സുദേവ്.ബി

മഞ്ഞു പെയ്തു മരവിച്ച വീടുത-
ന്നുള്ളിലായി വരളുന്ന വെട്ടമാ
ണുമ്മയേ പരിചരിച്ചിടുന്നവൻ
ഓതിടുന്നു ഖുറുആനിടർച്ചയിൽ
ദീപനാള,മണയാതിരിക്കുവാ-
നെത്രയേറെ വലയുന്നു വാലദും *
നേർത്ത ശ്വാസഗതി തീർന്നതില്ലതാ
യാളിടുന്നതണയാൻ തുടങ്ങവേ
ദൈവമേ ഇരുവരൊത്തു ജീവനേ
കാത്തിടുന്നിവിടെ നിസ്സഹായത
*ഖാത്തമോ മിഴിയടച്ചു ബാൾക്കിലേ
ക്കെത്തിടുന്നുടലുവിട്ട മാത്രയിൽ
മാതൃഭൂവിലൊരു,കുഞ്ഞു പൈതലാ-
യുപ്പതൻ വിരലിലാടിയമ്മയേ-
കണ്ടപാടെ,മടിയേറി ശാന്തിതൻ
ദുഗ്ദ്ധമാറു,മുകരുന്ന കുഞ്ഞവൾ
മഞ്ഞു വീണു ഖബറാകെ മൂടവേ
വീട്ടിലേക്കവനണഞ്ഞതില്ലതാ
നിൽപ്പവന്നിലകളറ്റശാഖി പോൽ
സ്തബ്ദ്ധമായ മരവിച്ച ശൂന്യത
മഞ്ഞു കൊണ്ടു,കഫനിട്ട ശൈത്യമാ
ണന്തരീക്ഷനര,കോടമൂടവേ
കണ്മതില്ല ! പരലോക വെണ്മയോ!
പൂവിനാൽ ഖബറുമൂടിടട്ടെ ഞാൻ
പോവതില്ലമരണം വരിക്കിലും
ഉമ്മയാണിവിടെയെങ്ങു നോക്കിലും
ജോലിതീർന്ന,യിടവേള കിട്ടുകിൽ
പ്രാർത്ഥനാനിരതമായിരുന്നവൾ
താളിലായെഴുതിടുന്നതൊക്കയും
നോക്കി,പുസ്തകമടുക്കി വെച്ചവർ
കൂജയിൽ നിറയെ ചൂടുചായയും
നെറ്റിയിൽ നെറുകിലുമ്മ നൽകിടും
തിന്മയേ വഴിതിരിച്ചു,നന്മതൻ
പാടമാകെ വിളയിച്ചു കൊയ്തതോ
നൂറുമേനി ! ഗുരുശിഷ്യരൊക്കയും
വന്നിടുന്നു ജനനീ! സ്മരിക്കുവാൻ
അമ്മതന്നഭയഗന്ധമേൽക്കുവാൻ
കമ്പിളിപ്പുതയിലായിരിപ്പവൻ
കുമ്പയിൽ മിഴിയടച്ചു,ചിന്മയം
അൻപിനേ,യനുഭവിച്ച മാതിരി !

By ivayana