(രജിത് ലീല രവീന്ദ്രൻ)*

“പേടിയാണ് എനിക്ക് നിന്നെ. അത് ഞാൻ പറഞ്ഞിട്ടുണ്ടോ എപ്പോഴെങ്കിലും. എനിക്ക് ശ്വാസം വിടണം ഗോവിന്ദ്, പേടിക്കാതെ ശ്വാസം വിടണം.നീയാണ് തടസ്സം. എനിക്കെന്നെ പോലെയാകണം ഇനിയെങ്കിലും. നിനക്ക് വേണ്ട എന്നെ പോലെയല്ല, എനിക്കുവേണ്ട എന്നെപ്പോലെ.”
മനു അശോകൻ സംവിധാനം ചെയ്ത ഉയരേ എന്ന സിനിമയിൽ പല്ലവി കാമുകനായ ഗോവിന്ദിനോട് പറയുന്നതാണിത്.

അത്രയേറെ മാനസിക പ്രയാസങ്ങളും സംഘർഷങ്ങളും അവൾ അനുഭവിച്ചു കഴിഞ്ഞു. പക്ഷേ അവളെ ഈ ബന്ധത്തിൽ നിന്നും പുറത്തു കടക്കാൻ ഗോവിന്ദ് അനുവദിക്കുന്നില്ല. അതിനവൾ ശ്രമിച്ചപ്പോൾ ഗോവിന്ദ് അവന്റെ ‘സ്നേഹം’ മുഴുവൻ ഒരു ആസിഡ് കുപ്പിയിലാക്കി അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു. നമ്മുടെ മാധ്യമങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ വെറുമൊരു ‘പ്രണയപ്പക’.
പ്രണയത്തിൽ ഇത്തരം ‘ടോക്സിസിറ്റി’ വളരെ ധാരാളമായി കണ്ടു വരുന്നുണ്ട്. അവളുടെ കാര്യങ്ങൾ ഞാനാണ് തീരുമാനിക്കുന്നതെന്നു കൂട്ടുകാരോട് പറയുകയും, നീ അവനോട് മിണ്ടുന്നത് എനിക്കിഷ്ടമല്ലെന്ന് തീർത്തു പറയുകയും ചെയ്യുന്ന യുവകാമുകന്മാർ ഒരുപാടുണ്ട്.

തന്റെ മെസ്സേജിന് മറുപടി അയക്കാൻ കാമുകി ഒരല്പം വൈകിയാൽ അവൾ വേറെ ആരുമായും ചാറ്റ് ചെയ്യുകയായിരുന്നില്ലെന്ന് ബോധ്യപ്പെടുത്താൻ പെൺകുട്ടികൾ കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. ഞാൻ വിട്ടിട്ടു പോയാൽ അവൻ എന്തെങ്കിലും ചെയ്തു കളയുമെന്ന ഭയം മുമ്പത്തെതിൽ നിന്നും കൂടുതലായി പെൺകുട്ടികളിൽ കാണുന്നുണ്ട്.

പ്രണയ പരാജയമെന്നാൽ തന്റെ ആണത്തം (?) ചോദ്യപ്പെട്ടു എന്നതാണെന്ന് വിശ്വസിക്കുന്ന പമ്പര വിഡ്ഢികളുടെ നാടായി മാറുകയാണ് നമ്മുടേത്. പ്രണയത്തിൽ നിന്നോ, വിവാഹത്തിൽ നിന്നോ പിൻവാങ്ങുമ്പോൾ ആളിപടരുന്ന പകയുമായി മറ്റേയാളിനെ പിന്തുടരുകയാണ്. ആള് ബലൂൺ വീർപ്പിച്ചതല്ലേ ഉള്ളൂ അല്ലാതെ അവളെ കൊല്ലാനൊന്നും പോയില്ലല്ലോ എന്ന ‘ആനുകൂല്യം’ വാർത്തക്ക് താഴെയെഴുതി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരാണ് കൂടുതലും. പരസ്പരം അംഗീകരിച്ചു കൊണ്ടുള്ള പിരിയൽ എന്നത് സാധ്യമേ ആകുന്നില്ല.

