ദിജീഷ് കെ.എസ് പുരം.✍️
ഉറക്കത്തിൻ വാതിലിലാരോ
അമാന്യമായ്, ശക്തമായ്മുട്ടുന്നു.
മുറിപ്പെട്ട പാതിരാക്കനവിൻ
നിരാശയിൽ നീറി ഞാനിരിക്കുന്നു.
അശാന്തിയിലേക്കിത്തിരി ലഹരിനീറ്റി,
നിദ്രാ;സുഖ വിശ്രാന്തിപുല്കുവാൻ
ചിന്താവൈതരണിക്കപ്പുറം താണ്ടുവാൻ
വീണ്ടുമശ്രാന്ത പരിശ്രമംചെയ്തിടുന്നു.
കിടക്കയിൽ,
ആരാലോ ഉപേക്ഷിക്കപ്പെട്ട്
ഇന്നെനിക്കുകിട്ടിയ
മൊബൈൽ ഫോൺ എന്നെ നോക്കുന്നു.
ആ ഫോൺ വിറയ്ക്കുന്നു,
ആ ഫോൺ തിളങ്ങുന്നു.
അതിൻ ചില്ലാകാശത്തിൽനിന്നുതിരും
കാന്തിക ധ്രുവദീപ്തിയിൽ
ഒരു മുഖചിത്രം മിന്നിമറയുന്നു.
ഓർമ്മതൻ ചിത്രശാലയിൽ
അപകൃത്യങ്ങൾ നോവുകടയുന്നു,
പ്രളയമായ് കരിനീലപടരുന്നു.
സിം കാർഡില്ലാത്ത ഫോൺ,
വിരലടയാള ബന്ധനങ്ങളേതുമില്ലാത്തത്!
തന്റെ രഹസ്യങ്ങളുടെ
ഉൾപ്രദർശനശാലകളിലേക്ക്
വിമുഖതയില്ലാതെ സദയംക്ഷണിക്കുന്നു.
ഗാലറിയിൽ ഫോൾഡറുകൾ കഥപറയുന്നു,
ഉള്ളറകൾ, ആ കഥയുടെ
സൂക്ഷ്മ വിശദാംശങ്ങളെപ്പോലും
വിപുലനംചെയ്യുന്ന
ഭൂതക്കണ്ണാടിക്കാഴ്ചകൾ നല്കുന്നു.
ഒരു കുഞ്ഞിന്റെ ചരടുകെട്ടു ചടങ്ങിലെ
മാതാപിതാക്കളുടെ ചാരിതാർത്ഥ്യത്തെ
ഒപ്പിയെടുത്ത ആദ്യഫോട്ടോമുതൽ
ഈ ചിത്രകഥയ്ക്കൊപ്പം
ഞാനുമനുയാത്രചെയ്യുന്നു.
അവളുടെ ദേഹവളർച്ചകൾക്കൊപ്പം
പതക്കങ്ങളിൽ പ്രതിഫലിച്ചെത്രയോ
കഴിവിൻ ലാവണ്യത്തിളക്കങ്ങൾ.
എത്ര സ്നേഹമസൃണമീ കുടുംബജീവിത
വിനോദസഞ്ചാര ചിത്രണങ്ങൾ.
പതിനേഴാമറയിലെ ചിത്രലിഖിതങ്ങൾ
വിഭാവനംചെയ്യുന്നു,
‘ഇവൾ മരണപ്പെട്ടവൾ’
ശബ്ദദീപ്തിയാൽ പെട്ടന്നാരോ തിരുത്തുന്നു,
‘ഇവൾ കൊലചെയ്യപ്പെട്ടവൾ..!’
ഹൃദയംദ്രവിപ്പിക്കുമന്ത്യകർമ്മങ്ങൾ,
കണ്ണീർക്കാഴ്ചകൾ മങ്ങിച്ച രേഖാചിത്രങ്ങൾ.
പതിനെട്ടാമറയിലെ
അന്ത്യമാം ചലനചിത്രത്തിൽ
ഈ മുറി മെല്ലെത്തെളിയുന്നു.
‘തലച്ചോറു ചിതറിത്തെറിക്കുംവിധമേതോ
വിഷമരുന്നിൻ വനലഹരിയെ
കാമഞരമ്പിലേക്കിറ്റിച്ചവളെനോക്കും
ദുഷ്ടമൃഗത്തിൻ ചത്ത കണ്ണുകൾക്കുള്ളിൽ
മൃഗയാസക്തനായ് ഞാനിരിക്കുന്നു.
നൈമിഷിക ഭോഗേച്ഛതൻ
കൂർത്ത നഖങ്ങളിൽപ്പിടയും
തളിർമാംസ ജീവൽപ്രതീക്ഷകൾ.’
ഫോണീന്നു പുകമഞ്ഞുയരുന്നു,
കല്ലറയ്ക്കുള്ളിലെ പച്ചമണ്ണിൻ
സൗഖ്യമിവിടെ നിറയുന്നു.
അനാവൃത ഭയമൊരുക്കും
മായിക രംഗസജ്ജീകരണത്തിൻ
മരണപ്രേരണാ വേദിയിലേക്ക്
അവളുടെ മായാപ്രവേശം!
എന്റെ അവസാന പിടച്ചിലുകളിലേക്ക്
ഫോൺ ക്യാമറ തനിയെ സൂം ചെയ്യപ്പെടുന്നു.
കഥയിലേക്ക് അനിവാര്യമായ
ഒരന്ത്യരംഗം കൂട്ടിച്ചേർത്ത്,
ഒപ്പിയെടുക്കപ്പെട്ടവയെ 19-ാമറയിൽ നിറച്ച്
കൂട്ടാളികളുടെ ഫോണുകളിലേക്ക്
ഫോർവേഡ് ചെയ്യുന്നു.
ലഭിച്ച ആ സന്ദേശങ്ങൾ നിങ്ങളെ
പാതിരാത്രിയിൽ വിളിച്ചുണർത്തും,
കഥയിലെ പുതിയ പരിസമാപ്തിക്കായി.
അവസാന ശ്വാസത്തിലിപ്പോൾ
വഴുക്കുന്ന ചോരമണം.
ഫോണിലെ ദീപ്തിമായുന്നു,
മങ്ങി.., മ.. ങ്ങി…