മൻസൂർ നൈന *
1993 ഓഗസ്റ്റ് 30 ന് ഏഷ്യാനെറ്റ് ആരംഭിക്കുമ്പോൾ ഒപ്പം ‘സിനിമാലയും ‘ ഉണ്ടായിരുന്നു . ഞാൻ തുടക്കത്തിൽ പറഞ്ഞതു പോലെ ശശികുമാർ എന്ന ജീനിയസ് ഡയാനയിലെ കഴിവുകളെ കണ്ടിരുന്നു . അത് കൊണ്ടു തന്നെ ചാനലിൽ ഡയാനക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി .
1993 – ൽ ആരംഭിച്ച് 2013 വരെ നീണ്ട 20 വർഷക്കാലം 1006 എപ്പിസോഡുകളായി ഒരു തടസവും വരാതെ ഓരോ ആഴ്ച്ചകളിലും അപ്പോൾ അപ്പോഴുള്ള സമകാലിക വിഷയങ്ങളെ ഉൾപ്പെടുത്തി ഒരു പ്രവാഹമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പ്രോഗ്രാം . അതിന്റെ അമരത്ത് അതിനെ നിയന്ത്രിച്ച് ഒരു സ്ത്രീ എന്ന് പറയുമ്പോൾ വിശ്വസിക്കാനാവുന്നില്ല അല്ലെ … അതെ അതാണ് ഡയാന . സിനിമാലയുടെ ഡയറക്ടറായ ഡയാനയെന്ന പ്രതിഭയെ തേടിയെത്തിയത് 250 ലേറെ പുരസ്ക്കാരങ്ങൾ .
കൊച്ചിയിലെ അമ്മായി മുക്കിൽ താമസിക്കുന്ന ഡയാനയെന്ന ജീനിയസിനെ തേടി Limca Book of Record ഉം The Universal Record ഉം …….
ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ വീക്കിലി പ്രോഗ്രാം സംവിധാനം ചെയ്ത വനിത എന്ന ബഹുമതി ഒരു ഇന്ത്യാക്കാരിക്കാണ് മലയാളിക്കാണ് അതും നമ്മുടെ കൊച്ചീക്കാരിക്കാണ് . Women of the year 2016 The Universal Award ഉം Limca Book of Award ഉം കൊച്ചീക്കാരിയായ അമ്മായി മുക്കിൽ താമസിക്കുന്ന ഡയാന കരസ്ഥമാക്കി
” കഥയില്ലാത്തൊരു കഥയാണിത്
പതിവില്ലാത്തൊരു കഥയാണിത്
കണ്മുന്നിൽ ഇത് കാണാം
ചെവിയോർക്കാതെ ഇത് കേൾക്കാം
കലികാലം കോലം തുള്ളണ
നാടിന് കഥയാണെ……… ”
ഇതായിരുന്നു സിനിമാലയുടെ ടൈറ്റിൽ സോങ്ങ് .
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രോഗ്രാം അതായിരുന്നു സിനിമാല . ഒരു പാട് കലാകാരന്മാർക്ക് നക്ഷത്രമായി തിളങ്ങാൻ അവസരമൊരുക്കിയ പ്രോഗ്രാം എന്ന പ്രത്യേകതയും സിനിമാലക്കുണ്ട് .
ദിലീപ് , സലീം കുമാർ , രമേശ് പിഷാരടി , ധർമ്മജൻ ബോൾഗാട്ടി , സുഭി സുരേഷ് , ടിനി ടോം , ……… തുടങ്ങി നിരവധി കലാകാരന്മാർ , അവർ സിനിമാലയിൽ നിന്ന് കുതിച്ച് മുകളിലേക്കുയർന്നു നക്ഷത്രമായി മിന്നിതിളങ്ങിയവരാണ് .
ഒപ്പം സിനിമാലയുടെ ആദ്യ കാലങ്ങളിൽ കൽപ്പന , അടൂർ പങ്കജം , പ്രേംകുമാർ , കൃഷ്ണൻ കുട്ടി നായർ ….. എന്നിവരുമുണ്ടായിരുന്നു .
