കുറുങ്ങാട്ടു വിജയൻ*

ഭാര്‍ഗവരാമന്‍ പണ്ടേ, യെറിഞ്ഞ മഴുവുണ്ടേ
കൃഷ്ണനാല്‍ക്കട്ടുള്ളതാം വെണ്ണക്കുടവുമുണ്ടേ!
കൃഷ്ണനെ കെട്ടിയിട്ട,യുരലും വില്‍ക്കാനുണ്ടേ
കൃഷ്ണന്റെയിഷ്ടഭോജ്യം കുചേലയവലുണ്ടേ!
കുംഭിമുഖേശ്വരനാല്‍ രചിച്ചിട്ടുള്ളതായ
മഹാഭാരതത്തിന്റെ താളിയോലയുമുണ്ടേ!
മോശതന്നംശവടി, യുദാസ്സിന്‍ വെള്ളിക്കാശും
ടിപ്പുസുല്‍ത്താന്റെതായ സിംഹാസനവമുണ്ടേ!
പഴശ്ശിരാജാവിന്റെ തൊപ്പിയും തലപ്പാവും
പഴമപ്പെരുക്കത്താല്‍ വിലയും പെരുത്തതാ!
കുഞ്ഞാലിമരക്കാന്റെ മാന്‍തൊലിയരപ്പട്ട-
യാഞ്ഞിലിമരത്തിന്റെ കപ്പലും വില്പനയ്ക്ക്!
വടക്കന്‍പാട്ടിലുള്ള കേമത്തിയുണ്ണിയാര്‍ച്ച-
യരയില്‍ക്കെട്ടിപ്പോന്ന പൊന്നരഞ്ഞാണമുണ്ടേ!
വാളുകള്‍, തിരുവസ്ത്രം, മുദ്രമോതിരങ്ങളും
ദൈവവചനത്തിന്റെ സ്വര്‍ണ്ണഫലകങ്ങളും!
ആദവും ഹവ്വയുമായ് പങ്കിട്ടു ഭുജിച്ചുള്ള-
യാപ്പിളിന്‍ ബാക്കിയുണ്ടേ! കോടാനുകോടി മൂല്യം!
പാപത്തിന്‍ ഫലംതിന്ന,യാദവും ഹവ്വപ്പെണ്ണും
നാണത്തിന്‍ കനംപോക്കാനുടുത്തയിലയുണ്ടേ!
പലസ്തീന്‍ പോരാളിയാം ശക്തനാം ഗോലിയാത്തെ
കവണക്കാല്ലാല്‍ക്കൊന്ന ദാവീദിന്‍ കവണയും!
പാഞ്ചാലി പ്രീതിക്കായി ഭിമനാല്‍ പാക്കുവെട്ടും
പിച്ചാത്തിയുണ്ടതിനും ഭിമമാം തുകയാകും !
നൃപനാം സാമൂതിരി പ്രഭാതകര്‍മ്മശേഷം
വൃത്തിനിവര്‍ത്തിച്ചുള്ള കിണ്ടിക്കോ വിലജാസ്തി!
സോക്രട്ടീസ് വിഷംകൂട്ടി കഴിച്ച മരക്കോപ്പ
സീക്രട്ടായ് വാങ്ങിച്ചീടാം വിലയോ ശതകോടി!
തുഞ്ചന്റെ കിളിക്കൂടും വ്യാസന്റെ നാരായവും
കുഞ്ചന്റെ,യരമണി,യുണ്ടതില്‍ കാവ്യാത്മകം!

By ivayana