സന്ന്യാസൂ*

കനലുപോലെ ഉള്ളിൽക്കിടന്ന് എരിയട്ടെ, ഒരിക്കലും കെട്ടുപോവില്ലെന്ന് രണ്ടുപേർക്കും ഉറപ്പുള്ള ആ വികാരത്തെ ഞാനിനി പഴയ പേരിട്ടു വിളിക്കില്ല…
പിണങ്ങാനറിയാത്തവനായിരുന്നു ഈയുള്ളവൻ. അതുകൊണ്ടുതന്നെ തോൽക്കുകയായിരുന്നെന്ന് സ്വയം തിരിച്ചറിയാനുള്ള ബോധമുണ്ടായിട്ടില്ല, മാത്രമല്ല തോൽവികളെയും ഇഷ്ടപ്പെടുന്നതുകൊണ്ട് ഇനി എന്നെങ്കിലും സംഭവിച്ചേക്കാവുന്ന അത്തരം ബോധങ്ങളിൽ പ്രത്യേകിച്ച് ഒന്നും തോന്നുകയുമില്ല…

തീരെ ചെറിയ കാര്യങ്ങൾക്കുപോലും വഴക്കിനു തുടക്കമിട്ടിരുന്നത് ആരാണ്, ഓർക്കുമ്പോൾ കുറ്റബോധം തോന്നുന്നുണ്ടെങ്കിൽ നമ്മൾ തമ്മിൽ അതിന്റെയൊന്നും ആവശ്യമില്ലെന്ന് ഈ അവസരത്തിൽ അടിവരയിടുന്നു…
ഒരു സാധ്യതയുമില്ലാത്ത കാര്യമാണെങ്കിൽ കൂടി, അബദ്ധവശാൽ ഏതെങ്കിലും പാർക്കിലോ ബീച്ചിലോ മാളിലോ മുഖാമുഖം കാണേണ്ടി വന്നാൽ അതിശയം കൊണ്ട് കണ്ണുകൾ തുറുപ്പിക്കുകയോ അവഗണിച്ച് തിരിഞ്ഞു നടക്കുകയോ ചെയ്യില്ല രണ്ടാളും…
വാശിയെന്നൊക്കെ വിളിച്ച് ഇതിനെ പർവ്വതീകരിക്കേണ്ടതുണ്ടോ, ഏയ്… തീരുമാനങ്ങൾ തീരുമാനങ്ങളാണ്, സ്വാർത്ഥതയോ അഹന്തയോ മറ്റെന്തെങ്കിലുമോ അല്ല… തിരിച്ചും ചിന്തിച്ചു നോക്കൂ.

ഊരാക്കുരുക്കിലാണെന്നറിഞ്ഞിട്ടും പുറത്തു കടക്കാൻ ഒരു പാഴ്ശ്രമത്തിനുപോലും മുതിരാത്തതെന്താണ് പലരും… ഉടുപ്പൂരുന്ന ലാഘവത്തോടെ തമ്മിൽ ഉപേക്ഷിച്ചുപോകാവുന്നിടത്തോളം പരമസ്വതന്ത്രമായ രണ്ട് ഉടലുകളായിരുന്നിട്ടുകൂടി എന്തുകൊണ്ടാവും അവർ… പേടികൊണ്ടാവുമോ??
ചുട്ടുപൊള്ളുന്ന തീയിൽ ഉരുക്കി ഒന്നാക്കിയെടുത്ത രണ്ട്… യാത്രയ്ക്കിടയിൽ എപ്പോഴോ ഉടഞ്ഞു പഴയതുപോലെ… എങ്കിൽപോലും എല്ലാമറിയാം, പരസ്പരവിശ്വാസമെന്നൊക്കെ പറഞ്ഞ്…
അയ്യയ്യേ എന്തൊരു അറുബോറൻ ഭാഷയിലേക്കാണ് എൻറെ വർത്തമാനം നീളുന്നത്… എല്ലാം അറിയാം എന്നു പറഞ്ഞ്‌ നിർത്തുന്നതാണ് അതിന്റെയൊരു ഭംഗി… അതേ, എല്ലാം അറിയാം… അതുകൊണ്ടുതന്നെ, സുഖമാണോന്ന് പോലും ചോദിക്കുന്നില്ല…

എല്ലാം അറിയാം, മുറിയിലെ മഞ്ഞ ജനാലവിരി ഇപ്പോൾ മെല്ലെ ഒന്നനങ്ങിയില്ലേ… കാറ്റിനു സൺസിൽക്കിന്റെ സുഗന്ധം. മേശമേൽ ഒന്നിനുമുകളിൽ ഒന്നായി രണ്ട് പുസ്തകങ്ങൾ, ഒന്നിന്റെ താളുകൾക്കിടയിൽ ഇന്നലെ നിനക്ക് വഴിയരികിൽ നിന്ന് കിട്ടിയ ചുവന്ന റോസാപ്പൂവിന്റെ ദളങ്ങൾ… തുറന്നിരിയ്ക്കുന്ന ഒരു നെയിൽപോളിഷ്, ചിത്രപ്പണി ചെയ്ത ഒരു മദ്യക്കുപ്പി… കട്ടിൽക്കാലിലൂടെ ഒറ്റയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന ഒരു ചോണനുറുമ്പ്.

മൊബൈലിൽ തെളിഞ്ഞ ആരുടെയോ സന്ദേശം… ഗൗണിലെ എംബ്രോയിഡറിയിലൂടെ വിരലോടിച്ച് ചുവരിൽ തൂക്കിയ ഗിറ്റാറിലേക്ക് വെറുതെയൊരു പാളിനോട്ടം. മനസ്സിൽ ഏതോ പാട്ടിൻറെ രണ്ടു വരികൾ… ആരോ വാതിലിൽ മുട്ടുന്നു. നീ തിരക്കുകളിലേക്ക്, പിന്നെ നിശബ്ദതയിലേക്ക്…
എല്ലാം അറിയാവുന്നതുകൊണ്ടുതന്നെ ഞാനും, തിരക്ക് നിശബ്ദത തിരക്ക് നിശബ്ദത…

By ivayana