ഗൗരവത്തിൽ കണ്ട് ഗൗരവത്തോടെ തീർത്ത ഒരു കോമഡി പ്രോഗ്രാം . ഏറെ പരിശ്രമം വേണ്ടി വന്ന പ്രോഗ്രാം . ബുദ്ധിയും , ആത്മാർത്ഥതയും , ക്ഷമയും , ത്യാഗസന്നദ്ധതയും കൂടി ചേർന്നപ്പോൾ ഈ പ്രോഗ്രാം ചരിത്രത്തിന്റെ ഭാഗമായി .
ദൃശ്യ മാധ്യമ രംഗത്ത് ചരിത്രം സൃഷ്ടിച്ച ഡയാന എന്ന താരം . പക്ഷെ ഇപ്പോഴും യാതൊരു അവകാശ വാദങ്ങളുമില്ലാതെ നിശബ്ദതയിലാണ് കാമറക്ക് പിന്നിലെ ഈ പെൺകരുത്ത് .
എങ്ങനെ ഇതിന് സാധിച്ചു എന്ന് ചോദിച്ചാൽ ഡയാന ചിരിച്ചു കൊണ്ട് പറയുന്ന മറുപടി ഇതാണ് …
” ശശികുമാർ സാറ് വിശ്വസിച്ചേൽപ്പിച്ച് നൽകിയ സ്വാതന്ത്ര്യം , പിന്നെ
എന്റെ അമേരിക്കൻ പഠനത്തിനപ്പുറം ഞാൻ കണ്ട് പഠിച്ചത് എന്റെ അച്ഛനിലെ നടനിൽ നിന്ന് , കൊച്ചിയിലെ ടിപ്പ് ടോപ്പ് അസീസ്ക്കയുടെ നാടകങ്ങളിലെ കാഴ്ചയും അനുഭവവും , എന്റെ വീട്ടിൽ നടക്കുന്ന നാടക റിഹേഴ്സലുകളിൽ നിന്നും പഠിച്ചെടുത്ത ടൈമിങ്ങ് ” .
ഓരോ ആഴ്ച കഴിയുന്തോറും പ്രോഗ്രാം ഹിറ്റിൽ നിന്നും ഹിറ്റിലേക്കായിരുന്നു കുതിച്ചത് , ഏറ്റവും കൂടുതൽ റേറ്റിങ്ങ് കിട്ടിയ , ടോപ്പ് റേറ്റഡ് പ്രോഗ്രാമായിരുന്നു സിനിമാല .
ഒരിക്കൽ മുതിർന്ന നടൻ ശങ്കരാടി ഡയാനയെ വിളിച്ചു എന്നിട്ട് പറഞ്ഞു ” എനിക്കും സിനിമാലയിൽ ഒന്നഭിനയിക്കണം ” . അങ്ങനെ 300 ആമത്തെ എപ്പിസോഡിൽ ശാരീരിക അവശതകൾ മാറ്റി വെച്ച് അദ്ദേഹം അതിൽ അഭിനയിച്ചു . മറ്റൊരിക്കൽ ടി.. ടോപ്പ് അസീസ്ക്കയും അതിഥിയായെത്തി .
മമ്മൂട്ടി , ജഗതി , സത്യൻ അന്തിക്കാട് , സിദ്ദീഖ് , ജോഷി , കമൽ , രജ്ഞിത് …… ഇവർ ഡയാനയെ വിളിച്ച് അഭിനന്ദിച്ച പ്രശസ്തരിൽ ചിലരാണ് .
ഈ പറഞ്ഞത് അത്രയും മീഡിയകളിലൂടെയും മറ്റും നിങ്ങൾ പൊതുവെ കേട്ടറിഞ്ഞതാണ് . എന്നാൽ ജനങ്ങളെ ഏറെ ചിരിപ്പിച്ച … ഏറെ നാൾ ചിരിപ്പിച്ച ഒരു പ്രോഗ്രാമിന്റെ ഡയറക്ടർ എന്നതിനപ്പുറം ബുദ്ധിമതിയായ സാമർത്ഥ്യമുള്ള ഒരു ജേർണലിസ്റ്റ് എന്നു കൂടി ഡയാനയെ വിശേഷിപ്പിക്കാം .
