രചന :- ബിനു. ആർ.
ബന്ദ്,
ഇന്നീ നടയിൽ ആരും ചേരാതെ
ഇന്നീ നടയിൽ ഞാൻ ഒറ്റക്കു നടക്കുന്നൂ
വെയിലേറ്റുനീറി കിടക്കുമീപാതയിൽ
ഞാനും, ഓരോ ഇടവഴികളിൽ നിന്നും
മറ്റുള്ളോരും, ആർക്കും വേണ്ടാത്ത ഈ
പാതയിൽ ബഹിർഗമിക്കുന്നിതൊട്ടേറെ….. !!
ബന്ദ്,
വിജനമായി വെയിലേറ്റുരുകി കിടക്കുമീ
ടാറിട്ടറോഡിൽ, ഒരു വിലങ്ങു
തടിയായി കിടക്കുന്നു…
സ്വപ്നമാണെങ്കിലും, എൻ സ്വപ്നത്തിൽ നിന്നുയരുന്നൂ കാഹളം, ‘ആർക്കുവേണ്ടി
ആർക്കുവേണ്ടിയാണിതെല്ലാം ‘….
വേണം, ഇനിയും വേണം കൂടതൽ വേണം,
എന്നുചൊല്ലുന്നൂ പലരും
അവർക്കുവേണ്ടി മാത്രമിത്, ഇനിയും
സ്വപ്‌നങ്ങൾ നെയ്തുകൂട്ടുവാൻ മാത്രം….
വീണ്ടുമുയരുന്നു കാഹളം ‘നിറുത്തൂ ‘
തേടുന്നതെല്ലാം നമുക്കില്ലാതാക്കി തീർക്കുവാൻ മാത്രമോ… !
നിറുത്തൂ,
ഞാൻ ഉതിർക്കാം മറ്റൊരു വിപ്ലവഗാനം
നമ്മുക്കേറ്റുപാടിടാം അതെന്നും
നമുക്കായി കോർക്കുന്നതെല്ലാം
നമുക്കായി അണിഞ്ഞിടാം മാറിൽ…..
ബന്ദ്,
കാറ്റുപോയൊരു റബ്ബർ പന്തുപോൽ
ഏറെ അവശയായ് കിടക്കുന്നതീ നിരത്തിൽ
നമുക്കത്തെടുത്തു മാറ്റീടാം, എന്നും
മറ്റൊരുണർവിനായ് കാത്തിരിക്കാം,
വീണ്ടും തളരാത്തൊരുണർവിനായ് കാത്തിരിക്കാം