“അർച്ചനെ ഒന്ന് വന്നെ” ജയകൃഷണൻ വിളിച്ചു. “എന്താ ഏട്ടാ?”
സ്മാർട്ട് ഫോണിൽ നിന്നും തലയുയർത്തി അവൾ ചോദിച്ചു.

“ഞാൻ ഇവിടെ ഒരു പണി എടുക്കുന്നത് കാണുന്നില്ലേ നീ നിനക്ക് സദാസമയവും ഈ സാധനത്തിൽ തോണ്ടികൊണ്ടിരിക്കാലാണല്ലോ ജോലി.”

“ഞാൻ എഫ് ബിൽ ഒരു ആർട്ടിക്കിൾ വായിച്ചുകൊണ്ടിരിക്കാ, ഏട്ടനെന്താ ചായ വേണോ?”

“ഒന്നും വേണ്ടേ..” അർച്ചനയുടെ ഫെയ്സ്ബുക്ക് മെസ്സേഞ്ചറിൽ മെസ്സേജുകൾ വന്നു നിറഞ്ഞ്കൊണ്ടിരുന്നു.

അതിൽ പ്രിയപ്പെട്ട ഒരു ചാറ്റ് ഹെഡ് അവൾ തുറന്നു. “ഹായ് അച്ചു, ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ?”

“അലക്സ് ഇന്നലെ ഞാൻ എത്ര മെസ്സേജ് ചെയ്തു നീ എവിടെയാരിന്നു?”

“ഇന്നലെ കുറച്ച് ബിസിയായിരുന്നു മോളൂ, ഓഫീസിലെ മൈ ഡിയർ ഫ്രെണ്ട് വിഷ്ണു രാംദാസിന്റെ സെന്റ് ഓഫ് പാർട്ടി.”

“നീ വെള്ളമടിച്ചോ?”

“ഒരു ബീയർ അത്രെയുള്ളൂ.ഞാൻ വെള്ളമാടിച്ചോന്ന് അന്വേഷിക്കാൻ എന്താ ശുഷ്കാന്തി. നിന്റെ കണവൻ എല്ലാ ദിവസവും വൈകുന്നേരം അടിച്ച് പാമ്പായിട്ടല്ലേ വരുന്നത്?”

” ആ ഒറ്റ കാരണംകൊണ്ട് കൂടിയാണ് നിന്റെ ഒപ്പം ഞാൻ ഇപ്പോൾ ഇങ്ങനെ നിൽക്കുന്നതും.”

“അങ്ങേര് കുടി നിർത്തിയാൽ നീ എന്നെ കളഞ്ഞ് അങ്ങ് പോകോ”?

” പോടാ ഓരോ കുരുത്തകേട് ചോദിക്കാതെ. ഏട്ടൻ വിളിക്കുന്നുണ്ട് ചായക്കാണെന്ന് തോന്നുന്നു ഞാൻ പിന്നെ വരാം.”

“ഏട്ട ദാ ചായ ഇപ്പോ കൊണ്ട് വരാം.” അവൾക്ക് അടുക്കളയിലേക്ക് പോയി.

“ഏട്ടാ ഇതാ ചായ” ആർച്ചന ചായയുമായി തൊടിയിലെത്തി.

“അല്ല മോളെ നിന്നെ ഇത് എത്ര നേരായി ഞാൻ വിളിക്കുന്നു.” ജയകൃഷ്ണൻ നീരസത്തോടെ ചോദിച്ചു.

“അത് എന്താന്നറിയോ ഏട്ടാ എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ചില്ലെ ആര്യ ഓൾ ഓൺലൈനിൽ ഉണ്ടായിരുന്നു, ഓൾടെ വിശേഷം പറയാരുന്നു.”

“എപ്പോഴും ഈ ഫോൺ നോക്കിയിരുന്നാൽ നിന്റെ കണ്ണെന്തെങ്കിലുമായിപോവും”

“എപ്പോഴൊന്നും ഇല്ലാലോ, ഏട്ടന് എഫ് ബിയൊന്നും ഇല്ലാത്തോണ്ട അങ്ങനെ തോന്നുന്നത്. ഞാൻ പോവാ”

“നിനക്ക് കുറച്ച് നേരം എന്റെപ്പം ഇവിടെ നിന്നൂടെ..?”

“ഞാൻ എന്തിനാ ഏട്ടാ വെറുതെ ഇവിടെ നിൽക്കുന്നെ, ഏട്ടൻ തെങ്ങിന് തടം കോരുന്നുണ്ട്, വെറുതെ ഞാനും കൂടി ഈ വെയിലത്ത് നിൽക്കണോ?”

