പ്രിയ ബിജു ശിവകൃപ*
പുറത്തേക്ക് നോക്കി അന്തമില്ലാത്ത ചിന്തകളും പേറി കട്ടൻ ചായയും കുടിച്ചിരിക്കുമ്പോഴാണ് വീട്ടിലേക്കുള്ള കല്പടവുകൾ കയറി ഒരു യുവതിയും കുട്ടിയും കയറി വരുന്നത് കണ്ടത്…. യുവതിയെ കണ്ടപ്പോൾ നല്ല പരിചയം തോന്നി…
ചെറിയ കുട്ടി മാലാഖയെ ഓർമ്മപ്പെടുത്തി ഓമനത്തം തുളുമ്പുന്ന മുഖം
ഗോപൻ അകത്തേക്ക് നോക്കി വിളിച്ചു… അമ്മേ ഇങ്ങോട്ടേക്കൊന്നു വരൂ….
അകത്തു നിന്നും അമ്മ രമാദേവി ഇറങ്ങിവന്നു…പ്രായമേറെ ആയെങ്കിലും ഐശ്വര്യമുള്ള മെലിഞ്ഞ ഒരു സ്ത്രീ….
“എന്താ ഗോപാ…”
“ദാ.. ആരോ വരുന്നുണ്ട്…”
അവർ പടവുകൾ കയറി അടുത്തെത്തി….
“ആരാ… മനസ്സിലായില്ല “
രമാദേവി പുഞ്ചിരിയോടെ ചോദിച്ചു…
“ഞാൻ ഗോപൻ അങ്കിളിനെ ഒന്നു കാണാൻ വന്നതാണ്…. എന്നെ മനസ്സിലായില്ല അല്ലെ…
ഞാൻ ഗീതാഞ്ജലി…. അരുന്ധതിയുടെ മകളാണ്… ഇതു എന്റെ മകൾ ശിഖ….”
അവളെ കണ്ടപ്പോൾ പരിചയം തോന്നിയത് എന്തു കൊണ്ടാണെന്നു അയാൾക്ക് മനസ്സിലായി… ഒരു കാലത്ത് തന്റെ എല്ലാമായിരുന്ന അരുന്ധതിയുടെ മകൾ…..
“ങ്ങാ… മോളെ കണ്ടിട്ട് മനസ്സിലായില്ല… കുഞ്ഞായിരുന്നപ്പോൾ കണ്ടതല്ലേ… വരൂ മോളെ അകത്തേക്കിരിക്കാം…”രമാദേവി ക്ഷണിച്ചു….
അവൾ ഉമ്മറത്തേക്ക് കയറി ഇരുന്നു….
ഗോപൻ താനിരുന്ന വീൽചെയർ മെല്ലെ കുറച്ചു കൂടി മുൻപോട്ടു ഉരുട്ടി….
ഗീതാഞ്ജലി അനുകമ്പയോടെ അയാളെ നോക്കി…
“ഇപ്പോഴും ട്രീറ്റ്മെന്റ് ഉണ്ടോ അങ്കിൾ “
“ഹേയ്… അങ്ങനെ ഇരിക്കുമ്പോൾ ഇടയ്ക്കൊന്നു ചെക്ക് അപ്പിന് പോകും… ഡോക്ടർ എന്തെങ്കിലും മരുന്ന് തരും… അതുകഴിച്ചു കുറേ പുസ്തകങ്ങളുമായി അങ്ങനെ”….
അയാൾ കയ്യിലിരുന്ന “അഗ്നിചിറകുകൾ ” ടേബിളിലേക്ക് വച്ചു….
“അങ്കിളിന്റെ കയ്യിൽ ഒരുപാട് കളക്ഷൻസ് ഉണ്ടല്ലേ.. അമ്മ പറഞ്ഞിട്ടുണ്ട്.. പുസ്തങ്ങളുടെ ഉറ്റ
തോഴനായിരുന്നുവെന്നു….”
“ഉവ്വ്… പുസ്തകങ്ങൾ അന്നും ഇന്നും എന്റെ ചങ്ങാതികളാണ്..”
“ഞാൻ ചായ എടുക്കാം “
രമാദേവി അടുക്കളയിലേക്ക് പോയി….
“മോളൂട്ടി… ഇങ്ങടുത്തേക്ക് വാ….അപ്പൂപ്പന്റെ മടിയിലിരിക്ക് “
അയാൾ സ്നേഹത്തോടെ വിളിച്ചു….
ശിഖമോൾ ഒരു സങ്കോചവും കൂടാതെ ഓടിവന്നു അയാളുടെ മടിയിൽ കയറി ഇരുന്നു….
