അജിത് നീലാഞ്ജനം*
ചോറും ഒപ്പംഒരുപാട് വിഭവങ്ങളും ഒരു മൺചട്ടിയിൽ തിക്കി ഞെരുക്കി വിളമ്പുന്ന ഇടപാടാണ് ചട്ടിച്ചോറ്.
പഴയ കാലത്ത് സദ്യ നടന്നയിടത്തെ കുപ്പയിൽ നിന്നും ദരിദ്രർ കഴിച്ചിരുന്നത് ഏതാണ്ടിതേ തരത്തിലായിരുന്നു.
അവർക്ക് വേറെ വേറെ വിളമ്പിക്കൊടുത്ത് തീറ്റാൻ ആരുമുണ്ടായിരുന്നില്ല.
എല്ലാം കൂടി കൂട്ടി കുഴച്ചൊരു കഴിപ്പ്.
നിവർത്തികേടിനെ ആസ്വാദ്യകരമായ ഒന്നായി കാണുന്ന ഏർപ്പാട്.
കീറിയ ജീൻസ് ഫാഷനായ പോലെ പിൽക്കാലത്ത് സമ്പന്നരുടെ ഭക്ഷണത്തിൽ വന്ന ഒന്ന്.
കുട്ടിക്കാലത്ത് വേനലവധിക്ക് പ്രാതൽ കഴിഞ്ഞാൽ അച്ഛൻ്റെ വീട്ടിൽ കളിക്കാനായി ചെല്ലും.
സമീപത്തുള്ള ബന്ധുക്കളായ കുട്ടികളൊക്കെയുണ്ടാകും.
എന്ത് കളിയായാലും പതിനൊന്ന് മണിക്ക് ഞാനും ചേട്ടനും അമ്മായിയുടെ മക്കൾക്കൊപ്പം പഴങ്കഞ്ഞി കുടിച്ചിരിക്കണം എന്ന് അമ്മൂമ്മയ്ക്ക് (അച്ഛൻ്റെ അമ്മ ) നിർബന്ധമായിരുന്നു.
പ്ലാവില കഴുകിയെടുത്ത് വേണം സമാന്തരമായി അഴികളിട്ട തളത്തിൽ ചെല്ലാൻ.
അവിടെ അമ്മായി അടക്കം ആറു പേർക്ക് ആറ് പലകകളും നീല അതിരുള്ള വെളുത്ത കവടിപ്പിഞ്ഞാണവും തയ്യാറായിരിക്കും.
ചിരട്ട തവി കൊണ്ട് അമ്മുമ്മയുടെ കണക്കിന് കവടിപ്പിഞ്ഞാണം നിറയെ പഴങ്കഞ്ഞി വിളമ്പും.
മതി എന്ന് പറയാനുള്ള സ്വാതന്ത്ര്യമൊന്നുമുണ്ടായിരുന്നില്ല.
ഒരു പച്ചമുളകും ഉപ്പും തൈരും പുറകെ വരും.
ഫ്രിഡ്ജിൽ വെയ്ക്കാത്ത തലേന്നത്തെ അവിയലോ സാമ്പാറോ ചെമ്മീൻ കൂട്ടാനോ ഉണ്ടാകും.
എല്ലാം കലക്കി പച്ചമുളക് ഞെരടി പ്ലാവില കുമ്പിളിൽ കോരികൂടിക്കുന്ന രുചി ഇപ്പോഴും നാവിൻ തുമ്പത്തുണ്ട്.
കഞ്ഞി കുടി കഴിയുമ്പോൾ നിക്കർ മുറുകും.
ആ കഞ്ഞി കുടിയല്ലാതെ എല്ലാം കൂടിക്കുഴച്ച് കഴിക്കാൻ ഇപ്പോഴും എനിക്കാവില്ല.
സമ്പന്നത എന്ന ദോഷമാണതിന് കാരണം.
ആദ്യം പറഞ്ഞ ചട്ടിച്ചോറ് പാവപ്പെട്ടവൻ്റെ ജീവിതത്തിൽ നിന്ന് സമ്പന്നർ പകർത്തുന്ന ചില തമാശകളാണ്.
ഒരു രാത്രി മൺകുടിലിൽ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ താമസിക്കാൻ പതിനായിരങ്ങൾ മുടക്കുന്ന അതേ അവസ്ഥ.
പിച്ചച്ചട്ടിയിൽ നിന്ന് ചട്ടിക്ക് ഒരു ആഢംബര ജീവിതം കിട്ടി.
വർഷങ്ങൾക്ക് മുമ്പ് കണ്ട ഒരു കാർട്ടൂൺ കൂടി സ്മരിക്കുന്നു.
അന്ന് സൊസൈറ്റി ലേഡികളായ ഹാഫ് സ്ലീവ് ബ്ലൗസ് ധരിച്ച് പൂക്കളുള്ള സാരി ധരിച്ച രണ്ട് സ്ത്രീകൾ.
മേശപ്പുറത്ത് കരിക്കട്ട നിറമുള്ള കണ്ണ് മിഴിച്ച , അവിടവിടെ ചുരുണ്ട മുടികളുള്ള കയ്യും കാലും ശോഷിച്ച് വയറ് പന്ത് പോലെ വീർത്ത ഒരു കുഞ്ഞിരിപ്പുണ്ട്.
ഹസ്ബൻ്റ് സോമാലിയയിൽ പോയപ്പോൾ കൊണ്ട് വന്നതാ, ഷോകേസിൽ വെയ്ക്കാൻ എന്നതായിരുന്നു അടിക്കുറിപ്പ്.
ഒട്ടും ആസ്വദനീയമല്ലാതെ വിശപ്പ് മാറ്റാൻ വേണ്ടി കുപ്പയിൽ നിന്നും കണ്ടെടുത്തത് ഒന്നിച്ച് വാരിവലിച്ച് തിന്നുന്നവർ ഇന്നും ഇന്ത്യയിലുണ്ട്.
ഭക്ഷണക്കാര്യത്തിലും നാനാത്വത്തിൽ ഏകത്വം ശീലമാക്കാൻവിധിക്കപ്പെട്ടവർ.