അവൾ വീട്ടിലേക്ക് പോയി അലക്സ് അപ്പോഴും അവളെയും കാത്ത് ഓൺലൈനിൽ ഉണ്ടായിരുന്നു.

വൈകുന്നേരം ടൗണിലെത്തിയ ജയകൃഷണൻ ആൽതറയലിരുന്ന് തന്റെ അടുത്ത സുഹൃത്തായ ഗോപാലനോട് ചോദിച്ചു.

“നിങ്ങൾക്കുണ്ടോ ഗോപാലേട്ടാ ഈ ഫെയ്സ്ബുക്ക്?.”

“മോൻ ഒരിക്കെ എനക്ക് ഫോണിലാക്കി തന്നിനി ഞാൻ നോക്കലൊന്നൂല്ല, എന്തെ നീയിപ്പോ ചോദിച്ചത്?.”

“ഓള് സദാസമയവും അതിലാന്ന്. ചോദിച്ചാൽ കൂട്ടുകാരിക്ക് മെസ്സേജ് അയക്കാന്ന് പറയും.”

“നീ സൂക്ഷിക്കണം ജയകൃഷണാ, ഇപ്പോ ഇതിലൂടെയാ പ്രേമവും‌ ഒളിച്ചോട്ടവുമൊക്ക സംഭവിക്കുന്നത്. പത്രത്തിൽ എത്രയാ വാർത്തകള് ദിവസേം.”

“നിനക്ക് എത്രയാ പ്രായം?.” ഗോപലേട്ടൻ ചോദിച്ചു.

“നാൽപത്”

“ഓൾക്കോ.”

“ഇരുപത്തിയെട്ട് ആയിട്ടുണ്ടാവും.”

“ജയകൃഷണാ ഈ ജനറേഷൻഗ്യാപ്പ് എന്ന് പറയുന്ന ഒരു സംഭവമുണ്ട്.

” എന്നു പറഞ്ഞാൽ എന്താ ഗോപാലേട്ടാ?.”

“അതായത് നിന്റെയും എന്റെയും ചിന്താഗതിയോ പ്രവർത്തിയോ ഒന്നുമായിരിക്കില്ല ഇരുപത്തിയെട്ട് വയസുള്ള നിന്റെ പെണ്ണിന്. അവൾ വളർന്ന് വന്നത് വേറൊരു കാലത്താണ്. അവളുടെ ചിന്തയിലും പ്രവർത്തിയിലുമൊക്കെ മാറ്റമുണ്ടാവും.”

“മ്ം ഓൾക്ക് അങ്ങനെ എന്തെങ്കിലും ഒണ്ടാവോ?”

“പറയാൻ ആവൂല്ല ജയകൃഷ്ണ ഇപ്പോത്തെ കാലം അല്ലേ?”

അന്ന് രാത്രി ജയകൃഷണൻ പതിവിലധികം മദ്യപിച്ചാണ് വീട്ടിലെത്തിയത്. ആടിയാടി വരുന്ന് ജയകൃഷ്ണനെ കണ്ട് അർച്ചന ചോദിച്ചു.

“നിങ്ങൾക്ക് ഈ നശിച്ച കുടി നിർത്താനായില്ലെ?, ടേബിളിൽ ചോറ് വിളമ്പി വച്ചിട്ടുണ്ട് എടുത്ത് കഴിച്ചോളൂ”

അതും പറഞ്ഞ് അവൾ റൂമിൽ കയറി കിടന്നു.

“ഇന്നും വന്നിട്ടുണ്ട് കുടിച്ച് ബോധമില്ലാതെ എനിക്ക് ഇവിടെ വയ്യ അലക്സ് ഞാൻ ജീവിതം മടുത്തു. നീയുള്ളത് കാരണമാ ഞാൻ അൽപമെങ്കിലും പിടിച്ച് നിൽക്കുന്നത്.” അവൾ ചാറ്റിലൂടെ അലക്സിനോട് പറഞ്ഞു

“എന്താ അർച്ചന താൻ ഇങ്ങനെ ആകെ ഡെസ്പ് ആയിട്ട്?”

“എനിക്ക് ഇവിടെ ജീവിക്ക പറ്റില്ല ട്ടോ. എന്നെ കൊണ്ടുപോകണം.”

“കൊണ്ട് പോകാലോ..”

