക്കു വേണ്ടത്
സ്വാതന്ത്ര്യവും സ്വസ്ഥതയുമാണ്
അതിനായ് അവർ വീട് വീട്ടിറങ്ങി
നഗരങ്ങളിൽ ഫ്ലാറ്റുകളിലേക്ക്
താമസം മാറുകയാണ്..
പരിഷ്‌കാരം തലയ്ക്കു പിടിക്കും
മക്കൾ മാതാപിതാക്കളെ പാടെ
മറന്നു പോകുന്നു…
വിശേഷ ദിവസങ്ങളിൽ മാത്രം
ഒരു കച്ച മുണ്ടുമായി കടന്നു
വരുന്ന മക്കൾക്ക്‌ അമ്മയുടെ
കയ്യിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം
കുടിക്കാൻ പോലും അറപ്പാണ്..
ഗ്ലാസിനു നിറമില്ല, പുക ചുവക്കുന്ന
ചായക്ക്‌ മണമില്ല പോലും..
അച്ഛനെയും അമ്മയെയും
കണ്ടെന്നു വരുത്തി തീർത്ത്
മടങ്ങുന്ന മക്കൾക്ക്‌ മാതാപിതാക്കൾ
തൊടിയിൽ വിളഞ്ഞ ചക്കയും
മാങ്ങയും തേങ്ങയുമൊക്കെ
കെട്ടി പൊതിഞ്ഞു കാറിന്റെ
ഡിക്കിയിൽ നിറച്ച് കൊടുത്തുവിടും..
കാറിൽ കയറി പോകുന്ന മക്കൾ
തിരിഞ്ഞൊന്നു നോക്കുന്നോ
എന്നാ മാതാപിതാക്കൾ നോക്കി
നിൽക്കും പക്ഷെ മക്കൾ ലക്ഷ്യത്തിൽ
എത്താനായി മുന്നോട്ട് കുത്തിക്കുകയല്ലേ..
അവർ അന്ന് പോയാൽ പിന്നെ
തിരിഞ്ഞു നോക്കുന്നത് അടുത്ത
വേന്നാളിനാണ്..
വരുമ്പോൾ അച്ഛൻ ഓർമ്മിപ്പിക്കും
“മക്കളെ ഈ വീട് ഇടിഞ്ഞു പൊളിഞ്ഞു
വീഴാറായി ഒന്ന് പുതുക്കി പണിയേണ്ടേ..”
“ഓ ഇനി ഈ വീട്ടിലേക്കു മുടക്കാൻ
എന്റെ കയ്യിൽ പണമൊന്നുമില്ല..”
“അച്ഛന്റെയും അമ്മയുടെയും കാലശേഷം ഇവിടെ ആര് താമസിക്കാൻ… പിന്നെന്തിനു വെറുതെ ഇത് നന്നാക്കുന്നു..”
അവരുടെ ചിന്തകൾ പലവഴിക്കു പോകുമ്പോൾ ആ അച്ഛനും അമ്മയ്ക്കും പരാതി പോലുമില്ല..
“എന്താ ഇന്നു ചുമ കലശൽ ആണല്ലോ..”
“അതൊന്നും സാരമില്ല നീ അല്പം ചൂട് വെള്ളം ഇങ്ങേടുത്തെ…”
ചൂടുവെള്ളം കുടിക്കാനും കുളിക്കാനും എടുത്തുവെച്ച അമ്മ വിളക്ക് വെട്ടത്തിൽ കുത്തരി കഞ്ഞിയും ചുട്ട പപ്പടവും തേങ്ങ ചുട്ടരച്ച ചമ്മന്തിയും ഉമ്മറത്ത് എടുത്തു വെച്ച് കാത്തിരിപ്പായി…
പിന്നമ്പുറത്തു നിന്നും പാത്രം താഴെ വീഴുന്ന ശബ്ദം കേട്ട അമ്മ
“അതേയ് എന്താ അവിടെ മറിഞ്ഞു ചാടിയത്… വെള്ളം മറിച്ചു കളഞ്ഞോ. “
മറുപടി കേൾക്കാത്ത അമ്മ ചിമ്മിനി വിളക്കുമായി പിന്നമ്പുറത്തു ചെല്ലുമ്പോൾ ബോധമില്ലാതെ നിലത്തു കിടക്കുന്ന അദ്ദേഹത്തെ കണ്ട് അലമുറയിടുന്നു..
ഓടിക്കൂടിയ നാട്ടുകാർ വാരിയെടുത്ത
ഉമ്മറത്ത് കിടത്തിയ അച്ഛന്റെ നാടിപിടിച്ചു പഠിപ്പുള്ളൊരു കുട്ടി പറഞ്ഞു “പോയി “എന്ന്..
നെഞ്ച് പൊട്ടിക്കരഞ്ഞ ആ അമ്മ
പതം പറഞ്ഞ് കരഞ്ഞു ആ ശവത്തിൽ നോക്കിക്കൊണ്ട്…
പിറ്റേന്ന് മക്കൾ വന്നു ഉടനെ കർമ്മങ്ങൾ തുടങ്ങി..
അവരാ ശരീരവുമായി നേരെ പോയി
ശ്മശാനത്തിലേക്കു…
അപ്പോളൊക്കെ അമ്മ പുലമ്പുന്നുണ്ട്
“തെക്കേ തൊടിയിലെ മാവ് വെട്ടി അതിന്റെ തടിയിൽ കിടന്ന് എരിഞ്ഞു തീരാൻ ആയിരുന്നു മക്കളെ അച്ഛനിഷ്ടം..”
പക്ഷെ ആ പുലമ്പൽ ആരും ചെവിക്കൊണ്ടില്ല…
ശ്മശാനത്തിൽ ബോഡി ഏല്പിച്ച മക്കൾ തിരികെയെത്തി മുറ്റത്തു ചുറ്റിലുമിട്ട കസേരയിലിരുന്നു
അമ്മയെ ലേലം വിളിക്കാൻ തുടങ്ങി..
ഒടുക്കം ആ അമ്മയുടെ ജീവിതം
എത്തിനിന്നത് ഒരു അഗതിമന്ദിരത്തിലാണ്…
ആറു മക്കളെ പെറ്റു വളർത്തിയ അമ്മക്ക് അന്തിയുറങ്ങാൻ അഗതിമന്ദിരം കണ്ടെത്തിയ ആ മക്കളുടെ നാളെത്തെ അവസ്ഥയെന്താവും…

By ivayana