ജിബിൽ കർണൻ K*
അച്ഛൻ കുടി നിർത്തിയത്
ആദ്യമറിഞ്ഞത്
അടുക്കളയിലെ പാത്രങ്ങളാണ്.
ഈയിടെ അവ തറയിലടിച്ചു
കലപില കൂടാറില്ല..
മൺച്ചട്ടികൾ ചുവരിൽ തലയടിച്ചു
ചിതറി മരിക്കാറില്ല..
കുടി നിർത്തി
ആറുമാസത്തിനുള്ളിൽ
അമ്മയുടെ കറുത്ത താലി ചരട്
തിളങ്ങുന്ന മഞ്ഞയായി മാറി..
അമ്മ ചിരിക്കില്ലെന്നു
ആരാണ് നുണ പറഞ്ഞത്?
കോളേജ് കാലത്തെ
അമ്മയുടെ
ഗ്രൂപ്പ് ഫോട്ടോയിലെ മനോഹരമായ ചിരി
ഞാനിപ്പോ സ്ഥിരമായി കാണാറുണ്ട്ല്ലോ!
എല്ലാ മഴക്കാലത്തും നനഞ്ഞൊലിച്ചിരുന്ന മേൽക്കൂര
ഇപ്പോൾ ചോർന്നൊലിക്കാറില്ല..
പലചരക്കു കടക്കാരൻ
ശശി ചേട്ടൻ
കറുത്ത മുഖവുമായി
അച്ഛനെ തിരക്കി വരാറില്ല..
പാൽക്കാരന്റെ മുഖത്തുമുണ്ട്
ഒരു വെളുത്ത പാൽ പുഞ്ചിരി.
സന്ധ്യകളിൽ കറുത്തിരുണ്ട
എന്റെ വീട്ടിൽ
ആരോ വെള്ള ചായം പൂശിയിരിക്കുന്നു.
ദുരന്തകാവ്യങ്ങൾ മുഴങ്ങിയിരുന്ന
അടുക്കളയിൽ നിന്നു
അമ്മ എണ്പതുകളിലെ
പ്രണയഗാനങ്ങൾ മൂളുന്നുണ്ട്.
മീശ കറുപ്പിച്ചും
മുടി ഡൈ ചെയ്തും
പത്തു വയസ്സു കുറച്ച അച്ഛനെ
വട്ടമിട്ടു കളിയാക്കലാണ്
എന്റെയും പെങ്ങളുടെയും
ഇപ്പോഴത്തെ ഇഷ്ട വിനോദം.
മേക്കപ്പ് വെറുപ്പായിരുന്ന അമ്മ
ഈയിടെ
ഒളിച്ചിരുന്നു
മുഖത്തു
രക്ത ചന്ദനം തേക്കുന്നത്
ഞാൻ എന്റെ കണ്ണു കൊണ്ടു കണ്ടു..
ഗൃഹനാഥൻ
കുടി നിർത്തിയാൽ
വീടാകെ ചിരിക്കുമെന്നു
ആരോ പറഞ്ഞത് സത്യമാണല്ലേ..
ദാ.. ഇപ്പൊ വാടിയ
വാഴത്തോപ്പ് പോലും
പച്ചയില കാട്ടി
ചിരിക്കുകയാണ്..