ഉഷാ റോയ് 🔸
സൈഡ് സീറ്റിനായി അടിപിടി കൂടാൻ നിൽക്കാതെ, ജസീന്തക്കായി അത് ഒഴിച്ചിട്ട്, അനുജത്തി നടുവിലെ സീറ്റിലേക്ക് ഇരുന്നു. അപ്പുറത്തെ വശത്ത് അമ്മയും. വേഗത്തിൽ ഓടുന്ന വാഹനത്തിന്റെ വിൻഡോ സീറ്റിൽ ഇരുന്ന് പുറത്തെ കാഴ്ച്ചകൾ കാണാൻ ജസീന്തക്ക് വലിയ ഇഷ്ടമാണ്. മരങ്ങളും മനുഷ്യരുമെല്ലാം പിന്നിലേക്ക് ഓടിപ്പോവുകയാണ് എന്നാണ് ചെറുപ്പത്തിൽ അവൾ വിചാരിച്ചിരുന്നത്…
കഴിഞ്ഞ ആഴ്ചയായിരുന്നു ജസീന്തയുടെ മനഃസ്സമ്മതം ,വീടിനടുത്തുള്ള പള്ളിയിൽ വച്ച് ആഘോഷമായി നടന്നത്. ഒരു മാസത്തെ അവധിയേ ഉള്ളു. വന്നു കഴിഞ്ഞാണ്
തിരക്കിട്ട് ഷോപ്പിങ്ങും മറ്റ് ഒരുക്കങ്ങളും നടത്തിയത്. എല്ലാ കാര്യങ്ങൾക്കും അനുജത്തി
ജോസ്മി ഒപ്പം നിന്നു. അടുത്തുള്ള ചില കൂട്ടുകാരികളെ ക്ഷണിക്കാൻ ജസീന്തയും ജോസ്മിയും കൂടി ഒരു ദിവസം പോയി.
വരന്റെ പള്ളിയിൽ വച്ചാണ് വിവാഹം. ദൂരെ ആയതിനാൽ തലേന്ന് ഉച്ചക്ക് ശേഷം കുറച്ചു പേരായി പുറപ്പെട്ട് ടൗണിൽ താമസിച്ച് വിശ്രമിക്കാനും ഒരുങ്ങാനുമുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുക്കേണ്ടുന്നബന്ധുജനങ്ങളും നാട്ടുകാരും അതിരാവിലെ പുറപ്പെട്ടാൽ മതിയല്ലോ. വീട് മുഴുവൻ ഉത്സാഹത്തിലാണ്. ചാച്ചനും അമ്മയുമൊക്കെ ഓരോ തിരക്കുകളിൽ. ചേച്ചിയും ഭർത്താവും രണ്ടുദിവസം മുൻപേ എത്തി. ജോസ്മി ഓരോ തമാശകൾ പറഞ്ഞ് , ജസീന്തയെ ചുറ്റിപ്പറ്റി നടന്നു. ജസീന്തയുടെ മനസ്സും ഒരു പൂത്തുമ്പിയെപ്പോലെ പാറിക്കളിച്ചു. നിറപ്പകിട്ടാർന്ന പ്രതീക്ഷകൾ അവളെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. വിവാഹത്തലേന്ന്
മാമന്മാരും അമ്മായിമാരും അടുത്തുള്ള മറ്റ് ബന്ധുക്കളും അവളെ യാത്രയാക്കാനായി വന്നെത്തി. ‘ നാളെ ഒരുക്കത്തിനുള്ളത് ഒന്നും വിട്ടുപോകരുത്… എല്ലാം മറക്കാതെ എടുത്തു വയ്ക്കണേ….’ കുഞ്ഞമ്മാമൻ പലവട്ടം ഓർമ്മിപ്പിച്ചു.