“നീ കിടന്നോ ഏട്ടൻ ഇപ്പോൾ കഴിച്ച് കഴിഞ്ഞ് വരും. ഗുഡ്നൈറ്റ്.”

“ഗുഡ്നൈറ്റ് മോളൂ.”

ജയകൃഷണൻ റൂമിലേക്ക് കടന്ന് വന്നു
“അർച്ചന നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ?. എന്നെക്കാൾ നിന്റെ ജീവിതത്തിൽ പ്രാധാന്യമുള്ള ആരെങ്കിലുമുണ്ടോ?”

“അങ്ങനെയുന്നുമില്ല എല്ലാം ഏട്ടന്റെ തോന്നലാ. കള്ള് കുടിച്ച് വെളിവില്ലാതെ വന്ന് ഓരോന്ന് വിളിച്ച് പറഞ്ഞാൽ മതിയല്ലോ?.”

അടുത്ത ദിവസം രാവിലെ എണീറ്റപ്പോൾ അർച്ചനക്ക് വല്ലാത്ത് ഷീണം തോന്നി. രാവിലെ ദോശ കഴിച്ചപ്പോൾ ഓക്കാവും ചർദിയും അവൾ തളർന്ന് സോഫയിലേക്ക് ഇരുന്നു.

“എന്ത് പറ്റി മോളെ” ജയകൃഷണൻ ഓടി വന്നു താങ്ങിയെടുത്തു.

“ഒന്നുല്യാ ഏട്ടാ ഒരു ഷീണം പോലെ.”

“നീ ഡ്രെസ്സ് മാറ് നമുക്ക് ഹോസ്പിറ്റലിൽ പോകാം”

ജയകൃഷണൻ അവളെ താങ്ങിപ്പിടിച്ച് വണ്ടിയിൽ കയറ്റി. വണ്ടി ഹോസ്പിറ്റലിൽ എത്തി.

ജയകൃഷ്ണൻ ടോക്കൺ എടുത്തു. കുറച്ച് സമയത്തെ കാത്തിരിപ്പിനു ശേഷം നഴ്സ് അർച്ചനയുടെ പേര് വിളിച്ചു.

“എന്ത് പറ്റി അർച്ചന ഡോക്ടർ ചോദിച്ചു”

“രാവിലെ തന്നെ ഒരു ഷീണവും തലകറക്കവും ചെറിയ തോതിൽ ചർദിച്ചു” അർച്ചന പറഞ്ഞു.

“നിങ്ങൾ ആരാ” ഡോക്ടർ ജയകൃഷണനെ നോക്കി ചോദിച്ചു.

“അർച്ചനയുടെ ഭർത്തവാണ്.” അയാൾ പറഞ്ഞു

“നിങ്ങൾ ഒന്ന് പുറത്ത് നിൽക്ക് ഞാൻ വിളിക്കാം.”

അൽപ സമയം കഴിഞ്ഞപ്പോൾ നഴ്സ് ജയകൃഷ്ണനെ വിളിച്ചു.

“ഇരിക്ക് ജയകൃഷ്ണൻ, പേടിക്കാനൊന്നുമില്ല അർച്ചന പ്രഗ്നന്റാണ്,   രണ്ട് ആഴ്ച കഴിഞ്ഞ് ഒന്ന് കൊണ്ടുവന്നോളൂ.” ഡോക്ടർ പറഞ്ഞു.

തിരിച്ച് പോകുമ്പോൾ ജയകൃഷണന്റെ മനസ്സ് സന്തോഷംകൊണ്ട് നിറഞ്ഞ് തുളുമ്പി. രണ്ട് വർഷമായി ഒരു കുഞ്ഞിക്കാലിനായി കാത്തിരിക്കുന്നു.

വീട്ടിലെത്തി അർച്ചന റൂമിൽ കയറി കിടന്നു ഫോൺ എടുത്ത് ഡാറ്റ ഓൺ ചെയ്തപ്പോൾ മെസ്സേഞ്ചറിൽ അലക്സിന്റെ മെസ്സേജുകൾ വന്ന് കിടക്കുന്നു.

“എവിടെയ മോളൂ, തന്നെ കാണനില്ലല്ലോ?, എവിടെയെങ്കിലും പോകുകയാണെങ്കിൽ ഒന്ന് പറഞ്ഞിട്ട് പോയ്കൂടെ?”

