മത്തായി മാപ്ലയുടെ പെമ്പറന്നോത്തിയാണ് കത്രീന
കൃത്യമായി പറഞ്ഞാൽ
രണ്ടാമത്തെ ബന്ധം

ആദ്യത്തേവൾ ,
വെളുത്ത് മെലിഞ്ഞ്
ഒരു മെഴുകുതിരിയെ ഓർമ്മിപ്പിക്കുന്നവൾ റാഹേൽ
കല്യാണം കഴിഞ്ഞ്
തൊണ്ണൂറ്റൊന്നാം നാൾ
മുറ്റത്തെ കിണറ്റിൽ വീണാണ്
ചത്തുപോയത്
ഒന്നര മാസം പ്രായത്തിൽ
വയറിനുള്ളിൽ ഒരനക്കത്തോടെ

ചുഴലിത്തെണ്ണം മറച്ചു വച്ച്
പെണ്ണ് വീട്ടുകാർ ചതിച്ചെന്ന്
മത്തായി മാപ്ലയുടെ അമ്മ
തെറുതപെമ്പിളയും
പെണ്ണിനെ കൊന്ന് കിണറ്റിലിട്ടെന്ന്
റാഹേലിൻ്റപ്പൻ ഈനാശുവും
വേലിക്കിരുപുറം നിന്ന്
പുലയാട്ട് നടത്തിയതിനപ്പുറം ഒന്നുമുണ്ടായില്ല
കാലം
റാഹേലിനെ തൂത്തു മായ്ച്ചു കളഞ്ഞു

മത്തായി മാപ്ള വീണ്ടും
പെണ്ണുകാണാൻ പോയി
ചെമ്പുകുടത്തിൽ വെള്ളമെടുത്ത്
ദൂരത്തൂന്ന് വരുന്ന
കത്രീനയെ കണ്ട് ,
തെറുതപ്പെമ്പിളയുടെ മുഖം തെളിഞ്ഞു
‘മദി ,ഇദു മദി’
അവർ മത്തായിയുടെ
കാതിൽ പറഞ്ഞു

പിന്നീട് ,
മത്തായി മാപ്ലയുടെ
പെമ്പറന്നോത്തിയായി കത്രീന
ഇരുനിറത്തിൽ ,
ചക്കുകുറ്റി പോലൊരു
ഉരുപ്പടിയെന്ന്
മത്തായിമാപ്ല കത്രീനയെ കുറിച്ച്
മനസ്സിലോർത്തു
മത്തായിക്ക് ഒരു സങ്കടമേ
ഉണ്ടായിരുന്നുള്ളു
കുനിച്ചു നിർത്തി
മുതുകിനിട്ടിടിക്കുമ്പോൾ
സപ്പോർട്ടിന് കുത്തിപ്പിടിക്കാൻ
നീളമുള്ള മുടി
കത്രീനക്കില്ല എന്നതായിരുന്നു അത്
കഴുത്തിനു ചുറ്റും
പറന്നു നടക്കുന്ന
നീളം കുറഞ്ഞ് ചുരുണ്ട മുടിയായിരുന്നു
കത്രീനക്ക്
അന്തിക്കള്ള് മോന്തി ,
ആടിയുലഞ്ഞ് വരുമ്പോഴെല്ലാം
മുതുകിനിടിക്കാൻ സപ്പോർട്ടില്ലാതെ
മത്തായി കത്രീനയെ പ്രാകും
നീണ്ട മുടിയുണ്ടായിരുന്ന
റാഹേലിനെയോർത്ത് കരയും
കത്രീനയെ
കാലുമടക്കി തൊഴിക്കും
എത്ര തൊഴി കിട്ടിയാലും
ഒരു കൂസലുമില്ലാതെ
മുറ്റത്ത് വീണു കിടക്കുന്ന
ആമ്പറന്നോനെ എടുത്ത്
കത്രീന വീട്ടിലുള്ളിൽ കൊണ്ടു പോകും

തെറുതപ്പെമ്പിള ,
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും
കത്രീനയോട് പോരെടുത്തു
എന്നിട്ടും ,
അവസാനകാലം
തെറുതയുടെ തീട്ടവും മൂത്രവുമെല്ലാം
കത്രീന മൂക്കു ചുളിയാതെ കോരി

പെണ്ണായാൽ
ഇങ്ങനെ വേണമെന്ന്
നാട്ടുകാർ മക്കളെ പഠിപ്പിച്ചു
‘കത്രീനയെക്കണ്ടു പടിയെടീ ‘
കുതിച്ചു നടക്കുന്ന ജാൻസിയോടും
തൊട്ടേനും പിടിച്ചേനും
മുഖം വീർപ്പിക്കുന്ന ക്ലാരയോടും
കരയിലെ
മരങ്കേറികളായ അസംഖ്യം
പെൺപടകളോടും
അമ്മമാർ
പത്തു മിനിറ്റിനൊന്നു വീതംപറഞ്ഞു

തലതാഴ്ത്തി പിടിച്ച്
ചക്കുകുറ്റി പോലുള്ള കത്രീന
വീടിനും മുറ്റത്തിനുമിടയിൽ
ഓടിനടന്നു പണിയെടുത്തു
ആമ്പറന്നോൻ്റെ തൊഴി കൊണ്ടു
അന്തിയാകുമ്പോൾ
കൊന്തയെത്തിച്ചു

എന്നാലും ,
മുറ്റത്തെ കിണർ കാണുമ്പോൾ
കത്രീനക്ക് കാലിനാട്ടമുണ്ടാകും
ചുഴലി തലയ്ക്കുള്ളിലേക്ക്
മിന്നൽ പായിക്കും

-വൈഗ

By ivayana