Naren Pulappatta

അകം പൊള്ളിച്ചുപോവുന്ന
ഓര്‍മ്മകളെ വേറെന്തു പേരിട്ടുവിളിക്കും…
കനത്ത് കൈച്ച് ചങ്കിലോളം എത്തി
കണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്ന
കണ്ണീരിനും ഒരു പേര് കണ്ടെത്തണം…
ഊതിയുരുക്കി വച്ച ഒരിക്കലും
നടക്കാന്‍ വഴിയില്ലന്ന് അറിഞ്ഞിട്ടും
ഓമനിച്ചുകൊണ്ടിരിക്കുന്ന
സ്വപ്നങ്ങളെ വിളിക്കാന്‍ പേരെന്തുണ്ട്….
കരളില്‍ കാച്ചിക്കുറുക്കി കടുപ്പത്തിലാറ്റിയെടുത്ത
കവിതയെ എന്താണ് വിളിക്കെണ്ടത്…..
ദുരിതം പേറി നൊണ്ടിയും കിതച്ചും
വിയര്‍ത്തും വിറച്ചും തീര്‍ക്കുന്ന
ജീവിതത്തിന് മറ്റെന്തുപേരുണ്ട്…..
ഒന്നേ അറിയൂ
നിലക്കാത്ത അടിയൊഴുക്കില്‍ പെട്ട്
കൈകാലിട്ടടിച്ച് തളരുമ്പോഴും
മറുകരയെന്ന യാഥാര്‍ത്യത്തിലേക്ക്
ഒരു കച്ചിതുരുമ്പെങ്കിലും
വീണുകിട്ടുമെന്ന്
നിനച്ച് മുങ്ങി ചാവാതെ
നീന്തുമ്പോള്‍
ആരുടെയൊക്കയോ നിലവിളികള്‍
കൊതിപ്പിക്കുന്നുണ്ട്
സാന്ത്വനത്തിന്‍റെ ഒരു വിരല്‍ സ്പര്‍ശമായി മാറുവാന്‍…….
പേരുകളും പൊരുളുകളും തേടി
പൊരുതുവാന്‍ പിന്നെയും
പടയൊരുക്കുമ്പോള്‍
ഉറപ്പിക്കുന്നതൊന്ന്
നഷ്ടപ്പെടാനൊന്നുമില്ലാത്തവന്
മരണം ഒരു പേടിസ്വപ്നമേ അല്ലന്ന്……
കാത്തിരിക്കുന്നവരെ
കരയിക്കാന്‍ മാത്രം വയ്യാ….
അതുകൊണ്ട്..അതുകൊണ്ട് മാത്രം
തുടരുന്നൂ…
ഇനിയും പേരിട്ടിട്ടില്ലാത്ത ജീവിതമെന്ന
നീണ്ട കവിത…

By ivayana