“മോൾ ഏതു ക്ലാസ്സിലാ പഠിക്കുന്നെ “
“യുകെജി യിലാ “
കിളിക്കൊഞ്ചൽ പോലെ ശിഖയുടെ മറുപടി…
പിന്നെ സംസാരം തുടർന്നു ശിഖമോൾ…. അയാളെ രസം പിടിപ്പിച്ചു അവളുടെ വർത്തമാനം….അവർ വളരെ പെട്ടെന്ന് അടുത്തു….
ഗോപന്റെ അമ്മ ചായ കൊണ്ടു വന്നു കൊടുത്തു…
“മോളെന്നാ വന്നത്… അമ്മയ്ക്ക് സുഖാണോ…വിവാഹം കഴിഞ്ഞു നിന്നെയും പ്രസവിച്ചു നിനക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഇവിടെ നിന്നും പോയതല്ലേ അരുന്ധതി.. പിന്നെ ഒരു വിവരവും ഉണ്ടായിരുന്നില്ല… ദൂരെയെവിടെയോ ആയിരുന്നു എന്നു അറിയാം…”
ഗോപൻ ചോദിച്ചു….
“എന്റെ കൂട്ടുകാരിയുടെ ആങ്ങളയുടെ കല്യാണമായിരുന്നു… രണ്ടു ദിവസം മുൻപ്… അതിനു വന്നതാ.. അപ്പോൾ അങ്കിളിനെ ഒന്നു കാണണം എന്നു തോന്നി…”
“അമ്മ മരിച്ചിട്ട് ഒരു വർഷമായി…. മരിക്കുന്നതു വരെയും അങ്കിളിന്റെ കാര്യങ്ങൾ എന്നോടും അനിയനോടും പറയാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല….”
അയാൾ ഞെട്ടിത്തരിച്ചു… അരുന്ധതി മരിച്ചെന്നോ….
ദൈവമേ… അയാൾക്ക് നെഞ്ചുനീറി…
ഗോപന്റെ അമ്മയും വിശ്വസിക്കാനാവാതെ നിന്നു….
ഗോപനും അരുന്ധതി യും സ്നേഹത്തിലാണെന്നറിഞ്ഞു അവരുടെ ആങ്ങളമാർ പെട്ടെന്നാണ് അരുന്ധതിയുടെ വിവാഹം ഉറപ്പിച്ചത്….
വീട്ടുതടങ്കലിൽ ആയിരുന്നു അരുന്ധതി…. വിവാഹത്തിന് രണ്ടു ദിവസം മുൻപ് കൂട്ടുകാരുടെ സഹായത്തോടെ അവളെ വീട്ടിൽ നിന്നും പുറത്തിറക്കി… കൂട്ടുകാരന്റെ കാറിൽ അവിടം വിടാനായിരുന്നു പ്ലാൻ..
എന്നാൽ വിവരമറിഞ്ഞു പാഞ്ഞെത്തിയ അവളുടെ ആങ്ങള മാർ വഴിയരികിൽ അവരെ തടഞ്ഞു നിർത്തി…. അവരുടെ ആക്രമണത്തിൽ നിലത്തു വീണ ഗോപന്റെ കാൽ രണ്ടും തല്ലിയൊടിച്ചു…. അരുന്ധതിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി…
അവർ അവളുടെ വിവാഹം പറഞ്ഞുറപ്പിച്ച സമയത്തു തന്നെ നടത്തി…. ആരാണ് ആക്രമിച്ചതെന്നു അറിയില്ലെന്ന് ഗോപൻ പൊലീസിൽ മൊഴി നൽകി…
ഏറെ നാളത്തെ ചികിത്സ കഴിഞ്ഞു ഇപ്പോൾ വീൽചെയറിൽ തന്നെ തന്റെ ജീവിതം തളച്ചിട്ടു ഗോപൻ
തന്റെ മധുരമുള്ള പ്രണയ കാലത്തെ ഓർമ്മകളും അയവിറക്കി പുസ്തക ക്കൂട്ടങ്ങളുമായി അയാൾ തന്റെ ജീവിതം മെല്ലെ മുന്നോട്ട് നീക്കുകയായിരുന്നു….
തന്നെപ്പോലെ അരുന്ധതിയും നല്ല വായനക്കാരിയായിരുന്നു.. മാത്രമല്ല കവിതകൾ എഴുതുകയും ചെയ്തിരുന്നു….
അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ കവിതകൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്ന്…..
മഴയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവളുടെ കവിതകളിൽ ഏറെയും മഴയും പ്രണയവുമായിരുന്നു ഇതിവൃത്തം….
ഒരിക്കൽ എന്നും കണ്ടുമുട്ടാറുള്ള ചീരപ്പാറയുടെ താഴ്‌വാരത്തു വച്ചു തന്റെ നെഞ്ചോടു ചേർന്നു നിന്നവൾ പറഞ്ഞു…
“ഗോപേട്ടാ….”
