എൻ.കെ അജിത്ത് ആനാരി

 

നിങ്ങളിലാരെങ്കിലും സാധനം വാങ്ങാൻ കടയിൽ നെല്ലോ തേങ്ങയോ പകരമായി കൊണ്ടുപോയിട്ടുണ്ടോ ? എന്റെ ചെറുപ്പത്തിൽ ഞങ്ങൾ കൊയ്ത്തുകഴിഞ്ഞാൽ പിന്നെ കുറേക്കാലം ഈ നെല്ലുകൊടുത്താണ് സാധനങ്ങൾ വാങ്ങിയിരുന്നത്.

നെല്ലുമായി കടയിൽ ചെല്ലുന്നതു വളരെ ജാള്യതയോടെയായിരുന്നു. അവിടെ എത്തുന്നതിനുമുന്നേ ഏതെങ്കിലും പൊന്തക്കാട്ടിൽ നെല്ലും സഞ്ചിയും ഒളിപ്പിച്ചുവെച്ചിട്ട് നമ്മുടെ പ്രായത്തിലുള്ള ഏതെങ്കിലും പെൺപിള്ളേർ അവിടെങ്ങുമില്ല എന്നുറപ്പുവരുത്തിയിട്ടാണ് നെല്ലുമായി പീടികയിൽ എത്തുക. പെൺകുട്ടികൾ നമ്മൾ നെല്ലുവിറ്റു സാധനങ്ങൾ വാങ്ങുന്നത് കാണുന്നത് വളരെ കുറച്ചിലായി ഞാൻ കരുതിയിരുന്നു. അതിനാൽ എനിക്ക് നെല്ലുമായി കടയിൽ പോകുമ്പോൾ ധാരാളം സമയനഷ്ടം ഉണ്ടായിട്ടുണ്ട്. ആദ്യം ചെക്കിങ് , പിന്നെ എൻട്രി…നെല്ലുമായി

കടയിലെത്തുമ്പോൾ ആദ്യം പീടികക്കാരൻ അതിൽ ഒരുപിടി വാരിയൊന്ന് ഞെരടി നോക്കും. നെല്ലിൽ ജ്യോതി വേറെ, ജയാ വേറെ , ആശ വേറെ അങ്ങനെ നെല്ലിന്റെ ഇനം തിരിച്ചാണ് അയാൾ അളെന്നെടുക്കുക. വീട്ടിൽനിന്നും അഞ്ചുലിറ്റർ അളന്ന് തന്നുവിട്ടാൽ ഇയാളുടെ പാറ്റും കൊഴിക്കലും കഴിയുമ്പോൾ അത് നാല് ലിറ്റർ ആകും. ഇങ്ങനെ പലവട്ടം അയാൾ കൊഴിച്ചുമാറ്റി നമ്മളെ വെട്ടിക്കുന്നതു തുടരുന്നത് കണ്ട ഞാനൊരിക്കൽ പറഞ്ഞു , ചേട്ടാ ആ പാറ്റികൊഴിച്ച മങ്കും , അരത്തടിയും ഈ സഞ്ചിയിലോട്ട് ഇട്ടേക്ക് , ഞങ്ങടെ കോഴി തിന്നോളും എന്ന്. അപ്പോൾ അയാൾ പറഞ്ഞു ഇനി മേലിൽ നീ ഇവിടെ നെല്ലുമായി വന്നേക്കരുതെന്ന്.

ഞാൻ അതുപോലെ ചെന്ന് വീട്ടിൽ പറഞ്ഞു. ഞങ്ങടെ വല്യമ്മച്ചി പിന്നെയൊരു വരവായിരുന്നു. കൊടുങ്ങല്ലൂർ ലെവലിൽ ഒരു പൂരപ്പാട്ട് ; അതിൽപ്പിന്നെ എന്റെ നെല്ല് അളവ് കുറച്ചിട്ടുമില്ല , പാറ്റാറുമില്ല …ഹഹഹാഹപറ , ലിറ്റർ , ചങ്ങഴി , നാഴി , ഇരുനാഴി , മൂഴക്കു അങ്ങനെ അളവുകൾ പലതായിരുന്നു. അളന്നു കണക്കുകൂട്ടിക്കഴിഞ്ഞാണ് അതിനനുസരിച്ചു തന്നിരിക്കുന്ന ലിസ്റ്റിൽ നോക്കി സാധനം വാങ്ങുക. നമ്മൾ നെല്ലുമായി ചെന്നാൽ പൈസയുമായി വന്നവരുടെയെല്ലാം സമ്മാനം എടുത്തു കണക്കു കൂട്ടിക്കഴിഞ്ഞേ നമ്മുടെ നെല്ലളന്ന് സാധനം കിട്ടുമായിരുന്നുള്ളൂ. അതുവരെ നമ്മൾ മാവിലായിക്കാരനാണ് എന്നമട്ടിൽ പീടികത്തിണ്ണയിലെ ബഞ്ചിൽ പത്രം വായിച്ചിരിക്കും. നെല്ലുമായിപ്പോകുന്ന ദിവസം ഒരു ബണ്ണും രണ്ടു പഴവും ഞാൻ കൂലിയായി വാങ്ങിച്ചടിക്കും. അതുകഴിഞ്ഞേ ബാക്കി സാധനം വാങ്ങുകയുള്ളൂ.

