ഇസബെൽ ഫ്ലോറ*
അരങ്ങൊഴിയാന്‍ ആരുടെയോ
അനുവാദവും കാത്തു നില്‍ക്കുമ്പോള്‍
രംഗപടം മങ്ങിത്തുടങ്ങുന്നു ….
മുഖചായം പൊളിഞ്ഞടരുന്നു,,!!!
അണിയറയില്‍ വേഷങ്ങള്‍ ബാക്കിയില്ല
രംഗങ്ങളും അവശേഷിക്കുന്നില്ല
ഏകാംഗനാടകവും മൂകാഭിനയവും …
വേഷം വല്ലാതെ മുഷിഞ്ഞു പോയിരിക്കുന്നു !!!
ആസ്വാദകരുടെ മുഖമെനിക്കു
കാണാനാവാത്ത അകലം സൂക്ഷിക്കുന്നു …
അഭിനയിച്ചേ മതിയാവൂ
വെളിച്ചമെന്നിലേക്ക് മാത്രമാണല്ലോ …
ഒരിടവേളയില്‍ ,
ഏതോ നദീതീരത്തെ
ചെടികള്‍ക്കിടയില്‍
പതുങ്ങുന്ന കടുവയുടെ കണ്ണുകളാണ് ഞാന്‍
അടുത്ത ദൃശ്യത്തില്‍ ,
മാന്‍ വേഗമേറിയ കാലുകളും ….
എപ്പോഴാണ് തിരശ്ശീല വീഴുക ?
എന്നിലെക്കൊന്നു മടങ്ങാനാവുക ?
ശുഭമെന്നെഴുതിയൊരു
നിശ്ചല പേടകത്തില്‍
മനോഹരമായോന്നു മയങ്ങാനാവുക ??