ഇനി ഞാൻ ഇവിടെ പറയാൻ പോകുന്നത് ഡയാനയെ കുറിച്ച് പലരും പറയാതെ പോയതും അറിയാതെ പോയതുമായ കാര്യമാണ് .
മീർസാ ഗാലിബ് എന്ന പ്രശസ്ത ഉർദു കവിയുടെ ഓർമ്മകൾക്ക് നിറമുള്ള ചിത്രം സമ്മാനിച്ച , അദ്ദേഹത്തിന്റെ വഴിയിൽ വാർത്തകളാൽ ഗസൽ പൂക്കൾ വിതറിയ , ഗസലുകളെ പ്രണയിച്ച കൊച്ചീക്കാരി ………..
18 – 19 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന പ്രശസ്ത ഉർദു കവി
മീർസാ ഗാലിബ് . മുഗൾ ഭരണ കാലത്ത് കവിയരങ്ങുകളെ അലങ്കരിച്ചിരുന്ന ഗാലിബ് , മുഗള്‍ രാജകുമാരന്‍ ബഹദൂര്‍ഷാ സഫറിന്റെ അരമനയിലെ മുഷായിറയിൽ നിന്നും ഉയർന്നു കേട്ട വരികൾ , പിന്നീട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജനങ്ങളുടെ ഹൃദയം കവർന്ന കവിതകളിലൂടെ ലോക പ്രശസ്തനായ ഉർദു കവിമീർസാ ഗാലിബ് . ഗുലാം അലി , മെഹ്ദി ഹസൻ , ബീഗം അക്തർ തുടങ്ങീ നിരവധി ഗസൽ ഗായകരുടെ മാന്ത്രിക ശബ്ദത്തിൽ മുഴങ്ങി കേട്ട ഗാലിബിന്റെ കവിതകൾ .
തിരക്കേറിയ ഡൽഹിയിലൂടെയുള്ള യാത്ര . മറ്റൊരു ചരിത്രം രചിക്കാനാവും തന്റെ ഈ യാത്രയെന്ന് ഡയാന നിനച്ചില്ല . ചാന്ദ്നി ചൗക്ക് , ഡൽഹി ജുമാ മസ്ജിദ് … ഇവിടെ നിന്നും 6-7 മിനിറ്റ് ദൂരം ‘ ഗാലിബ് കാ ഹവേലി ‘ . അതെ ഗാലിബ് എന്ന പ്രശസ്ത കവി താമസിച്ചിരുന്ന ഡൽഹിയിലെ വീടിനെ ലക്ഷ്യമാക്കിയുള്ള യാത്ര . ചാന്ദ്നി ചൗക്കിൽ നിന്നു സൈക്കിൾ റിക്ഷയിലാണ് യാത്ര……
പൗരാണിക ഡൽഹി മീർസാ ഗാലിബിന്റെ പ്രണയിനിയായിരുന്നു . ഇതിഹാസങ്ങൾ രചിക്കപ്പെടുകയും ജനിക്കപ്പെടുകയും ചെയ്ത ഡൽഹിയിലെ അവസാന ഇതിഹാസങ്ങളിലൊന്നായി അറിയപ്പെടുന്ന വ്യക്തിയാണ് ‘ഗാലിബ് ’ . ആ കവി താമസിച്ചിരുന്ന ഡൽഹിയിലെ അദ്ദേഹത്തിന്റെ വീടിന്റെ കാഴ്ച ദയനീയമായിരുന്നു എന്ന് ഡയാന പറയുന്നു .
