മാധവ് കെ വാസുദേവ്*

ആരോ, മുട്ടിവിളിച്ചെന് വാതിലില്
പാതിരാ മയക്കത്തില് നിന്നുണര്ന്നു-
ഞാന് പൊടുന്നനെ.
”എഴുനേല്ക്കുക, വേഗം നേരമായ്
ഗാന്ധിപ്രതിമയില് ഹാരാര്പ്പണ സമയമായ്”.
വാതില് തുറന്നഞാന് ഗോഡ്സെയേ കണ്ടു
നിരാലംബനായ് നിര്വികാരനായ്. ”
പകയില്ല മനസ്സിൽ,
ചുണ്ടിൽ ഗാന്ധിനിഷേധമില്ല,
മെയ്യിൽ കാവിയുടുപ്പില്ല,
കൈയിൽ നിറത്തോക്കുമില്ല….
അര്ദ്ധഫക്കീറായീ മുന്നിൽ
നില്ക്കുന്നു നാഥൂറാം.
മെല്ലെച്ചിരിക്കുന്നു,
പിന്നെപ്പതുക്കെ പറയുന്നു.
”അറിയുമോകുഞ്ഞേ,
നിനക്കു ഞാനാരെന്ന്”.
ഏഴുപത്തിമൂനാണ്ടുകൾക്കപ്പുറം
ഈ കൈകളില് നിറതോക്കുമായി
ഇന്ത്യതന് ആത്മാവിലേയ്ക്ക്
തീയുണ്ടപായിച്ചു ഞാന്.
“ഹേ റാം” എന്നവിളി കേട്ടുഞാനന്നു ‘
‘ഹേ നാഥൂറാമെന്നൊരു ഉള്വിളികണക്കേ ..
പിന്നെ പശ്ചാത്താപഗ്രസ്തനായ്,
ബാപ്പുതന് കാല്ക്കല്
മാപ്പിരക്കാന് കൊതിച്ചുഞാന്
അന്നൊക്കെയിരുട്ടറയില്
വെളിച്ചമായെത്തി ബാപ്പു,
കണ്ണുനീരാലെൻ അശ്രുപൂജയേറ്റു
വാങ്ങീടുവാന്
പിന്നെയെന് മൂര്ദ്ധവില്
ചുംബിച്ചിട്ടു ചിരിക്കും,
മെല്ലെ ചൊല്ലും
”തിടുക്കംകൂടിപ്പോയീ
മകനെ നിനക്കന്നു”
ക്ഷമിക്കാമായിരുന്നില്ലേ,
അല്പ്പനേരംകൂടി
പ്രാര്ത്ഥനതീരുവോളം,
സമര്പ്പിച്ചേനെ എന്നെ,
നീ പറഞ്ഞിരുന്നെങ്കില്”
പിന്നെയും പറയുന്നു നാഥുറാം
”നേരമാകുന്നു, വേഗമെത്തണം
നമ്മുക്കാ നാല്ക്കവലയില്
കാക്കകള് കാഷ്ടിച്ചിടും
പ്രതിമ വൃത്തിയാക്കാന്”
നോക്കുക മകനെ നീ –
ജീവനില്ലാപ്രതിമകള്
വൃത്തിയാക്കുവാന് നേരമില്ല
നിങ്ങള്ക്കിപ്പോള്…
” ഗാന്ധി, ഗാന്ധിയുണ്ടായിരുന്നെങ്കില്
നിങ്ങളദ്ദേഹത്തെ വൃദ്ധ സദനത്തിലാക്കി
സംതൃപ്തിനേടിയേനെ”.
ഭാഗ്യംചെയ്തവന് ഞാന്
”എന്കൈകളാലദേഹത്തെ
നിത്യമാംസ്നേഹത്തിന്റെ
മടിയിലിരുത്താന് കഴിഞ്ഞല്ലോ”.
ചോദ്യങ്ങള് കൊണ്ടെന്നെ
മുറിവേല്പ്പിക്കുന്നു നാഥുറാം
ഉത്തരം നല്കാനായീ
വാക്കുകള് പരതുന്നു ഞാന്.
”രാഷ്ട്രപിതാവിനെ
നാല്ക്കവലയില് നിര്ത്തി
നോക്കുകുത്തിയാക്കുന്നു,
നിങ്ങള് ദൃഷ്ടിദോഷം മാറ്റാന്”
തച്ചുടയ്ക്കുന്നു പ്രതിമകളെല്ലാം
നാഥൂറാം.,
”കവലയിലല്ല, നടവഴിയിലല്ല,
ഇന്ത്യന്തന് ഹൃദയത്തിലാണു
നിൻ സ്ഥാനമെന്നലറികൊണ്ട്.
”ഇവിടെയിനി മരിക്കേണ്ട,
ഒരു മോഹന്ദാസ് കരംചന്ദ്ഗാന്ധി
ഇവിടെയനി ജനിക്കേണ്ട
നാഥൂറാം ഗോട്സേമാരും”.
”ഇന്നെന്റെത്തെറ്റിനു
പ്രായശ്ചിത്തമായി,
ഇന്നെന്റെ ആത്മാവിനു
മോക്ഷപ്രാപ്തിയായി”
നടക്കുന്നു നാഥൂറാം
എന്നെത്തനിച്ചാക്കി
പിൻ വിളി വിളിക്കുന്നു
നില്ക്കുക ഞാനുംവരുന്നു.

By ivayana