ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അനിൽ ശിവശക്തി*


ഉടയാടകൾ സഭാനാഭിയിൽവച്ച് വലിച്ചഴിച്ചതല്ല ! വിശപ്പിന്റെ വേലിയേറ്റത്തിൽ വിവസ്ത്രയായതുമല്ല. അഗ്നിചൊറിച്ചിൽ അസഹനീയമായപ്പോൾ ഊരു സംഗമദേശം അന്യ ദേഹത്തെ ആകർഷിച്ചതുമല്ല. കാമം പൂത്ത തീക്കണ്ണൻമാർ കാട്ടിയ പച്ചനോട്ട് അഭിഷേകം ചെയ്തപ്പോൾ തുടകളകന്നു പോയതാണ്. അരണ്ട വെളിച്ചത്തിൽ ഇരുളകറ്റി ഇതളകറ്റി അശ്വമേധംനടത്തുവാൻ വഷളൻമാർ എന്നും മിടുക്കരാണ്.ആവശ്യം എന്റേതുമാത്രം.
സുഭദ്ര തറവാടിത്തമുള്ള ലക്ഷണമൊത്ത പേര്. മഹാലക്ഷ്മി പടിയിറങ്ങിയ മേളൂർ തറവാട്ടിലെ അവസാനപിടി മണ്ണും വിറ്റ് വാറ്റടിച്ച അച്ഛന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ പുത്രി..

സുഭദ്രയുടെ വിവാഹം കഴിഞ്ഞതോടെ പാപ്പരായി സ്വയം പഴിച്ചുകൊണ്ട് പാച്ചൻപിള്ള വനവാസംതേടി പുറപ്പെട്ടു. സ്ത്രീധനം എന്ന മഹാവിപത്ത് പ്രളയം ജനിപ്പിച്ചു അതിന്റെ കുത്തൊഴുക്കിൽ തറവാടിന്റ അവസാന കഴുക്കോൽവരെ ജലമെടുത്തു.
കാര്യസ്ഥനും പുറംപണിക്കാരും ഊറ്റുപണ്ടത്തിൽ കീശ വീർപ്പിച്ചപ്പോൾ സംഭവ്യമായ വസ്തുതകൾ പിതാവ് സ്വചുമലേറ്റി വീടുവിട്ട് ഇറങ്ങിയപ്പോൾ സുഭദ്ര ഏകാന്തതയിൽ തേങ്ങിത്തളർന്നു.
കിട്ടാക്കടമായ സ്ത്രീധനബാക്കി ആരോട് ചോദിക്കും എന്ന വേദനയിൽ കെട്ടിയോൻ സുഭദ്രയെനോക്കി വിറളിപൂണ്ടു.

“എടീ മൂതേവി നിന്നെ കെട്ടിയതിന് ശേഷമാണ് എന്റെ ജീവിതം നാശമായത്. വെറുതേ മോഹിച്ചു. നിന്റെ ഓഞ്ഞ ഒരു തറവാട്”.അയാൾ മുറ്റത്തേക്ക് നീട്ടിത്തുപ്പി.
“ഇത്രയും കാലം നിങ്ങൾ എന്റെ ചതയൂറ്റി നാശമാക്കി അതിനു ഞാൻ ആരോട് പരാതി പറയും “.അവൾ കരഞ്ഞു തളർന്നു. നിങ്ങൾ എന്റെ അടിവയറ്റിൽ തൊഴിച്ചത് ഞാൻ ആരോട് പറയും
നീ ആരോടെങ്കിലും പറഞ്ഞാൽ നിന്നെ ഞാൻ കെട്ടിത്തൂക്കും അയാൾ അലറി.
കുടുംബകലഹാനന്തര പ്രഹരം സ്വയം ഏറ്റുവാങ്ങി അവൾ കരഞ്ഞുതളർന്നു.
“കെട്ടുകഴിഞ്ഞു രണ്ടു കുട്ടികളെ പോറ്റാനുംകിട്ടി.

കെട്ടിയോന്റെ തെഴിയേറ്റു മടുത്തു. ഒരു തണുത്ത രാത്രിയിൽ സർവതും വെടിഞ്ഞ
സുഭദ്ര ഓടിത്തീർത്ത ദൂരത്തിന് ഒരു ഗ്രാമത്തിൽ ആരംഭിച്ചു നഗരത്തിൽ അവസാനിക്കുന്ന വിഭിന്നതയുണ്ടായിരുന്നു.
പറക്കമുറ്റാത്ത മക്കളുടെ കരഞ്ഞുകലങ്ങിയ മുഖം അവളുടെ മനസിനെ മുറിവേൽപ്പിച്ചു..
ഉറങ്ങാൻമറന്ന രാവുകൾ നിഴൽ നാടകമാടുകയാണ്. പുരുഷവർഗത്തോടുള്ള വെറുപ്പ് വളർന്ന്‌ ഒരു മഹാ വ്യാധിയായി അവളുടെ ഹൃദയതാളം വർധിപ്പിച്ചു.