വളരെ ശോചനീയമായിരുന്നു വീടിന്റെ അവസ്ഥ , ആടും കോഴിയുമെല്ലാം യഥേഷ്ടം കയറിയറങ്ങി നടക്കുന്നു , എങ്ങും ചപ്പു ചവറുകൾ , കരി പിടിച്ച് വൃത്തിക്കേടായ മതിലുകൾ .. വായിച്ചറിഞ്ഞ കേട്ടറിഞ്ഞ പ്രിയപ്പെട്ട കവിയുടെ വീട് കാണാൻ എത്തിയ വിദേശകൾ അടക്കമുള്ളവരെയും കാണാം . സങ്കടവും , നാണക്കേടും തോന്നും ആ കാഴ്ച . പിന്നെ തന്റെ കൈയ്യിലെ ഹാന്റ് കാമിൽ ആ ദൃശ്യങ്ങൾ ഡയാന പകർത്തി . ഒരു ഡോക്യുമെന്ററിയായി പിന്നീട് ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്തു . ഡോക്യുമെന്ററി ഡൽഹിയിൽ അധികാരികൾക്കിടയിൽ വലിയ ചർച്ചയായി . ഒരു വർഷത്തിനുള്ളിൽ തന്നെ ‘ ഗാലിബ് കാ ഹവേലി ‘ പുതുക്കി പണിതു അത് മ്യൂസിയമായി മാറി . അതെ കൊച്ചീക്കാരിയായ ഡയാന ഇവിടെ മറ്റൊരു ചരിത്രം രചിക്കുകയായിരുന്നു .
മീർസാ ഗാലിബിനെ കുറിച്ചുള്ള ഈ ഡോക്യുമെന്ററിക്കും കിട്ടി അവാർഡുകൾ . Leeds Festival , Mumbai Documentary Festival -ലിൽ , ലോകത്തെ തന്നെ നിരവധി പ്രശസ്തർക്ക് മുന്നിൽ ഈ ഡോക്യുമെന്ററി പ്രദർശനത്തിനായി തെരഞ്ഞെടുത്തു .
ഗസലുകളെയും , പഴയ ഹിന്ദി ഗാനങ്ങളെയും പ്രണയിച്ചിരുന്ന പെൺക്കുട്ടിയായിരുന്നു ഡയാന . അത് കൊണ്ട് തന്നെയാവണം ഗാലിബിന്റെ വീട് അത്രയും മോശപ്പെട്ട അവസ്ഥയിൽ കണ്ടപ്പോൾ ആ ഹൃദയം വേദനിച്ചതും . തന്റെ അച്ഛൻ സിൽവസ്റ്ററിൽ നിന്നും പകർന്നു കിട്ടിയതാണ് ഗസലുകളോടുള്ള പ്രണയം . ലോക പ്രശസ്ത ഗസൽ സംഗീതജ്ഞൻ മെഹ്ദി ഹസൻ ചികിത്സാവശ്യാർത്ഥം മലപ്പുറത്തെ കോട്ടക്കൽ എത്തിയപ്പോൾ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനുള്ള ഒരു ഭാഗ്യം ഡയാനക്കുണ്ടായി . ഡയാനയുടെ അച്ഛൻ സിൽവസ്റ്റർ ഏറെ കേട്ടിരുന്നതും ഗസലുകളും , പഴയ ഹിന്ദി ഗാനങ്ങളായിരുന്നു . അതിനോട് വല്ലാത്തൊരു ഭ്രമമായിരുന്നു അദ്ദേഹത്തിന് . കെ.സി. ഡേ , കുന്തൻലാൽ സൈഗാൾ , പങ്കജ് മല്ലിക്ക് , റായി ചന്ദ് ബോറൽ , മുഹമ്മദ് റഫി സാഹിബ് തുടങ്ങിയവരുടെ ഗാനങ്ങളുടെ വലിയൊരു ആസ്വാദകനായിരുന്നു സിൽവസ്റ്റർ .
