ജയശങ്കരൻ ഒ ടി
(എല്ലാ പെൺകുഞ്ഞുങ്ങൾക്കും വേണ്ടി)
രാജകുമാരി രാജകുമാരി
രാക്കുയിൽ പാടി മയങ്ങി
നാട്ടു വെട്ടത്തിൻ കുളമ്പടി നേർത്തു പോയ്
കാട്ടു ദൈവങ്ങളുറങ്ങി.
ആറ്റുമണലിൻ ചിരിയിൽ മയങ്ങിയ
പാതിരാക്കാറ്റുമൊതുങ്ങി
രാജകുമാരി രാജകുമാരി
രാജകുമാരനിങ്ങെത്തും
കാറ്റിൻ സുഗന്ധം കഥകൾ പറയുമ്പോൾ
കാതിനെന്തിമ്പമാണെന്നോ
കാത്തിരിപ്പിൻ്റെ വിശേഷങ്ങളോതുവാൻ
നാവിനെന്തൂറ്റമാണെന്നോ
രാജകുമാരി രാജകുമാരി
രാജകുമാരനിന്നെത്തും
പാദസരങ്ങൾ കിലുങ്ങിയും കണ്ണുകൾ
പാതിയടഞ്ഞും തുറന്നും
കാട്ടുഞാവൽ തേൻ കിനിയുന്ന ചുണ്ടിലെ
പാട്ടിൻ പദങ്ങൾ നിറച്ചും
നീയിന്നു ന്യത്തച്ചുവടുകൾ വെക്കുമ്പോൾ
നാടിനെന്താ ഘോഷമെന്നോ?
ആറ്റിലഞ്ഞി പൂവിൻമാലയണിഞ്ഞു നീ
കാറ്റിലുലഞ്ഞൊഴുകുമ്പോൾ
ആട്ടവും പാട്ടും സദിരും മയിലാട്ട
മാടും വസന്തവുമെത്തും
മാനത്തിനെന്തഴകെന്നോ തിളങ്ങുന്ന
താരങ്ങൾക്കെന്തഴ കെന്നോ
പൂവുകൾക്കെന്തഴകെന്നോ നീ കൊഞ്ചുമ്പോൾ
പാൽ ചിരിക്കെന്തഴകെന്നോ
രാജകുമാരീ രാജകുമാരി
രാജകുമാരനിങ്ങെത്തും
കാറ്റു പോൽ വീശും കുതിരപ്പുറത്തേതോ
നാട്ടിൽ നിന്നോടി വന്നെത്തും
തെന്നലൊരുപൂവിൽ മുത്തമിടുന്നപോൽ
നെഞ്ചിലൊതുക്കിപ്പിടിക്കും
വർണചിറകേലുമുണ്മയായ്ലോകത്തെ
നിന്നിലേക്കാനയിപ്പിക്കും.
നീ പോയ് കഴിയുമ്പോൾ നീരണിക്കണ്ണിനാൽ
യാത്രയയച്ചാലുമെന്നും
രാവും പകലുമൊരു പോലെ യോർമ്മകൾ
മാറ്റൊലി കൊള്ളും കുടിലിൽ
ഏതു ദിനവുമൊരുങ്ങി നില്ക്കും നിന്നെ
യോ മനേ , വന്നെതിരേൽക്കാൻ
നിൻ കളിമുറ്റവുമെന്നുമിതുപോലെ
തന്നെ സൂക്ഷിക്കും നിനക്കായ്.
നീയുണർന്നെത്തുംപ്രഭാതങ്ങളില്ലെങ്കിൽ
വാക്കുകൾ പൂവിടർത്തില്ല.
ഭാഷ തൻ പൊൻതുടിപ്പില്ല കഥകൾ തൻ
ഭാസുരോന്മാദങ്ങളില്ല.
കൺമിഴിക്കും മായക്കാഴ്ചകളില്ലെന്നും
കൈ തൊഴാൻ ദൈവങ്ങളില്ല.
നീയൊഴുക്കും സ്നേഹ സാമ്രാജ്യമില്ലെങ്കിൽ
ആശയില്ലക്ഷരമില്ല.
കീർത്തനം ചെയ്യാൻ ഭജന കളില്ലൊരു
ഭാവി പ്രവചനമില്ല
എത്ര വിശാലമീ
വാക്കുകൾക്കർത്ഥങ്ങൾ
അത്ര സനാഥമീലോകം
എത്രയും മൗനമായ് വാക്കു റ ഞ്ഞിട്ടുമ്പോ
ളത്രയനാഥമാവുന്നു.
രാജകുമാരി രാജകുമാരി
രാക്കുയിൽ മൗനമാർന്നപ്പോൾ
രാത്രിതൻ സ്വപന തല്പത്തിൽ ഉറങ്ങു നീ
കാത്തിരിപ്പും സുഖമല്ലേ.
വര – നാരായണൻ തിരുമംഗലം