ഒരിക്കൽ നെല്ലുമായി പോകുമ്പോൾ വഴിയിലുള്ള വീട്ടിലെ പട്ടികുരച്ചു ചാടി. എന്റെ കയ്യിലിരുന്ന നെല്ലും സഞ്ചി തട്ടിത്തൂവിത്തെറിച്ചു പോയി. ഞാൻ പേടിച്ചു തോട്ടിൽചാടി. അന്നും വല്യമ്മച്ചി വിശ്വരൂപം പ്രകടിപ്പിച്ചൊരു വരവ് വന്നു. ഗൗരിയമ്മ ഇറങ്ങിയാൽ വിയറ്റ്നാം കോളനി സിനിമയിലെ റാവുത്തർ വന്നപോലാണ്. ഒറ്റയൊരെണ്ണം പിന്നെ വെളിയിലിറങ്ങില്ല. വല്യമ്മച്ചിക്കു കൊതിതീരുംവരെ പൂരപ്പാട്ട് പേടിയെ തിരിച്ചുപോകൂ… അതിനാൽ തന്നെ ഗൗരിയുടെ കൊച്ചുമോനെയും ആരും കേറി പെട്ടന്ന് ചൊറിയില്ലായിരുന്നു. ബാർട്ടർ സിസ്റ്റത്തിൽ ജീവിച്ചിരുന്നവരിലെ ഇങ്ങേയറ്റത്തെ തലമുറയാണ് ഞാനൊക്കെ.

നെല്ലും തേങ്ങയുമൊക്കെ കൊണ്ടുക്കൊടുത്തു കച്ചോടം കൊണ്ടിരുന്ന ആ പഴയകാലം ഇന്നോർമ്മയായി. മൊബൈലിൽ കുത്തി വേണ്ടത് ഓർഡർ ചെയ്‌താൽ വീട്ടിലെത്തിക്കുന്ന ജിയോ മാർട്ടും , ഡീ -മാർട്ടും , ആമസോണുമൊക്കെ സാധനവുമായി വീട്ടിൽ എത്തുമ്പോൾ അന്ന് നല്ലളന്നു കിട്ടാൻ പത്രം വായിച്ചു സമയം കളഞ്ഞ എനിക്ക് ചിലപ്പോഴൊക്കെ കണ്ണ് നിറയാറുണ്ട്. മറ്റുചിലപ്പോൾ അഭിമാനബോധവും. സ്വയം അധ്വാനിച്ചു മാന്യമായി ജീവിക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ , മാളുകളിൽ പോയി അനാവശ്യ സാധനങ്ങൾ എന്റെ ഭാര്യയും മകളും പൊക്കി തള്ളുവണ്ടിയിലിടുമ്പോൾ ഞാനവ തിരികെ എടുത്ത റാക്കിൽവയ്ക്കും.

അപ്പോൾ എന്റെ മകൾ പറയും മാളിലെങ്ങും ഈ പപ്പയെയും കൊണ്ടുപോകാൻ പറ്റില്ല. അറും പിശുക്കനാണ് പാപ്പായെന്ന് . അവൾക്കറിയില്ലല്ലോ ഞാൻ നെല്ലുചുമ്മി സാധനം വാങ്ങിയ ആ പഴയകാലം. സാധനങ്ങൾ ആവശ്യത്തിന് മാത്രം വാങ്ങുക. തീരാൻപോകുമ്പോൾ മാത്രം വാങ്ങുക. ജീവിതം ഏതു നിമിഷവും മാറിമറിയും. ഇന്നിപ്പോൾ കൊടുക്കാൻ തേങ്ങയോ നെല്ലോ ഇല്ലല്ലോ ?

By ivayana