ജെസ്റ്റിൻ ജെബിൻ*
എന്റെ കയ്യിൽ
ഒരുപച്ചക്കറിസഞ്ചി
ഞാനൊരു വെജിറ്റേറിയൻ
സഞ്ചിയിൽ ,
പച്ചക്കറി തന്നേയെന്ന്
നിങ്ങളനുമാനിക്കുന്നു.
എന്നിൽ സമത്വത്തിന്റെ ആകാശം
സാഹോദര്യത്തിന്റെ ഭൂമി.
ഞാൻ ,
നിങ്ങളിലേക്ക് ഇടപഴകുന്നതിനാൽ
നിങ്ങളെന്നെ
അതിൽ തന്നെ വാർത്തു വെയ്ക്കുന്നു.
എന്നിൽ കനിവിന്റെ കടൽ
സമാധാനത്തിന്റെ ദേഹബിംബം .
ഞാൻ നിങ്ങളാൽ വിശുദ്ധീകരിക്കപ്പെട്ടവനാകയാൽ
നിങ്ങളെന്നെ
അതിൽ തന്നെ പ്രതിഷ്ഠിക്കുന്നു.
അതിനാൽ അറിയുന്നില്ല. നിങ്ങളൊന്നും,
ഞാൻ
പച്ചക്കറിസഞ്ചി കൊണ്ട് ,
മാംസ കഷണങ്ങൾ കടത്തുന്നു .
ചിന്തയിൽ
നിങ്ങളേതന്നെ –
വേരോടെ അറക്കാൻ ശേഷിയുള്ള
മരം മുറിയന്ത്രങ്ങൾ
വളർത്തുന്നു .
എന്നിട്ടും അറിയുന്നേയില്ല
നിങ്ങളൊന്നും .
അറിയുന്നതെങ്ങനെ?
നിങ്ങളിലേക്കിറങ്ങുമ്പോഴെല്ലാം
ഞാൻ
നിങ്ങളിലേക്ക്തന്നെ
അലിഞ്ഞ് ചേരുകയാണല്ലോ.