“അലക്സ് ഞാൻ ഒന്ന് ഹോസ്പിറ്റലിൽ പോയി”

“നമുക്ക് അടുത്ത് ഞാറഴ്ച മുംബൈക്ക് പോകാനുള്ള ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്, എന്തിനാ താൻ ഹോസ്പിറ്റലിൽ പോയത് എന്താ തനിക്ക് പറ്റിയത്.”

“ഞാൻ പ്രഗ്നന്റാണ് അലകസ്, നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം, പക്ഷേ എന്റെ കുഞ്ഞിന്റെ അച്ഛന്റെയും അമ്മയുടേയും സ്ഥാനത്ത് എനിക്ക് എന്നെയും ഏട്ടനെയും അല്ലാതെ മറ്റാരെയും കാണാൻ പറ്റില്ല.”

“അർച്ചന നീ ഒരുപാട് മാറിപോയിരിക്കുന്നു. നിന്റെ ജീവിതത്തിൽ എനിക്കൊരു സ്ഥാനവുമില്ലാതെയാവുമെന്ന് ഞാൻ നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു. ഇനി ഞാൻ നിന്റെ മനസ്സിൽ ഇല്ലാത്ത ഒരു സ്ഥാനത്തിനായി കാത്തുനിൽക്കുന്നത് ശരിയല്ല ഞാൻ പോകട്ടെ.. ഗുഡ്ബൈ.

അപ്പോഴെക്കും ജയകൃഷ്ണൻ വന്ന് വിളിച്ചു. “മോളെ വാ ചോറ് കഴിക്കാം.” അയാൾ ചോറും കറികളും തയ്യാറക്കിയിരുന്നു. അവൾ ചോറ് കഴിക്കാനിരുന്നു. ജയകൃഷ്ണൻ ചോറ് വിളമ്പി കൊടുത്തു.

“ഏട്ടാ എന്റെ വയറ്റിൽ കുഞ്ഞ് അനങ്ങുന്നുണ്ട് ചേട്ടൻ ഒന്ന് തലവച്ച് നോക്കിയെ.”

ജയകൃഷ്ണൻ  അർച്ചനയുടെ വയറോട് കാത് ചേർത്തു “ശരിയ അനക്കമുണ്ട്.” അയാൾ പറഞ്ഞു.

വൈകുന്നേരം ജയകൃഷ്ണൻ ടൗണിലേക്ക് ഇറങ്ങിയപ്പോൾ പതിവ് പോലെ അയാളെയും കാത്ത് ഗോപാലേട്ടൻ ആൽതറയിൽ ഉണ്ടായിരുന്നു.

“എന്താ ജയകൃഷ്ണാ നീ ഇന്ന് ലഡു ഒക്കെയായിട്ട്?.”

“ഇന്ന് ഒരു സന്തോഷമുള്ള ദിവസാ ഗോപലേട്ടൻ കഴിക്ക്”

“എന്തെ നിനക്ക് ലോട്ടറിയടിച്ചോ?”

“ഒരു തരത്തിൽ പറഞ്ഞാൽ ലോട്ടറി തന്നെയാണ്, അർച്ചന പ്രഗ്നന്റാണ്.”

“എന്നിട്ട് ഈ ലഡു മാത്രേ ഉള്ളോ മോനെ കുപ്പി പെട്ടിക്കണ്ടെ നമുക്ക്?”

“വേണ്ട ഗോപലേട്ടാ നിർത്തി ഒരു അച്ഛനാവാൻ പോവല്ലേ.? അല്ലെങ്കിൽ തന്നെ എന്റെ കുടി കാരണം അവള് മടുത്തു പാവം”

“നല്ല കാര്യം നല്ല തീരുമാനം നന്നായി വരും.” ഗോപലേട്ടൻ പറഞ്ഞു.

“അല്ല ഗോപാലേട്ടാ ഈ ജെനറേഷൻഗ്യാപും അവളുടെ ഫെയ്സ്ബുക്കുമൊക്കെ ഇനിയും എനിക്ക് പ്രശ്നമാകുമോ?”

“നീ പേടിക്കണ്ട മോനെ ജയകൃഷ്ണാ നിന്റെ കുഞ്ഞല്ലെ അവളുടെ വയറ്റിൽ അതോണ്ട് ഇനി അവൾ നിന്നെ വിട്ട് എവിടെയും പോകില്ലാ.”

ഗോപാലേട്ടൻ ഉറക്കെ ചിരിച്ചു. ജയകൃഷ്ണൻ ആ ചിരിയിൽ പങ്ക്ചേർന്നു.

രചന: (അനന്ദൻ ആനന്ദ്)

By ivayana