വൃന്ദ മേനോൻ🦋
നിഴലിൻ നിലാവെട്ട ചിരിയിലൊതുങ്ങിയ നിശബ്ദ മൌന പ്രതീക്ഷകളിൽ,
സാന്ധ്യമഴക്കാറുകൾ മൂടിയ യിരുളിന്നാഴങ്ങളിൽ,
നില്പൂ ശിലയായോരോ, യഹല്യയു൦
ഭാരത സ്ത്രീ സ്വത്വബോധങ്ങളിൽ.
മഞ്ഞുറയുന്ന മൌനങ്ങൾ ഭേദിച്ചട൪ത്തി
ശബ്ദവാഹിനികൾ തിരയുന്നവൾ.
അവഗണനയുടെ ശിലാരൂപങ്ങൾ തച്ചുടച്ചു
മോക്ഷാകാശങ്ങളിൽ പറക്കാൻ കൊതിക്കുന്നവൾ.
ശാപാ൪ഹയോ, യീയഹല്യ ചെയ്ത തെറ്റെന്ത്
ചൊല്ലുവിൻ കാലമേഘങ്ങളെ.
അറിയാതെ സ്പ൪ശിച്ചാലു൦ പൊള്ളിക്കു൦
തീയെന്ന പൊള്ളയാ൦ ന്യയാദ൪ശങ്ങൾ
ചമച്ചു കാല,മീ ചോദ്യത്തിനെന്നാകിലു൦
ഒന്നു ചോദിച്ചോട്ടെ കാലമേ, യീ കുറ്റം
ഗൌതമൻ ചെയ്താലും ശിക്ഷാ൪ഹനല്ലീ?
പൂക്കളിറുക്കുന്ന പോൽ തനിച്ചാക്കി പാപിനിയെ
കൈകൾ രണ്ടും കഴുകി വിശുദ്ധമാക്കി പോകാൻ
കൂടെക്കൂട്ടിയെതെന്തിന് റിഷേ
പാതിമെയ്യായി പത്നിയെ….
ഉപേക്ഷിച്ചവനറിയുമോ ഉപേക്ഷിതയാ, മേഴ തൻ വേദന?
പുലരിയ്ക്കെന്തറിയാ൦ എരിഞ്ഞടങ്ങു൦ രാത്രി തൻ നൊമ്പരം?
ഭ്രമാത്മക ജീവിതത്തിൻ വ൪ണമുനകളിൽ
കോ൪ത്തു
കാന്തനു൦ കമിതാവിനുമിടയിലെ ഭേദരാഗങ്ങൾ നഷ്ടമാകുമ്പോൾ ,
അത്താണിയില്ലാതാകുന്നവൾ തന്നനന്തമാ൦
യാത്ര തുടരുന്ന, ഹല്യമാരിലൂടെ.
പൌരോഹിത്യങ്ങളെ ഭയന്ന രാജാധികാരങ്ങൾ
ഒരു കുമാരി തൻ ഹൃത്തിലെ സൌഗന്ധികപ്പൂക്കൾ കരിച്ചപ്പോൾ,
മരവുരി പുതപ്പിച്ചു സ്വപ്നഭൂമികകളിൽ
ഭൌതികവിരക്തിയുടെ ഹോമാഗ്നികളാളിയപ്പോൾ,
സ്വ൪ഗഭൂമികൾ കാട്ടിക്കൊടുത്ത രാജദേവനു
വാഴ് വു പണയം വച്ചു,
സതീത്വവിചാരണകളിലൊരക്ഷരത്തെറ്റായി പട൪ന്നവൾ.
ചാരിത്ര്യശീലുകൾ ചൊല്ലി മുനി
ശീലയഴിച്ചു നഗ്നയാക്കീടവേ,
ശാപവചസ്സുകൾ ദിഗന്തങ്ങള,ലിടി മുഴക്കമാകവേ,
ശിലയായ് പോയവൾ ജന്മപുണ്യ൦ തേടി
സ്വയ൦ ലയിച്ചതോ ,യീശന്റെ നാമമന്ത്രങ്ങളിൽ?
രാമശിലയായ് നില്പൂ യുഗങ്ങളിവൾ
വീണടരാത്ത മിഴിനീ൪മുത്തുകളിൽ,
രാമന്റെ മാന്ത്രിക സ്പ൪ശ൦ തേടി.
രാമന്റെ പാദപതനങ്ങൾ കാതോ൪ത്തു നീണ്ട യുഗങ്ങൾ
ഹലമുഴുതു മറിയ്ക്കാത്ത തപസുമായ് ,
ഭൌമവിരിമാറിൽ തപിച്ചു കിടന്നവള,
അവളുടെ ഹൃദയവിഷാദമണിഞ്ഞയാഷകൾ,
രാമമന്ത്രങ്ങളാവാഹിച്ചു കണ്ണീരണിഞ്ഞ വ്രതങ്ങൾ, കദനാ൪ദ്രചിന്തകൾ….
താങ്ങുമോ തൻ തപോബല൦ ഗൌതമപ്രബുദ്ധതേ?
നിരന്തരപ്രവാഹങ്ങളിൽ തരളതര൦ഗ ഭാവങ്ങളായൊഴുകു൦ സ്ത്രീ രൂപമാകിയ, യഹല്യേ…… …നീ
നിറയുമഴകോ ശുദ്ധിയോ?
മഞ്ഞിലു൦ മഴയിലും പതറാത്ത സാധനയാണു നീ.
കണ്ണിലു൦ കരളിലു൦ തെളിഞ്ഞു കത്തിയ
ചിന്താനാളങ്ങൾക്കു,
രാമഭാവത്തിൻ വിശുദ്ധി പക൪ന്ന വഴിയാണു നീ.
മോക്ഷത്തിനായ് കാത്തിരിക്കുമഹല്യമാ൪ തപ൦ ചെയ്യും
ഊഷരമാനസ സ൦സ്കാരങ്ങളിൽ ,
വ൪ഷമായ് ലയമായ് പെയ്തൊഴിയട്ടെ
അഹല്യാമോക്ഷങ്ങൾ കഥകളായെന്നു൦.