കേരളത്തെ കനലിന്റെ ചൂടുള്ള വിവാദങ്ങളാൽ പിടിച്ചുലച്ച , ചാരത്താൽ മൂടിയ ചാരക്കേസിന് ആദ്യമായി തിരുത്തൽ നൽകി , നമ്പി നാരായണൻ നിരപരാധിയെന്ന് സധൈര്യം വിളിച്ചു പറഞ്ഞ മാധ്യമ പ്രവർത്തകയാണ് ഡയാന ……
1994 – ലാണ് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഐ.എസ്.ആർ.ഒ. ( Indian Space research Organisation ) ചാരക്കേസ് നടക്കുന്നത് . അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി
കെ. കരുണാകരനാണ് . ഡോ ശശികുമാരനും , ഡോ നമ്പി നാരായണനും മാലി സ്വദേശിനികളായ മറിയം റഷീദ , ഫൗസിയ ഹസൻ എന്നിവർക്ക് ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ ചോർത്തി നൽകി എന്നാണ് കേസ് . ചില മാധ്യമങ്ങൾ കേസിനെ വല്ലാതെ ഊതി വീർപ്പിച്ചു . 1994 oct 20 ന് തിരുവനന്ദപുരത്ത് നിന്ന് മറിയം റഷീദയെ അറസ്റ്റ് ചെയ്തു , Oct 30 ന് നമ്പി നാരായണനേയും , നവംബർ 15 ന് ഫൗസിയ ഹസനെയും അറസ്റ്റ് ചെയ്തു . വിവാദങ്ങൾ കത്തി പടർന്നതോടെ കെ. കരുണാകരന്റെ മുഖ്യമന്ത്രി കസേര നഷ്ട്ടപ്പെട്ടു .
ഏഷ്യാനെറ്റിന്റെ സ്ഥാപകൻ ശശികുമാറിന്റെ ആശയത്തിൽ അദ്ദേഹത്തിന്റെ സർവ്വ പിന്തുണയോടെ ഡയാന ഈ കേസ് ഡയറി തുറന്നു . നമ്പി നാരായണനെയും , അദ്ദേഹത്തിന്റെ വീട്ടുകാരെയും , വിയ്യൂർ ജയിലിൽ പോയി മറിയം റഷീദയെയും ഡയാന കണ്ടു സംസാരിച്ചു . ഓരോ നീക്കങ്ങളിലും ചാരം നീങ്ങി സത്യാവസ്ഥ വ്യക്തമാവുകയായിരുന്നു .
‘ ചാരക്കഥയിൽ ജീവിക്കുന്ന രക്തസാക്ഷികൾ ‘ എന്ന തലക്കെട്ടിൽ ഏഷ്യാനെറ്റിലൂടെ ചാരക്കേസ് ഒരു മെനഞ്ഞെടുത്ത കഥയാണെന്ന് ഡയാന തുറന്നു പറഞ്ഞു . ശശികുമാറിന്റെ സപ്പോർട്ടോടെ ഡയാന തന്നേയാണ് ഈ സത്യം സധൈര്യം തുറന്ന് പറഞ്ഞ ആദ്യ മാധ്യമ പ്രവർത്തക . 1996 മെയ – 2 ആറ് പ്രതികളെയും വിട്ടയച്ചു കൊണ്ട് കോടതി ഉത്തരവായി . റഷ്യൻ സാങ്കേതിക വിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക നടത്തിയ ഗുഡാലോചനയായും ഈ കഥക്ക് പിന്നിലെന്ന് വിശ്വസിക്കുന്നവരുമുണ്ട് .
രാഷ്ട്രപതി കെ. ആർ നാരായണനൊപ്പം ……
കേരളത്തിൽ വാർത്താ ചാനലകളുടെ ആരംഭത്തിന് മുൻപെ ഒരു വാർത്തയായി മാറി ഡയാനയുടെ രാഷ്ട്രപതിയോടൊപ്പമുള്ള കൂടിക്കാഴ്ച്ച . ഈ അഭിമുഖം കഴിഞ്ഞു മാസങ്ങൾ ചിലത് പിന്നിട്ട് കഴിഞ്ഞപ്പോഴാണ് മലയാളത്തിൽ വാർത്താ ചാനലുകൾ ജനിക്കുന്നത് .