“ഉം “
“ഞാനൊരു പേര് കണ്ടുപിടിച്ചിട്ടുണ്ട്.. എന്റെ കവിതാ സമാഹാരത്തിനു “
“ആഹാ… എന്താ അത്… പറയ്…ഞാനും കൂടി കേൾക്കട്ടെ “
“ശലഭ മഴ “…..
“ആഹാ കൊള്ളാലോ.. എന്താ നീ ഇതു കൊണ്ടു ഉദ്ദേശിക്കുന്നെ…..”
“മഴയെ നമുക്ക് ഇഷ്ടമുള്ള ഭാവത്തിൽ കാണാൻ സാധിക്കും… എനിക്ക് ശലഭം പോലെ പറന്നിറങ്ങുന്ന മഴയാണ് ഇഷ്ടം…. വർണ്ണചിറകുകൾ വീശി….”
“കൊള്ളാം നല്ല ഭാവന “
അവൾ ചിരിച്ചു…. മുത്ത് ചിതറും പോലെ….
“അപ്പൂപ്പാ…. എന്താ ഓർക്കുന്നെ….”
ശിഖ മോളുടെ ചോദ്യം….
“മോളെ…. വെറുതെ ഓരോന്നാലോചിച്ചങ്ങനെ ഇരുന്നുപോയി…”
“എന്നാൽ ഞങ്ങളിറങ്ങട്ടെ അങ്കിൾ…. എനിക്കൊരുപാട് ആഗ്രഹം ഉണ്ടായിരുന്നു അങ്കിളിനെ കാണണം എന്നു…. അതിപ്പോൾ സാധിച്ചു….”
അവൾ പോകാനായിറങ്ങി…
ശിഖമോൾ ഗോപനെയും അമ്മയെയും കെട്ടിപ്പിടിച്ചു മുത്തം നൽകി
ഗീതാഞ്ജലി ഗോപന്റെ അടുത്തേക്ക് വന്നു… മെല്ലെ അയാളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു .ചലന ശേഷിയില്ലാത്ത ആ കാല്പാദങ്ങളിൽ മെല്ലെ പിടിച്ചു… അവളുടെ മിഴികൾ നിറഞ്ഞൊഴുകി ..കണ്ണ് നീർ തുള്ളികൾ ആ പാദത്തിലേക്ക് വീണു കൊണ്ടിരുന്നു… “
“മോളെ എന്തായിത്…. എഴുന്നേൽക്കു”
ഗോപനും സങ്കടം വന്നു…
“അമ്മ എപ്പോഴും പറയുമായിരുന്നു… അങ്കിളിനെ എന്നെങ്കിലും കാണുകയാണെങ്കിൽ അമ്മയ്ക്ക് വേണ്ടി ആ കാൽ പിടിച്ചു മാപ്പ് പറയണം എന്ന്… മാത്രല്ല… ദാ ഈ സമ്മാനം അങ്കിളിനു തരണം എന്നു….”
അവൾ ബാഗിൽ നിന്നും ഒരു കടലാസ്സിൽ പൊതിഞ്ഞ എന്തോ ഒന്നു അയാൾക്ക് കൊടുത്തു….
വിറയാർന്ന കൈകളോടെ അയാൾ അതു ഏറ്റു വാങ്ങി തുറന്നു നോക്കി….
വർണ്ണ ശലഭങ്ങൾ മഴത്തുള്ളികളായി പെയ്തിറങ്ങുന്നു….. മഴയുടെ വ്യത്യസ്തമായ ഭാവം പകർന്ന പുറംചട്ടയോട് കൂടിയ ഒരു പുസ്തകം…. അതേ അരുന്ധതിയുടെ സ്വപ്നമായിരുന്ന പുസ്തകം ശ ലഭ മഴ!!!
“അമ്മ ഈ ഒരു ഒറ്റ കോപ്പി മാത്രമേ എടുത്തിട്ടുള്ളു അങ്കിളിനു മാത്രം നൽകാനായി “
അയാൾ കണ്ണീരോടെ ആ പുസ്തകം നെഞ്ചോടു ചേർത്തു…..
പെട്ടെന്നാണ് മഴ ചാറിതുടങ്ങിയത്….
അയാളുടെ മനസ്സ് മന്ത്രിച്ചു.
ഇതു അരുന്ധതിയുടെ ആനന്ദ കണ്ണീരാണ്…
അകലെ കാണാമറയത്തെങ്ങോ ഇരുന്നു അവൾ വിളിക്കുമ്പോലെ അയാൾക്ക് തോന്നി…..
” ഗോപേട്ടാ “!!!