നഗരത്തിലെത്താൻ ഇടംതന്ന പാണ്ടിലോറിതേരാളിയുടെ മുന്നിൽ ആദ്യമായി ഉടുതുണി ഉയർത്തികൊടുത്തപ്പോൾ കണക്കുപറഞ്ഞ് ജോലിക്കൂലി വാങ്ങാൻ മറന്നില്ല.
“ഒരു പണപ്പെട്ടിവേണം “
കടനടത്തിപ്പുകാരൻ വിവിധതരംപെട്ടികൾ നിരത്തിവച്ചു.
ഇതെല്ലാം ആഭരണ പെട്ടികളല്ലേ?
“എനിക്കാവശ്യം പണപ്പെട്ടിയാണ്”.
“എന്താ ആഭരണപ്പെട്ടിയിൽ പണമിട്ടാൽ ശരിയാവില്ലേ”?
ഒരു വിളറിയ ചിരി മുഖത്ത് വരുത്തി.
ഇതിന്റെ വിലയെത്ര?
“ഇരുനൂറ്റന്പത് ഉറുപ്പിക “.

ഹൊ ! അതിത്തിരി കൂടുതലാ. നൂറ്റമ്പത് തരാട്ടോ?
“എങ്കി പിന്നെ പിന്നാംപുറത്തിത്തിരി ജോലിയുണ്ട് “കട നടത്തിപ്പുകാരൻ പറഞ്ഞു.
“വരാം കൂലി ഇത്തിരി കൂടുതലാ ” സുഭദ്ര പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“അത് സാരമില്ല “
സുഭദ്ര കടയുടെ പിന്നാമ്പുറത്ത് ലയിച്ചറിഞ്ഞു.

ഉടഞ്ഞ സാരി നേരെയാക്കികൊണ്ട് അവൾ കടയുടെ പുറത്തിറങ്ങി.പണപ്പെട്ടി എടുത്തുകൊണ്ട് സുഭദ്ര പറഞ്ഞു “ബാക്കി എണ്ണൂറ് രൂപ താ “.
“ഹൊ അതിത്തിരി കൂടുതലാ”
“പന്നത്തരം പറയാതെ ഈ പെട്ടിയിൽ പണമിട്ടേ “.
ആഭരണപ്പെട്ടി അവൾ തുറന്നടച്ചു.
“ഹൊ വന്ന വെള്ളം നിന്ന വെള്ളത്തെകൂടി കൊണ്ടുപോയി “.
സുഭദ്രയുടെ പണപ്പെട്ടി നിറഞ്ഞുകൊണ്ടിരുന്നു.
“ചേച്ചി എന്റെ മക്കളെ കാണാൻ കൊതിയാവുന്നു “
ഭവാനിയെ കെട്ടിപിടിച്ചവൾ പൊട്ടിക്കരഞ്ഞു.

ഭവാനി നഗരത്തിലെ അറിയപ്പെടുന്ന കൂട്ടിക്കൊടുപ്പുകാരി. സുഭദ്രയുടെ എല്ലാമാണ് ഭവാനി.
“ഈ രാത്രികൂടി കഴിഞ്ഞാൽ നിന്റെ മക്കളെ കാണാൻ നിനക്ക് പോകാം “
“പക്ഷേ… ചേച്ചി ഞാൻ നശിച്ചവളല്ലേ?
നീ തെറ്റുകാരിയോ?
“സാഹചര്യം നിന്നെ തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചു, അതല്ലേ സത്യം “
തെറ്റുകളുടെ ലോകത്തെ തന്റെ അവസാന ഇരയെത്തേടി നിയോൺ വെളിച്ചത്തിൽ കണ്ണുംനട്ടിരുന്നു.
“സുഭദ്രേ ഇതാ മൂത്തോനാശാൻ നീ പൊയ്ക്കോ “.
ഭവാനി പറഞ്ഞു.

“സുഭദ്ര വേണ്ട ഭവാനീ എന്റെ കൈയിൽ അഞ്ഞൂറേയുള്ളു “മൂത്തോനാശാൻ പറഞ്ഞു.
“ആശാനേ ഇന്ന് എനിക്ക് അഞ്ഞൂറേയുള്ളു വാ പോവാം “.
എന്താടി നിന്റെ റേറ്റ് കുറഞ്ഞത് കോവിടാണോ? ചതിക്കല്ലേ !
“അതൊന്നുമല്ല “സുഭദ്രയുടെ സ്വരം കടുത്തു.
ഉണർന്ന പ്രഭാതത്തിന് സന്ധ്യയെക്കാൾ ഭംഗിയുണ്ടായിരുന്നു.

മുടിയിൽ തുളസിക്കതിർ തിരുകി, ചന്ദനം നെറുകയിൽ ചാർത്തി, കസവുസാരി ചുറ്റി
തെരുവിന്റെ പടിയിറങ്ങുമ്പോൾ ചേർത്തുപിടിച്ച പണപ്പെട്ടിയുടെ ഭാരം അസഹനീയമായി തോന്നി.
സ്ത്രീ ധനമായ് അവൻ ആവശ്യപ്പെട്ട അഞ്ചുലക്ഷം.
“ഓരോ നോട്ടിലും രേതസ്സിന്റെയും വിയർപ്പിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം “
സുഭദ്ര നീട്ടിതുപ്പി.

“ഈ നോട്ടുകൾ അവന്റെ മുഖത്ത് വലിചെറിയണം”
“ഇത്രയും നാൾ ചാവാലികൾ കടിച്ചുപറിച്ച,ശിഷ്ട മാംസം നുണയാൻ വിധിക്കപ്പെട്ട നിനക്ക് ഇതിൽ കൂടുതൽ എന്താണ് ഞാൻ തരേണ്ടത്
കിതച്ചുകൊണ്ട് വയൽ വരമ്പുതാണ്ടി അവൾ നടന്നുകൊണ്ടേയിരുന്നു

By ivayana