ഇനി പ്രണയത്തിലെ പൊസ്സസ്സീവ്നെസ്സ് സഹിച്ചു, പ്രണയിച്ചോ, അറേഞ്ച്ഡ് മാര്യേജോ ആയി വിവാഹത്തിലേക്ക് കടന്നാലോ, കാര്യങ്ങൾക്ക് വല്ല മാറ്റവുമുണ്ടോ .വലിയൊരു വിഭാഗം പുരുഷന്മാരും നിങ്ങൾ ഒരു വ്യക്തി ആണെന്ന് പോലും അംഗീകരിക്കാതെ നിങ്ങളുടെ എല്ലാ ഇഷ്ടങ്ങളും, യാത്രകളും, പ്രവർത്തികളും നിയന്ത്രിക്കുകയാണ്. നിങ്ങൾക്കു വേണ്ടി നിങ്ങളുടെ പാർട്ണർ എല്ലാ കാര്യങ്ങളും ചെയ്യുകയാണ്. സ്വന്തമായി സമയമോ, കൂട്ടുകാരോ നിങ്ങൾക്കില്ല. സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേർഡ് പോലും ഭർത്താവിന്റെ കയ്യിലാണ്. നീ എന്തിനാണ് പാസ്സ്‌വേർഡ്‌ മാറ്റിയത്, പുതിയത് എന്താണ് എന്നു ചോദിക്കുന്നത് വളരെ സാധാരണമായാണ്.

വിവാഹം കഴിച്ചിരിക്കുന്നത് ഒരു സി സി ടി വി യെ ആണെന്ന് തോന്നിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ,പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് എത്ര മാത്രം ഉൾകൊള്ളാൻ കഴിയുമെന്നാണ്. ഇതിനെതിരെ പരാതി പറഞ്ഞാൽ എനിക്കത്രയും ‘കെയറിംഗ് ‘നിന്റെ കാര്യത്തിലുള്ളത് കൊണ്ടല്ലേ എന്നാണ് മറുപടി. ഇമ്മാതിരി ‘കെയറിങ്’ അല്ലെനിക്ക് വേണ്ടത് ശ്വാസം വിട്ടാൽ മതിയെന്ന് പല്ലവിയെ പോലെ പ

ലരും പറയുന്നുണ്ട്. എന്നാൽ അവളിടുന്ന ചെരിപ്പിന്റെ നിറവും, ബ്ലൗസിന്റെ ട്രാൻസ്‌പരൻസിയും, ജോലിക്ക് പോകണമോ, എത്ര നേരം വരെ ഓൺലൈനിൽ ഇരിക്കാം,ആരോടൊക്കെ മിണ്ടാം എന്നിങ്ങനെ എല്ലാ കാര്യത്തിലും ഭാര്യ എന്ന ‘വസ്തുവിന്’മേൽ സ്വയം നിർണയാധികാരമുണ്ടെന്നു വിചാരിക്കുന്ന അപൂർവ ജീവികളാണ് ഞാനുൾപ്പെടുന്ന മലയാളി പുരുഷവർഗം.

സൗഹൃദത്തിൽ, പ്രണയത്തിൽ, വിവാഹത്തിൽ മലയാളി പെൺകുട്ടികൾ രണ്ടു സ്റ്റെപ് മുന്നോട്ട് വരുമ്പോൾ നമ്മുടെ ആൺകുട്ടികൾ രണ്ട് സ്റ്റെപ് പിന്നോട്ട് വെക്കുകയാണ് എന്നതാണ് ദുഖകരമായ വസ്തുത. അതുകൊണ്ട് അടക്കമുണ്ടാകേണ്ടത് പെൺകുട്ടികൾക്കല്ല, കത്തിയും, ബ്ലേഡും, പെട്രോളുമായി പെൺകുട്ടികളുടെ പിന്നാലെ കുതിച്ചു പായുന്ന ആൺകുട്ടികൾക്കാണ്.

By ivayana