രചന : രാജശേഖരൻ*

പൂവുകൾക്കേതു പൂമ്പാറ്റകൾ സ്വന്തം ?
പൂമ്പാറ്റകൾക്കേതു പൂവുകൾ സ്വന്തം ?
പൂമ്പാറ്റകൾക്കെല്ലാപൂവും കാമിനിമാർ
പൂവുകൾക്കെല്ലാശലഭവും കാമുകർ.

പൂക്കൾതൻപുഞ്ചിരി സ്വന്തമെല്ലാർക്കും
പുലരിതൻകുളിരും സ്വന്തമെല്ലാർക്കും
രാത്രിതൻ ശ്യാമളവശ്യസൗന്ദര്യവും
പ്രേമാമൃതത്തേൻകനിയും സ്വന്തമാർക്കും.

ഒരു പൂവിന്നഴകല്ല പൂങ്കാവ്
ഒരു രാവുറക്കം മൃത്യുവുമല്ല
നിർമ്മലാകാശ മേലാപ്പൊന്നില്ലെങ്കിൽ
പൗർണ്ണമിയഴകിൻ ചിത്രം നാം കാണുമോ?

അതീന്ദ്രിയാനുഭൂതിതീർത്ഥമേകും
ചന്ദ്രനും സൂര്യനും ജ്യോതിർഗോളവും,
അവരുടെ മായികശക്തിവിലാസ-
ങ്ങളാർക്കാനും സ്വന്തമായ്ത്തീരു
വതാണോ?

‘സ്വന്തത്തി’നെന്നും ‘സ്വാർത്ഥതയെന്നർത്ഥം
കത്തുംപകതൻ പുകയും തീക്കനൽ!
ചന്തമൊടുങ്ങുമോരന്തിത്തിരി പോലെ
സ്വന്തമാക്കിയതൊക്കെയും കെട്ടു പോകാം.

ചിന്തയില്ലെന്നും അന്യൂനകാന്തിയിൽ,
അന്യമായ് തുടരും ആശകളുണ്ടാം.
ചന്തമുള്ളതെന്തും സ്വന്തമാക്കാൻ വെമ്പും
മർത്ത്യനു വിധി നിത്യനരകം സത്യം!

ചൂടാനടർത്തും പൂവിനൊരുദിനം
അടർത്താകിലായുസ്സ് പലദിനങ്ങൾ
പ്രണയം നിത്യസുരഭിലമാംകാലം
മറവിയും കെടുത്താത്തൊരാത്മഹർഷം!

ഇരുളിൻസ്വാർത്ഥത നിഴൽ പരത്തും
ഇടനാഴിയല്ലീദിവ്യപ്രണയം
അതിരില്ലാവിഹായസ്സിലാനന്ദ –
മഴവില്ലിന്നഴകീയത്ഭുതം, പ്രണയം

By ivayana