1997 ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി കെ.ആർ നാരായണൻ സ്ഥാനമേറ്റെടുത്ത സമയം . മികച്ച നയതന്ത്രജ്ഞൻ എന്ന് നെഹ്രു വിശേഷിപ്പിച്ച , Indian diplomat, academician and politician അതായിരുന്നു കെ.ആർ . നാരായണൻ . സാധാരണ കുടുംബത്തിൽ നിന്നും വളർന്നു വന്ന തികച്ചും സാധാരണക്കാരനായ വ്യക്തി . രാഷ്ട്രപതി ഭവനിൽ ഡയാന എത്തുന്നു . അദ്ദേഹവുമായി അഭിമുഖം നടത്തിയ രസകരമായ ഓർമ്മകളെ ഡയാന ഇന്നും മനസിന്റെ ചെപ്പിൽ സൂക്ഷിക്കുന്നു
തന്റെ ഹാന്റി കാമിലാണ് അഭിമുഖം റെക്കോർഡ് ചെയ്തത് . ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അദ്ദേഹം കാമറയുടെ ഉപയോഗ രീതികള കുറിച്ച് ചോദിച്ചറിഞ്ഞു എന്നിട്ട് ഡയാനയുടെ കാമറ വാങ്ങി ഡയാനയെ ഷൂട്ട് ചെയ്തു ജാഡ ലവലേശമില്ലാതെ ഇന്ത്യയുടെ ആ പ്രഥമ പൗരൻ . ദേശീയ രാഷ്ട്രീയത്തിലേക്ക് സോണിയ ഗാന്ധി സജീവമാകുന്ന കാലം കൂടിയായിരുന്നു അത് സോണിയ ഗാന്ധിയെയും ഇന്റർവ്യൂ ചെയ്തു . തന്റെ ഹാന്റി കാമിലെടുത്ത ഈ അഭിമുഖം അത് വലിയ വാർത്തയായി . ഏഷ്യാനെറ്റിൽ അത് പ്രധാന വാർത്തകളിൽ സ്ഥാനം പിടിച്ചു .
ഇതൊക്കെയാണെങ്കിലും താൻ ഏറെ സംതൃപ്തി അനുഭവിച്ചത് കൊച്ചിക്കാരുടെ ഭായി എച്ച് മെഹ്ബൂബിനെ കുറിച്ച് ഡോക്യുമെന്ററി എടുത്തതിലാണെന്ന് ഡയാന പറയുന്നു . ആദ്യമായി ഭായിയെ കുറിച്ച് ഒരു ഡോക്യമെന്ററി എടുക്കുന്നത് ഡയാനയാണ് . താനും തന്റെ അച്ഛനും അമ്മയും ഏറെ സ്നേഹിച്ചത് ആ വലിയ കലാകാരനേയാണ് .
ഒരിക്കൽ അമ്മായി മുക്കിലെ തങ്ങളുടെ വീടിന്റെ ഉമ്മറത്തിരുന്നു സംസാരിച്ച് കൊണ്ടിരിക്കെ തന്റെ അച്ഛൻ Tommy and Lorra were Lovers എന്ന ഇംഗ്ലീഷ് കവിതയുടെ വരികൾ മെഹ്ബൂബ് ഭായിക്ക് എഴുതി നൽകി ഭായി അത് പാടിയപ്പോൾ ഒരു മലയാളി പാടിയ ഫീലല്ലായിരുന്നു ഉണ്ടായിരുന്നതെന്നും ഇംഗ്ലീഷ് ആക്സന്റിൽ തന്നെയായിരുന്നു പാടുമ്പോൾ ഭായിയുടെ ഉച്ചാരണം . ഒരു ഇംഗ്ലീഷ് പാട്ടുകാരനെ പോലെയാണ് അത് പാടിയത് . ഇത് വ്യക്തമായി ഡയാന ഓർക്കുന്നു .
നല്ലൊരു ഗായകൻ എന്നത് കൂടാതെ മികച്ച ഒരു സംഗീത സംവിധായകന്റെ കഴിവ് കൂടി ഭായിക്കുണ്ടായിരുന്നുവെന്നും ഡയാന പറയുന്നു . ഒരു അതുല്യ പ്രതിഭയെയാണ് ഭായിയുടെ അലസമായ ജീവിതത്തിലൂടെ നമുക്ക് നഷ്ട്ടമായത് . 1962 കാലം , ഇന്ത്യാ – ചൈന യുദ്ധം കഴിഞ്ഞ സമയം ധനശേഖരണാർത്ഥവും പട്ടാളക്കാർക്കുള്ള സ്വീകരണവുമായി എറണാകുളത്ത് ഒരു സ്റ്റാർ നൈറ്റ് നടന്നു . യേശുദാസിനെ പോലുള്ളവർ പരിപാടിക്കായി കടുത്ത പരിശീലനത്തിൽ , പ്രേം നസീർ , ഷീല തുടങ്ങിയ പ്രശസ്ത താരങ്ങളും , നേവി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടി . നെൽസൺ ഫെർണാണ്ടസ് ചാർമിനാർ സിഗററ്റിന്റെ കൂടിൽ ഒരു പാട്ടെഴുതി ഭായിക്ക് നൽകി .
