രചന : ശ്രീകുമാർ എം പി*

എന്തെന്തെല്ലാം വിശേഷങ്ങൾ
ഇക്കാലത്തെന്നുടെ നാട്ടിൽ !
കുറെയോണം വന്നെന്നാലും
‘കൊറോണ’യോളമെത്തില്ല !
കുറെയാളു കൂടുമപ്പോൾ
‘കൊറോണ’ വരും പൊല്ലാപ്പായ്
കുറെനാളു കഴിഞ്ഞിട്ടും
കൊറോണ വിട്ടുപോണില്ല
കൈയ്യിൽ കരുതലില്ലെന്നും
കരുതലൊക്കെ പോയെന്നും
കൈകഴുകിയിരിയ്ക്കണേൽ
കൈമണി വേറെ വേണോന്നും
കാര്യം കളിയല്ലെന്നാലും
കരുതലിത്രേം പോരെന്നും
ഇങ്ങനെ ചൊല്ലിയോരോന്നു
നേരം കളയും നേരത്ത്
അടുത്തു ചെല്ലാൻ പറ്റാതെ
ആഹ്ലാദിയ്ക്കാൻ പറ്റാതെ
പുഞ്ചിരി കാണാൻ പറ്റാതെ
പാതിമുഖവും കാണാതെ
ഭാവമെന്തെന്നറിയാതെ
പാവം ജീവിതമിങ്ങനെ !
എന്തെന്തെല്ലാം വിശേഷങ്ങൾ
ഇക്കാലത്തെന്നുടെ നാട്ടിൽ !
കുറെയോണം വന്നെന്നാലും
‘കൊറോണ’യോളമെത്തില്ല !

By ivayana