മോഹൻദാസ് എവർഷൈൻ*
രാവിലെ പത്രം നിവർത്തിവെച്ച്, നറുക്കെടുപ്പ് ഫലങ്ങൾ വീണ്ടും, വീണ്ടും നോക്കി,പിന്നെ നിരാശയോടെ ലോട്ടറിടിക്കറ്റുകൾ കീറി അയാൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.
“ഒരുവിധത്തിലും താൻ കൊണം പിടിയ്ക്കാതിരിക്കാൻ ആരോ കൂടോത്രം ചെയ്തിരിയ്ക്കയാണ്. അല്ലെങ്കിൽ ഇത്രയും ടിക്കറ്റിൽ ഒന്നിനെങ്കിലും സമ്മാനം ഇല്ലാതിരിക്കുമോ?”.എല്ലാ വീഴ്ചകളിലും അയാൾ ഇങ്ങനെ എന്തെങ്കിലും ഓരോ മുടന്തൻ ന്യായങ്ങളിൽ ആശ്വാസം തേടുന്നു.
ഇത് കേട്ട് വന്ന ശാന്തയ്ക്ക് വല്ലാതെ ദേഷ്യം വന്നു.
“പിന്നെ നാട്ടുകാർക്ക് അതല്ലേ ജോലി, നിങ്ങക്കിട്ട് കൂടോത്രം ചെയ്യല്, കിട്ടുന്ന കാശിന് മുഴുവൻ ഭാഗ്യക്കുറി എടുക്കാൻ, നിങ്ങളോടാരെങ്കിലും പറഞ്ഞോ?. രാവിലെ ഓരോന്ന് ഗണിച്ചോളും “. കണ്ഠക്ഷോഭമടങ്ങാതെ പിന്നെയും എന്തൊക്കെയോ പുലമ്പികൊണ്ട് ശാന്ത അകത്തേക്ക് പോയി.
അയാളുടെ ഒരു ദിവസം തുടങ്ങുന്നത് മിക്കവാറും ഇങ്ങനെയൊക്കെ തന്നെയായതിനാൽ പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നും കൂടാതെ അയാൾ ആകാശത്ത് മേഘസഞ്ചാരങ്ങൾ നോക്കിയിരുന്നു.
” ഇങ്ങനെ മേലോട്ട് നോക്കിയിരുന്നോ, നിങ്ങള് ജോലിക്ക് പോയില്ലെങ്കിൽ ഇവിടെ അടുപ്പ് പുകയില്ല”.
അവൾ പരാതിപ്പെട്ടി തുറക്കുന്നത് കണ്ടപ്പോൾ,അയാൾ എഴുന്നേറ്റ്,വീടിന്റെ ചായ്പ്പിൽ തൂക്കിയിരുന്ന ഉമിക്കരി ചട്ടിയിൽ നിന്നും അല്പമെടുത്ത് കൈവെള്ളയിലിട്ട് തിരുമ്മി പൊടിയാക്കികൊണ്ട് കിണറ്റിൻ ചുവട്ടിലേക്ക് നടന്നു.
അവളിപ്പോൾ അടുക്കളയിലേക്ക് ഊളിയിട്ട് കാണുമെന്ന് അയാൾ ഊഹിച്ചു.
തന്റെ നിരാശയുടെ ആഴം അളക്കുവാൻ ഒരിക്കലും അവൾ ശ്രമിക്കാറില്ല .അമ്പേ പരാജയമാണ് താനെന്ന് അവൾക്ക് തോന്നുന്നുണ്ടാകും. തൊടുന്നതെല്ലാം നഷ്ടത്തിലും, പരാജയത്തിലും കലാശിക്കുന്ന ഒരാളെ ക്കുറിച്ച് മറിച്ച് ചിന്തിക്കുവാൻ അവൾക്കല്ല ആർക്കും കഴിയില്ലല്ലോ.അയാൾ സ്വയം സമാധാനം കണ്ടെത്തി.
പടികടന്ന് വരേണ്ട ഐശ്വര്യത്തെ ആരോ വഴിയിൽ ബലമായി തടഞ്ഞു നിർത്തുന്നത് പോലെ ഒരു തോന്നൽ, തന്റെ സ്വപ്‌നങ്ങളുടെ ചില്ല് കൊട്ടാരങ്ങൾ മനപ്പൂർവ്വം തച്ചുടയ്ക്കുവാൻ പതിയിരിക്കുന്ന ഒരു ശത്രുവുണ്ടെന്ന് അയാൾ ഉറച്ചു വിശ്വസിച്ചു.തന്റെ പരാജയങ്ങൾ കണ്ട് ഉള്ളുകൊണ്ട് ചിരിക്കുന്ന ആരോ ഒരാൾ.
അത് പലവുരു അവളെ പറഞ്ഞു മനസ്സിലാക്കുവാൻ വൃഥാ അധരവ്യായാമം നടത്തി അയാൾ നന്നേ തളർന്നവശനായെങ്കിലും പാഴ്ശ്രമം തുടർന്നു.
“നിനക്കറിയാത്തത് കൊണ്ടാണ്, ആരോ നമ്മളോട് അസൂയ കാട്ടുന്നുണ്ട്, അവരാണ് ