ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വൈഗ ക്രിസ്റ്റി

സാറാമ്മോ…
മാതാവേ …
എന്നതാ കൊച്ചേ നെനക്കിത്ര മാത്രം ദെണ്ണം
ഇങ്ങനെ ചത്തേക്കാന്നു തീരുമാനിക്കാൻ മാത്രം ?
അതിപ്പോ എൻ്റെ മാതാവേ …
ദേ … അതിയാൻ കുടിയനാ
എന്നെ എടുത്തിട്ടിടിക്കും
ഇങ്ങനൊള്ള ഊളപ്പരാതി പറയരുത് പ്ലീസ്
മാതാവ് ഉണ്ണീശോയെ താഴെയിറക്കി വിട്ടു
ഇവിടെ വരുന്ന ,
തൊണ്ണൂറ് ശതമാനം പെണ്ണുങ്ങളും
ഇങ്ങനെ പറഞ്ഞ് കരയാറൊണ്ട്
എണീറ്റു പോകുമ്പം
അതിയാനൊന്നും വരുത്തരുതേ
മാതാവേന്ന്
നൊലോളിക്കുകേം ചെയ്യും
എവളുമാരുടെ വിചാരമെന്നാ
ഞാൻ ക്വട്ടേഷൻ ഗുണ്ടയാണെന്നാ?
മാതാവിൽ ,
പ്രതിഷേധം ഇരമ്പിക്കയറി
പള്ളിയ്ക്കകത്ത് ,
ഓടിക്കളിച്ചുകൊണ്ടിരുന്ന
ഉണ്ണീശോ
സാറാമ്മേടെ സാരിയിൽ പിടിച്ചു വലിച്ചു
വിട്ടേച്ചുപോയി കളിക്ക് മോനേന്ന്
മാതാവ് അവനെ
പറഞ്ഞു വിട്ടു
പിന്നെ ! പറഞ്ഞേൻ്റെ ബാക്കി പറ
നീയെന്തിനാ ഇപ്പം
ആത്മഹത്യ ചെയ്യാമ്പോണെ ?
അതിയാനങ്ങനെ കുടിയൊന്നുമില്ലാരുന്നു
വല്ലപ്പോഴും
കൂട്ടുകാര് കൂടി ഒരൽപ്പം …
എന്നോടും മക്കളോടും
മുടിഞ്ഞ സ്നേഹമായിരുന്നു താനും
പിന്നെന്നതാന്നേ കാരണം ?
മാതാവിന് ഈർഷ്യയായി
ഒരു കാരണവുമില്ല …
സാറാമ്മ മാതാവിനോടു പറഞ്ഞു
ദേ … എന്നെ കലിക്കേറ്റരുത്
ഒരു കാരണവുമില്ലാതെ
ആരെങ്കിലും ചാകുവാൻ തീരുമാനിക്കുവോ ?
ഒരു കാരണവുമില്ലാതെയല്ലേ
ഞാനിത്ര നാളും ജീവിച്ചത് ?
ഞാനൊരു പരാതിയും
പറഞ്ഞില്ലല്ലോ
അതു പിന്നെ…!
അതു തന്നെയാ പറഞ്ഞത്
ഒരു കാരണവുമില്ലാതെ
ഞാൻ ചാകാൻ തീരുമാനിച്ചെന്ന്
പോകുന്ന വഴി ചുമ്മായൊന്ന്
കേറീന്നേയൊള്ളു…
കൊച്ചേ …നെൻ്റെ മക്കൾ
കെട്ട്യോൻ … അവർക്ക് പിന്നാരാ ?
ചുമ്മാ ഡയലോഗടിക്കാതെ
മക്കളെ രണ്ടിനേം കെട്ടിച്ചയച്ചു …
അതിയാൻ കഴിഞ്ഞാഴ്ച
കെടക്കപ്പായയിൽ
ഒരു കാരണവുമില്ലാതെ
മരിച്ചു കിടന്നു …
അതുകൊണ്ടതു കള …
സാറാമ്മ മാതാവുമായുള്ള
അഭിമുഖത്തിൽ നിന്നെറങ്ങി
ഒറ്റ നടത്തം വച്ചു കൊടുത്തു
തൻ്റെ കാലിൽ പിടിച്ചു നിന്ന
ഉണ്ണീശോയെ ,
മാതാവ് എളിയിലേക്കെടുത്തു കുത്തി.
പതിവുപോലെ ,
പതിവു പ്രാർത്ഥനകൾ
കണ്ണു തുറന്നിട്ടും കാണാതെ ,
ചെവി തുറന്നിട്ടും കേൾക്കാതെ ,
മാതാവ്
മാതാവിൻ്റെ പ്രതിമയായി മാറി

By ivayana