സെഹ്റാൻ*

ഒന്നുകിൽ നഗരത്തിലെ
ഒരു കെട്ടിടം ബോംബ് വെച്ച്
തകർക്കാം.
അല്ലെങ്കിൽ ഏറ്റവുമടുത്തൊരു
പെൺസുഹൃത്തിന്റെ കഴുത്തറുത്ത്
കൊലപ്പെടുത്താം.
ഏത് വേണമെന്നാണ്…
ആദ്യത്തെ ചിന്തയുടെ
കൈവഴിയിൽ നിന്നൊരു
നദി ഉറവെടുത്തു.
അത് ടാർറോഡുകളെ മുക്കിയെടുത്ത്
അകലങ്ങളിലേക്കൊഴുകി.
രണ്ടാമത്തെ ചിന്തയുടെ
കൈവഴിയിൽ നിന്നൊരു
വൃക്ഷം മുളച്ചു.
നീണ്ട കൊമ്പുകൾ ആകാശം
തൊടുമെന്നപോൽ…
തെരുവോരത്ത് ഷൂ പോളിഷ്
ചെയ്യുന്നൊരു പയ്യനുണ്ട്.
അവന്റെ മുന്നിൽക്കിടക്കുന്ന
സ്റ്റൂളിലിപ്പോൾ എന്റെ ഷൂസാണ്.
ആഹാ! എത്ര മനോഹരമായവനത്
മിനുക്കുന്നു…
സ്ഫോടനത്തിൽ തകർന്ന
കെട്ടിടത്തിന്റെ പൊടിയോ,
കൊല ചെയ്യപ്പെട്ട പെൺസുഹൃത്തിന്റെ
കഴുത്തിലെ ചോരത്തുള്ളികളോ,
നഗരം നിറഞ്ഞൊഴുകിപ്പോയ
നദിയിലെ വെള്ളത്തുള്ളികളോ,
ആകാശം തൊടുന്ന വൃക്ഷത്തിന്റെ
ഇലകളോ ഒന്നുമില്ലാതെ
വെട്ടിത്തിളങ്ങുന്ന ഷൂ!
ആഹാ! എത്ര മനോഹരമായവനത്
മിനുക്കിയിരിക്കുന്നു.

സെഹ്റാൻ*

By ivayana