രചന – ഉണ്ണി അഷ്ടമിച്ചിറ .

കൂട്ടം കൂടിയിരുന്നപ്പോൾ സോനുമാഷാണ് അതു പറഞ്ഞത്.
“ബാല സാഹിത്യം എന്നു വച്ചാൽ നിങ്ങൾ കരുതുന്നതുപോലെയല്ല. അത് വായിക്കുന്നത് കുട്ട്യോളാണ്. അത് അവരുടെ മനസ്സിലെത്തണമെങ്കിൽ എഴുതുന്നവൻ ഇമ്മിണി അഭ്യാസി ആയിരിക്കണം”. പിന്നേം മാഷ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. മാഷ് ഒരു ബാലസാഹിത്യകാരനാണേ. ഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

അപ്പോഴാണ് ബാലസാഹിത്യമെന്ന ചിന്ത എൻ്റെ മനസ്സിൽ കേറിയത്. താൻ ആനുകാലികങ്ങളിൽ കഥകൾ എഴുതിയിട്ടുണ്ട്, കവിത എഴുതിയിട്ടുണ്ട്, നർമ്മവും വിതച്ചിട്ടുണ്ട്. ബാലസാഹിത്യമോ? അത് തനിക്ക് വഴങ്ങാത്ത ആനക്കാര്യമൊന്നുമല്ല. ഇനിയിപ്പോ ഒരെണ്ണമെഴുതി മാഷിൻ്റെ മുന്നിലെത്തിച്ചിട്ടുതന്നെ കാര്യം. മുറ്റത്തെ മാഞ്ചോട്ടിലിരുന്നാൽ അണ്ണാറക്കണ്ണൻ വരും, മണ്ണാത്തിപ്പുള്ള് വരും. മഞ്ചോട്ടിൽ തന്നെ ഇളയകൊച്ചിൻ്റെ കുഞ്ഞി സൈക്കിൾ കിടപ്പുണ്ട്. അതിലൊക്കെ പൈതൽ കഥകൾ യഥേഷ്ടമുണ്ട്. പക്ഷേ എഴുതി വരുമ്പോൾ അതിൽ യുവത്വം കടന്നു വരുന്നുണ്ടോന്ന് സംശയം.

അതിന് പ്രത്യേക ശൈലിയുണ്ട്, പൂപോലെ മൃദുലമായ ഭാഷ വേണം. തിരിച്ചറിവുകളെപ്പോഴും മുതൽക്കൂട്ടാണ് . കുട്ടികൾ പന്തുകളിക്കുന്ന പാടത്ത്, ചെറ്റപ്പുരയിൽ നിന്നുയർന്ന കുഞ്ഞിൻ്റെ കരച്ചിലിൽ, കാട്ടു താറാവും കുളക്കോഴികളും വിഹരിക്കുന്ന അനാഥപറമ്പുകളിലെല്ലാം കഥാബീജമുണ്ടെന്നറിഞ്ഞു. പക്ഷേ എഴുത്ത് വരുന്നില്ല.

എന്താണവിടൊരു ബഹളം. അപകടത്തിൽപ്പെട്ട നായയുടേതു പോലുള്ള നിലവിളി. ഏതാനും കുട്ടികൾ വളഞ്ഞിട്ടൊരു നായയേ തല്ലുന്നതാണെന്ന് വ്യക്തമായി. വലയിൽ കുരുങ്ങിയതോ കുരുക്കിയതോ ആണ്. അരുതെടാന്ന് അലറിക്കൊണ്ട് ഞാൻ ചെന്നപ്പോൾ കൂട്ടത്തിൽ നിന്നും മൂന്നാൾ ഓടി. കുറച്ച് ഓടിയിട്ട് അവർ തിരിഞ്ഞു നിന്നു.രണ്ടുപേർ തല്ല് നിർത്തി പിന്നോട്ട് മാറി. ഒരുവൻ മാത്രംതല്ല് തുടരുന്നു. മരണവെപ്രാളത്തിൽ പിടഞ്ഞു കൊണ്ടിരുന്ന നായയുടെ ശബ്ദവും നേർത്തിരുന്നു.

“മതിയാക്കെടാ”.
ഞാനവൻ്റെ കയ്യിൽ കേറി പിടിച്ചു. കൂട്ടത്തിൽ മൂപ്പുള്ളവനായിരുന്നു അവൻ. ഒരു 12-13 വയസ്സുണ്ടാകും.
“നീയെന്തു ഭ്രാന്താണീ കാട്ടുന്നത്. അത് ചത്തുപോവിലേ?”.
“ചാകട്ടെ…. അതിനാ തല്ലുന്നത്”. എന്നെ ഗൗനിക്കാതെ ഒരിക്കൽകൂടി അവൻ കനമുള്ള വടി ആഞ്ഞുവീശി. പിടഞ്ഞുകൊണ്ടിരുന്ന ആ നായ നിശ്ചലമായി. അതിൻ്റെ കണ്ണുകൾ അടയുന്നത് ഞാൻ കണ്ടു.

” എന്തു വലിയ പാപമാണ് നീ ചെയ്തതെന്നറിയാമോ?”. അവനെന്നെ ശ്രദ്ധിക്കുന്നേയില്ല. അപ്പോഴാണ് അടുത്തൊരു മരച്ചോട്ടിൽ ഒരു അഞ്ചു വയസ്സുകാരി ഇരിക്കുന്നത് കണ്ടത്. അവൻ അവളുടെ അടുത്തേക്കാണ് പോകുന്നത്.
” ചേട്ടൻ ഇത് കണ്ടോ? ഇതെൻ്റെ അനീത്തിവാവയാണ്. ഈ നായ അവളെ വീട്ടിനകത്തു കേറി വന്ന് കടിച്ചു പറിച്ചതാ. കഴിഞ്ഞ ഒരു മാസത്തോളം ആശുപത്രീ ലായിരുന്നു.”

അവൻ അനിയത്തിയുടെ പെറ്റിക്കോട്ടൊന്നുയർത്തിക്കാട്ടി. ഇടതുകാലിൻ്റെ തുടഭാഗം കടിച്ചു പറിച്ചിട്ടുണ്ട്. ഉണക്കമായിട്ടില്ലാത്തതിനാൽ അവിടെ വലിപ്പത്തിലൊരു കോട്ടൺ ബാൻഡേജുണ്ട്. ശരീരത്തിൽ പലയിടത്തും മുറിവുണങ്ങിയ പാടുകൾ.
” എടാ ജലീലേ… നീ അതിനെയെടുത്ത് ആ പൊട്ടക്കിണറ്റിലിട്ടേരേ “.
ഞാൻ വെറും കാഴ്ച്ചക്കാരൻ മാത്രമായി ചുരുങ്ങി. നടക്കാൻ വയ്യാത്ത അനുജത്തിയെ താങ്ങിയെടുത്ത് അവൻ ക്ലേശപ്പെട്ട് നടന്നു.

“എന്നാലും അതിനെ കൊല്ലണ്ടായിരുന്നു ഇക്കാ” അവൾ താഴ്ന്ന സ്വരത്തിലാണ് പറഞ്ഞതെങ്കിലും ഞാനത് കേട്ടു.
ഏതായാലും തൽക്കാലം ബാലസാഹിത്യം എൻ്റെ പിടിയിലൊതുങ്ങില്ലെന്നൊരു തോന്നൽ. ഞാനും തിരിഞ്ഞു നടന്നു.

By ivayana