മനോജ്.കെ.സി✍️

ഓരോ കാത്തിരിപ്പുകളും പ്രതിബദ്ധതയുടെ പട്ടയം കിട്ടിയ തരിശുഭൂമികളാണ്…
ഇളക്കിമറിച്ച് വിളഭൂമിയാക്കിടാമെന്ന ദുർമോഹങ്ങൾക്കൊപ്പമാണതിൻ ജീവിതം…
വിത്തുകൾ…
കണ്ണീരുപ്പിൽ കുതിർത്തു മുളപ്പിച്ച്
പത്താമുദയത്തിന് ആഘോഷപൂർവ്വം
പാകാനായി കൺകോണിലെ പത്തായപ്പുരയിൽ സൂക്ഷിച്ചിരിക്കുകയാണ്…
നിരാശയുടെ ചെറുചെള്ളുകൾ നുഴഞ്ഞു കയറി ഭസ്മീകരിക്കാതിരിക്കാൻ…
കിനാലഹരിയിൽ നെയ്ത പ്രതീക്ഷകളുടെ നോമ്പുശീലയാൽ മാറാപ്പുകെട്ടി
പ്രണയത്തിന്റെ ക്ലാവ് പടർന്ന വക്കുപൊട്ടിയ വിത്തുസംഭരണിയിൽ അടുക്കിവെച്ചിരിക്കുകയാണ്…
കൊയ്ത്തുത്സവത്തിന് വിഷാദരാഗത്താൽ
പാട്ടുപാടാൻ ആത്മരക്തം നിറച്ച തൂലികയാൽ
നൊമ്പരത്തിന്റെ മുനിഞ്ഞവെട്ടത്തിൽ വരികൾ കുനുകുനുക്കുമ്പോൾ
കൺപോളകൾ ആശങ്കകളുടെ നീരുമുറ്റി തടിച്ചു തൂങ്ങുന്നു…
വല്ലാത്തൊരു പേറ്റുനോവാണ് കാത്തിരിപ്പിന്
പ്രതീക്ഷകളിലെ ദർശനത്തിന് നാമ്പായി മുളയ്ക്കാനുള്ള പേറ്റുനോവ്
ദർശനമാണോ ?
സാമീപ്യമാണോ ?
ഇഴുകിച്ചേരലാണോ ? ; അറിയില്ല…
ഓരോ കാത്തിരിപ്പിന്റേയും നോവ് പേറ്റുനോവു തന്നെ…
സമയസൂചികയുടെ പ്രയാണം
ശ്വാസംമുട്ടലായി വല നെയ്ത്
അതിൽ കുടുങ്ങിപ്പിടയുന്നത് കാത്തിരിപ്പിന്റെ ഉള്ളമാണ്…
കാത്തിരിക്കുന്നയാളും കാഴ്ചവെട്ടത്തെത്തേണ്ടയാളും
സമാന്തരരേഖകളിലൂടെ സഞ്ചരിച്ചാൽ
നിമിഷാന്തരങ്ങൾക്കപ്പുറം മുഴങ്ങുകയായ് ;
കാത്തിരിപ്പിൻ ചരമഗീതം

By ivayana