ജസീന്ത പത്താം ക്ലാസ്സിനു ശേഷം
വീട്ടിൽ അധികമൊന്നും നിന്നിട്ടില്ല. കോളേജ് പഠനത്തിന് ശേഷം ജോലിക്കായും ഹോസ്റ്റലിൽ തന്നെ ആയിരുന്നു. അതുകൊണ്ട് വീട് വിട്ടു നിൽക്കുന്നതിൽ ബുദ്ധിമുട്ടൊന്നും ഉണ്ടാകേണ്ടതില്ല. ഊണ് കഴിഞ്ഞ് പുറപ്പെടാൻ തയ്യാറായി. ” മോള് പോവ്വാ… ല്ലേ… ” വർഷങ്ങളായി വീട്ടിൽ ഉള്ള സഹായി തങ്കേച്ചികണ്ണുകൾ നിറച്ചുകൊണ്ട് പറഞ്ഞു. “നാളെ ഇങ്ങു വരില്ലേ….” ജസീന്ത നിസ്സാരഭാവത്തിൽചിരിച്ചു.
ഇറങ്ങുമ്പോൾ വല്യമ്മായി പ്രാർത്ഥനക്ക് നേതൃത്വം കൊടുത്തു. അടുത്തവീട്ടിലെ രാജീവ് അങ്കിളും ആന്റിയും
തങ്ങളെ യാത്രയാക്കാനായി മുറ്റത്തേക്ക് വന്നിട്ടുണ്ട്. ചാച്ചൻ മുൻസീറ്റിൽ ഇരുന്നു. ഡ്രൈവർ ശേഖരേട്ടൻ വണ്ടി എടുത്തു… എല്ലാവരും കൈവീശി യാത്ര പറഞ്ഞു…. ” നാളെ
രാവിലെ ഞങ്ങൾ അങ്ങെത്തും…. ” പതിയെ നീങ്ങിത്തുടങ്ങിയ വണ്ടിക്കൊപ്പം നടന്നുകൊണ്ട്
കുഞ്ഞമ്മാമൻ അവളോട് പറഞ്ഞു.
ഗേറ്റിന്നരികെയുള്ള കൂട്ടിൽ,തന്റെ പ്രിയപ്പെട്ട
നായ തങ്ങളെ ഉറ്റുനോക്കി നിൽപ്പുണ്ട്…എതിർവശത്ത്, വഴിയരികിലെ വീട്ടിലെ മണിയേച്ചി, ഉണക്കാൻ വച്ച പപ്പടം പെറുക്കിയെടുക്കുന്നു. വണ്ടി കണ്ട് അവർ എഴുന്നേറ്റ് വാത്സല്യത്തോടെ അവളെ നോക്കി നിന്നു… മുന്നോട്ടു പോകുമ്പോൾ അടുത്തുള്ള ചെറിയ കടയിലെ അബുക്കർഹാജി വരാന്തയിൽ നിൽക്കുന്നു …തന്നെക്കണ്ടു ചിരിച്ചു കൊണ്ട് കൈ ഉയർത്തിക്കാണിച്ചു.
ചെറുപ്പത്തിൽ കല്ലുപെൻസിൽ വാങ്ങുന്ന കാലം മുതൽ കാണുന്നതാണ്. തന്റെ പഠിപ്പിനെക്കുറിച്ചും ജോലിയെപ്പറ്റിയുമൊക്കെ മിക്കവാറും അന്വേഷിക്കും … പുല്ലു കെട്ട് തലയിൽ ഏറ്റി വരുന്ന കണാരേട്ടനും ലീലേടത്തിയും വഴിയുടെ അരികിലേക്ക് മാറിനിന്ന് പുഞ്ചിരിയോടെ തന്നെ നോക്കുന്നുണ്ട്…
താൻ ചേച്ചിയോടൊപ്പം ആദ്യമായിപ്പോയ എൽ. പി. സ്കൂൾ, തന്റെ മനഃസ്സമ്മതം നടന്ന
ഇടവകപ്പള്ളി, തന്റെ കൂട്ടുകാരി സഹീറയുടെ വീട്… എല്ലാം ഒരു പുതിയ ഭാവത്തോടെ അവൾ
കണ്ടുകൊണ്ടിരുന്നു. പിന്നോട്ട് പായുന്ന പതിവു കാഴ്ച്ചകളെ അവൾ കൺമിഴിച്ചു നോക്കിയിരുന്നു…
എത്രയോ വർഷങ്ങളായികാൽനടയായും വാഹനങ്ങളിലും ഈ വഴിയെ താൻ യാത്ര ചെയ്തിരിക്കുന്നു… എങ്കിലും ഈ യാത്രക്ക് ഒരു വ്യത്യാസം ഉള്ളതുപോലെ… എല്ലാവരുടെയും കൂടെ ഇരിക്കുമ്പോഴും താൻ തനിച്ചായതുപോലെ… എല്ലാം അപരിചിതമാകുന്നതുപോലെ … നേരിയ പരിഭ്രമം അവൾ അനുഭവിച്ചു തുടങ്ങി. വാഹനത്തിനുള്ളിൽ കനത്ത നിശ്ശബ്ദത.. ശേഖരേട്ടൻ കയ്യിൽ കിട്ടിയ ഏതോ പാട്ട് ഉച്ചത്തിൽ വച്ചു. ” പോരു നീ വാരിളം ചന്ദ്രലേഖേ… ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ….. ” ഉല്ലാസഭരിതമായ പഴയ സിനിമാഗാനം ….
