പെരിങ്ങോടൻ അരുൺ*

പതിയെ പോകുന്നൊരു ബസ്സിൽ അതിവേഗം പായുന്ന മനസുമായി, വലിയൊരു ആൾക്കൂട്ടത്തിനു നടുവിലും ഏകനായ് ഞാൻ.
എല്ലാം അവസാനിക്കുകയാണ്.. ഭൂമിയും ആകാശവുമെല്ലാം എങ്ങോട്ടോ പോകുകയാണ്….
എനിക്കിറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞോ? ഞാൻ യാത്ര തുടരുകയാണ് എങ്ങോട്ടെന്നില്ലാതെ.
ബസ്സ് എവിടെയോ നിർത്തിയിട്ടിരിക്കുന്നു. ആളുകൾ തിരിക്കിട്ട് ഇറങ്ങുകയാണ്. ഇരുട്ട് പടർന്നു പന്തലിച്ചിരിക്കുന്നു. അതൊരു ശവപ്പറമ്പാണ്. കുറേ ശവക്കല്ലറകൾ, പല പല നിറത്തിലുളളവ, പല വലിപ്പത്തിലുളളവ. ഒരു ഭാഗത്ത് ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ചിത, ചില കല്ലറകൾ ചലിക്കുന്നുമുണ്ട്. ചലിക്കുന്ന കല്ലറ അതാരുടെതാണാവോ?

ണ്ടക്ടർ തട്ടി വിളിച്ചപ്പോഴാണ് സ്വപ്നത്തിലെന്ന പോലെ ഞാൻ ഉണർന്നത്. അതൊരു ബസ്സ്സ്റ്റാൻറ്റായിരുന്നു. എന്റെ കാഴ്ച്ചകൾക്കിതെന്തു പറ്റി? ഞാനാ ബസ്സിനകത്തു നിന്നും ധൃതിയിൽ പുറത്തേക്കിറങ്ങി.
എവിടൊക്കെയോ ചുറ്റി തിരിഞ്ഞ് ഒടുവിൽ ഞാനെൻറെ ശയനമുറിയിൽ അഭയം തേടി.
രാവേറെ കനംവെച്ചിരിക്കുന്നു. ഉറക്കം വരുന്നതേയില്ല. ഞാൻ വെളിച്ചത്തിൻറെ മിഴികൾ തലോടി അടച്ചു. അന്ധകാരം മുറിയിലേക്ക് ചാടി വീണു. കൂടെയൊരു ഇരുണ്ട രൂപവും. അതെൻറെ അരികിലേക്ക് വരുകയാണ്. ഞാനൊറ്റ പിടച്ചിൽ , ചൂണ്ടു വിരലാൽ ഒരു പ്രയോഗം, മുറിയിൽ വെളിച്ചം പൊട്ടി ചിതറി… വെളിച്ചത്തെ ഇനി തടയുന്ന പ്രശ്നമില്ല.

ആശങ്കയകലാതെ പിടയുകയാണ് മനസ്സ്. എന്താണിന്ന് സംഭവിച്ചത്, ചങ്കായ ചങ്ങാതിയാണ് സായാഹ്ന സൂര്യനൊപ്പം ചിതയിൽ അസ്തമിച്ചത്.
വെളള പുതപ്പിച്ചു കിടത്തിയ തണുത്ത ശരീരം കണ്ടപ്പോൾ തോന്നിയത് നിരാശയും, ദേഷ്യവും, സങ്കടവുമാണ്.
വിശ്വാസ വഞ്ചനയ്ക്ക് ശിക്ഷ മരണമാണ്. അതവനു ഞാൻ നൽകിയേനേ. അതിനു മുൻപ് അവൻ സ്വയം മരണവുമായി കരാറിലേർപ്പെട്ടു.

അവനെ വിശ്വസിച്ചതിന് എനിക്കെല്ലാം നഷ്ടമായി ജോലി , പണം എല്ലാം തകർത്തവനാണ് ചത്തു മലർന്ന് കിടക്കുന്നതെന്ന് ആ സമയം ഞാൻ മനസാ പറഞ്ഞു.
പണമിടപാടുകളിൽ ആരേയും കണ്ണടച്ചു വിശ്വസിക്കരുതെന്ന് പഠിക്കാൻ ഞാൻ കുറച്ചു സമയമെടുത്തു. അവനാ സമയത്തെ വിദഗ്ധമായി അപഹരിച്ചു. ആ പണമൊക്കെ അവന്‍ എ‌വിടെ കൊണ്ട് കളഞ്ഞെന്ന് എത്ര ആലോചിച്ചിട്ടുമെനിക്ക് മനസ്സിലായതേയില്ല.

പലതവണ ആലോചിച്ചു ഉറപ്പിച്ചതാണ് അവനെ കൊല്ലണമെന്ന് അത്രക്ക് ദേഷ്യമുണ്ടെനിക്ക്.
ആത്മഹത്യയാണെന്ന് കാക്കിയും, മോർച്ചറിടേബിളും തീർച്ച പെടുത്തിയപ്പോഴും, ചുണ്ടുകൾ ചെവികളോട് അടക്കം പറയുന്നുണ്ടായിരുന്നു, അതൊരു കൊലപാതകമാണെന്ന്.
ഇനിയിപ്പോ അന്വേഷണം വരുമോ? ചുട്ടെരിച്ച ശരീരത്തിലെന്ത് തെളിയിക്കാൻ. ഇനി എന്ത് അന്വേഷണം, ഞാന്‍ സമാധാനിച്ചു.

അതൊരു കൊലപാതകമാണെന്ന് ഒരാൾക്ക് മാത്രം അറിയാം.
പാതിരാ കോഴി കൂകിയുറങ്ങിയിട്ടേറെ നേരം കഴിയും മുന്നേ, പുലർക്കാല നടത്തിനവൻ ഇറങ്ങി നടന്നപ്പോൾ ഉറങ്ങാതെ കാത്തിരുന്ന ഞാനവനെ ആരോരുമറിയാതെ പിന്തുടർന്നു. പാടവരമ്പുകൾ ആരഭിക്കുന്നിടത്തുള്ള വലീയ കുളത്തിലെ ശ്വാസകുമിളയാകാൻ അവനൊരു കൈസഹായം, അപ്രതീക്ഷതമായൊരു തള്ളലിൽ കുളത്തിലേക്കു കൂപ്പുകുത്തുമ്പോൾ ചെറിയൊരു നിലവിളി അവൻറെ തൊണ്ടയിൽ കുരുങ്ങി. എന്റെ മനസാക്ഷി പോലും കളളസാക്ഷി പറയും അതൊരു ആത്മഹത്യയാണെന്ന്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം.

മിഴികൾ ചേര്‍ത്തടക്കാതെ ഉറക്കത്തെ മുത്തമിടാതെ ഒരു രാത്രി കൂടി എൻറെ ജിവതത്തിൽ നിന്നും ഇറങ്ങി പോയി. ഓരോ ഉദയവും പുതിയ തുടക്കമാണ്. ചുവന്നു തുടുത്ത് പുഞ്ചിരിച്ച് പുതിയ പുലരി കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയർന്നു.

By ivayana