” നാടിനു വേണ്ടി നാടിനു വേണ്ടി ജീവന്‍ നല്‍കാന്‍ പോയവരേ നായകരേ പട നായകരേ നിങ്ങൾക്കായിരമായിരം ഓശാന ………”
സ്റ്റേജിന്റെ പിറകിലിരുന്നു കൊണ്ട് മിനിറ്റുകൾക്കകം ഭായി ആ പാട്ടിന് ട്യൂൺ നൽകി . സ്റ്റേജിൽ കയറിയപ്പോൾ മറ്റൊരു ഈണവുമായിരുന്നു . ലോകത്ത് തന്നേയും ഇത്ര വേഗത്തിൽ ഒരു പാട്ടിന് ഈണം നൽകിയവരുണ്ടൊ എന്നത് സംശയമാണ് . പരിപാടിയുടെ ഹൈലൈറ്റും ഈ പാട്ടായിരുന്നുവത്രെ . അതായിരുന്നു ഭായി എന്ന ജീനിയസ് . ഈ സംഭവം പ്രശസ്ത സംഗീത സംവിധായകൻ അർജ്ജുൻ മാസ്റ്ററെ ഇന്റർവ്യൂ ചെയ്യുന്ന അവസരത്തിൽ അദ്ദേഹത്തിൽ നിന്നും ഡയാന കേട്ടറിഞ്ഞതാണ് .
സൈഗാളിന്റെയും , പങ്കജ് മല്ലിക്കിന്റെയും , കെ.സി. ഡേയെ പോലുള്ളവരുടെ വളരെ പഴയ ഹിന്ദി ഗാനങ്ങളും , റഫി സാഹിബിന്റെയും , മുകേഷ് , കിഷോർ കുമാർ എന്നിവരുടെ ഗാനങ്ങളും , ഗുലാം അലി , മെഹ്ദി ഹസൻ … തുടങ്ങിയവരുടെ ഗസലുകളും , ഫോർട്ടു കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും തെരുവുകളിലും കൊച്ചി കടപ്പുറത്തും സൊറ പറഞ്ഞിരിക്കുമ്പോഴും , തട്ടിൻപുറത്തെ ഒത്തു കൂടലിലും മാത്രം , സുന്ദരമായി പാടുന്ന ആരോരുമറിയാത്ത എത്രയൊ ഗായകർ , രാജ്യവും , ലോകവും ആദരിച്ച ഡയാനയെ പോലെ തന്നേ യാതൊരു അവകാശ വാദങ്ങളുമില്ലാതെ നിശബ്ദരായി കഴിയുന്ന കഴിവുള്ള എത്രയൊ കലാകാരന്മാർ കൊച്ചിയിൽ ഇന്നും ജീവിക്കുന്നു …..
ഇനിയും നമുക്ക് ഒരുമിച്ച് നടക്കാം മട്ടാഞ്ചേരിയുടെയും ഫോർട്ടു കൊച്ചിയുടെയും തെരുവുകളിലൂടെ.. ഒരു സുലൈമാനിയും കുടിച്ച് ഒന്ന് നടന്നാൽ മനസ് കുളിരുന്ന പല കാഴ്ച്ചകളും പല വിശേഷങ്ങളും അറിയാം ……
നൂറ്റാണ്ടുകൾക്ക് മുൻപെ Metropolitan സ്വഭാവം പുലർത്തിയിരുന്ന , വിവിധ സംസ്ക്കാരങ്ങളുടെ Melting pot ആയ കൊച്ചിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പ്രാപ്തയായ ഡയാന എന്ന പ്രതിഭയിൽ നിന്നും നമുക്കത് അധികം വൈകാതെ പ്രതീക്ഷിക്കാം ……