പുറത്തേക്ക് നോക്കിയിരുന്ന ജസീന്തയ്ക്ക് എന്തോ കൈമോശം വരുന്നതുപോലെ തോന്നി…
അടുത്തദിവസം പുതുമണവാളനൊപ്പം ഇവിടേയ്ക്ക് വരുമെന്ന് അവൾക്കറിയാം… എങ്കിലും… എങ്കിലും… തന്റെ വീടുള്ള തന്റെ നാട്, തനിക്ക് അന്യമാകുകയാണോ… പഠിപ്പിനും ജോലിക്കുമായി ദൂരങ്ങളിൽ പോകുമ്പോഴും തന്റെ നാട് ഇതായിരുന്നു… ഇനി എത്ര പോയാലും അങ്ങനെതന്നെ…വളർന്ന നാടിന്റെ കരുതൽ, പ്രതീക്ഷകൾ എല്ലാം ഒരാൾക്ക് എത്രമേൽ പ്രിയപ്പെട്ടതാണ്… പിന്നിലേക്ക് ഓടുന്ന പതിവുകാഴ്ചകൾ കണ്ട് അവളുടെ ഓർമ്മകൾ ബാല്യകൗമാരങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. എവിടെപ്പോയാലും എത്ര ദൂരം പോയാലും തന്റെ നാടിന്റെ നന്മ തന്നെ പിന്തുടരും… ‘സ്വന്തം വീടെവിടെയാണ്’ എന്ന ചോദ്യത്തിന് തന്റെ ആയുസ്സ് തീരും വരെ ഒരേയൊരു മറുപടി മാത്രമേയുള്ളു എന്നും അവൾ അറിഞ്ഞു.
പാലത്തിലേക്കു കയറുന്നതിനു മുൻപെ ‘ ”നന്ദി വീണ്ടും വരിക “
എന്ന് എഴുതിയ ബോർഡ് അടുത്തകാലത്താണ്
വച്ചത്…
ബോർഡ് വായിക്കുന്നതുകൊണ്ട് പോകുന്നവർക്ക് തിരിച്ചുവരാൻ തോന്നുമായിരിക്കും…. ” എന്നു പറഞ്ഞ് താനും അനുജത്തിയും കുറേ ചിരിച്ചിട്ടുണ്ട്. പൊടുന്നനെ, വിവരിക്കാൻ കഴിയാത്ത ഒരു വിഷാദം അവളെ പൊതിഞ്ഞു. അനുജത്തിയുടെ മടിയിലേക്ക് മുഖം പൂഴ്ത്തി അവൾ എങ്ങിക്കരഞ്ഞു…എന്തിനെന്നറിയാതെ…
ജോസ്മി , ചേച്ചിയെ
ഇരുകൈകളും കൊണ്ട് ചുറ്റിപ്പിടിച്ച് , അവളുടെ മേലേയ്ക്ക് മൃദുവായി തല ചായ്ച്ചു… ചാച്ചൻ തിരിഞ്ഞുനോക്കിയില്ല…. മുൻപിലെ വഴിയിലേക്ക് ഉറ്റു നോക്കിയിരുന്നു… അമ്മ, തുളുമ്പിയ മിഴിനീർ ആരും കാണാതെ തുടച്ചു… ആരും ഒന്നും പറഞ്ഞില്ല … പാട്ട് തുടർന്നുകൊണ്ടിരുന്നു… ” പോരു നീ വാരിളം ചന്ദ്രലേഖേ…ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ…. “