സുദർശൻ കാർത്തികപ്പറമ്പിൽ*

കെട്ടുപോയല്ലോകാലം,
കഷ്ടമെന്തുചൊന്നിടാൻ
ദുഷ്ടശക്തികൾ മദി-
ച്ചൊട്ടുവാഴുന്നൂ,നീളെ!
അമ്മതൻ മുലപ്പാലു-
ണ്ടൊരുനാൾ തഴച്ചവർ
ചെമ്മെയ,മ്മാറിൽ കത്തി-
യേറ്റിയട്ടഹസിപ്പൂ!
അമ്മഹാമനീഷിയാം
വാല്മീകിയഹോപാടി,
ധർമ്മ വിധ്വംസനംക-
ണ്ടൊരുനാൾ കണ്ണീരിറ്റി!
‘മാനിഷാദ’യെന്നുച്ചൈ-
സ്തരാമാവചസ്സേവം,
കാനനാന്തരഗഹ്വ-
രോദാരസമസ്യയായ്!
വേദനതൻ മുൾക്കുരി-
ശേന്തിനിൽക്കുന്നൂ,ലോകം
ചേതനയെന്തെന്നില്ലാ-
തുഴലുന്നഴൽപേറി!
വേദവാക്യങ്ങൾ കാറ്റിൽ
പറത്തിക്കൊണ്ടേ ചിലർ,
ഖ്യാതിപൂണ്ടുയർന്നിടാൻ
വെമ്പൽകൊള്ളുന്നൂ,നിത്യം!
മതങ്ങൾ മനുഷ്യന്റെ
മനസ്സിൽ കുടിയേറി,
ചിതതീർക്കുന്നൂ,രക്ത-
ബന്ധങ്ങൾ മറന്നയ്യോ!
ഇത്തിരിക്കാലം മണ്ണിൽ
ജീവിച്ചുമരിക്കേണ്ടോർ,
ഹൃത്തടമെന്തേ,യാറ്റം-
ബോംബാക്കി മാറ്റീടുന്നു!
മതത്തിൻ പേരിൽ പിടി-
ച്ചടക്കുന്നുനാംഭൂമി,
മതത്തിൻ പേരിൽ തളയ്-
ക്കുന്നതിൽ ദൈവങ്ങളെ!
മർത്യനെ,മർത്യൻ കൊല-
ചെയ്തിടുന്നതിക്രൂരം
മസ്തകം മതഭ്രാന്തിൻ
തീച്ചൂളയാക്കിപ്പിന്നെ!
സൃഷ്ടിതന്നപാരമാം
ഭാവവൈശിഷ്ട്യങ്ങളെ,
ദൃഷ്ടികൾ തുറന്നൊട്ടു
സ്പഷ്ടമായ് കാണ്മൂ നമ്മൾ
ചിന്തയിൽ നിന്നുംസ്വയ-
മൂർന്നെത്തിടട്ടേ ജീവ-
സ്പന്ദനമായ് വിശ്വൈക-
സത്യത്തിൻ മന്ത്രധ്വാനം
ഒന്നല്ലീലോകം,നമ്മ-
ളൊന്നല്ലീമനുഷ്യരും,
എന്നാലും പരസ്പരം
മല്ലടിക്കുന്നൂ,കഷ്ടം!
നന്മതന്നമേയമാം
കാവ്യകുസുമങ്ങളായ്,
ജന്മങ്ങളഖിലവും
ധന്യമായ് മാറീടുവാൻ,
നിത്യവും ജഗദ്പ്രഭോ,
പ്രാർഥിച്ചിടുന്നേനാത്മ-
ശക്തിയെന്നിലാവോളം
പകർന്നീടുകത്യാർദ്രം
‘ഞാ’നെന്നൊരമൂർത്തസ-
ങ്കൽപ്പത്തെയറിയുവാൻ,
ധ്യാനലീനനായ് തപം
ചെയ്തിരിക്കയാണുഞാൻ.

By ivayana