ശിവരാജൻ കോവിലഴികം*
ഓർത്തെടുക്കുവാൻ മാത്രമായിന്ത്യയിൽ
വന്നുപോകുന്നു ഗാന്ധിജയന്തികൾ
ഓർമ്മയില്ലിന്നു ഭാരതപുത്രനെ,നമ്മൾ
കേട്ടുകേട്ടു മറന്നുപോയെപ്പൊഴോ !
ഇത്രമേലാഴത്തിലിന്ത്യതന്നാത്മാവു
തൊട്ടൊന്നറിഞ്ഞവരാരാരുമുണ്ടോ ?
ഇന്ത്യനെന്നോതുവാനിത്രമേലർഹനാ-
യില്ലില്ലയാരുമേ ചൊല്ലാം നിസ്സംശയം .
ഒരു വട്ടക്കണ്ണട,യതിന്നുള്ളിൽ സൗമ്യത
ഒറ്റമുണ്ടും വടിയും ഗാന്ധിതൻ വേഷം !
എൻജീവിതംതന്നെ എന്റെ സന്ദേശമതു
ചൊല്ലുവാൻ ഗാന്ധിയല്ലാതാരു പാരിതിൽ ?
വിപ്ലവത്തിൻ പുതുമാർഗ്ഗ,മഹിംസയെ-
ന്നാ വിശ്വയോഗി പഠിപ്പിച്ചു നമ്മളെ
ഗ്രാമങ്ങളിൽനിന്നുതന്നെ തുടങ്ങണം
നാടിൻവികസനം കേട്ടില്ലതാരുമേ
ഒരു പുഷ്പചക്രത്തിന്നുള്ളിൽക്കുരുക്കിട്ടു –
ബന്ധിച്ചു ഗാന്ധിയെ ഗാന്ധിശിഷ്യർ !
ദത്തെടുക്കുന്നിന്നു ഗാന്ധിസൂക്തങ്ങളെ
ഇന്നലത്തെക്കൊലയാളികൾപോലുമേ !
ഗോഡ്സെമാരിതിഹാസമാകുന്നൊരിന്ത്യയിൽ
ഗാന്ധിതൻ “ഹേ റാം”മന്ത്രമൊരു രോദനം
മാറുന്നൊരിന്ത്യതൻ മുഖമൊന്നു കാണുകിൽ
ഭയമാണു ഭാരതമക്കൾതൻ ഹൃത്തതിൽ .
പാരതന്ത്ര്യത്തിനെ ആട്ടിയകറ്റിടാൻ
പിറവികൊണ്ടീടുമോ ഇനിയുമൊരു ഗാന്ധി ?
തെല്ലുമേ ശങ്കയില്ലാതെയാവടികൊണ്ടു
തല്ലിയോടിക്കുമോ മൃതാധികാരങ്ങളേ ?
എത്രനാളിങ്ങനെ പ്രതിമകൾക്കുള്ളിൽ
ഒളിപ്പിച്ചുവച്ചിടും നീതിയെ, ഗാന്ധിയെ,
മതഭ്രാന്തു തുപ്പുന്ന തോക്കുമായെത്രനാൾ
ഗാന്ധിയെക്കൊന്നുരസിച്ചീടുമിനിയുമേ ?
ഗാന്ധിപൂജയ്ക്കൊരു ക്ഷേത്രവും വേണ്ടിവി-
ടോരോ മനസ്സിലും ജീവിക്കണം ബാപ്പു .
അഹിംസയും സ്നേഹവും മന്ത്രമാകുമ്പോള്‍
തൊട്ടറിയുന്നു നാം ആ ശുഷ്കദേഹിയേ .
ഭാരതത്തിൻകീർത്തി പാരിൽ നിറച്ചിടാൻ
വാളിളക്കിച്ചുടുരക്തം നിറയ്ക്കേണ്ടാ
ദൂരെദൂരേക്കെറിഞ്ഞുകളയുക,നമ്മിലെ
ജാതിചിന്തകൾ,അഹങ്കാരമൊക്കെയും
ഓർത്തെടുക്കുവാൻ ഏറെയുണ്ടെന്നുമേ
ഗാന്ധികാട്ടിയ മാർഗ്ഗവും ചിന്തയും
ഒത്തുചേർന്നു നമുക്കു സൃഷ്‌ടിച്ചിടാം
സ്നേഹസൂനങ്ങൾ കൊണ്ടൊരു ഭാരതം . .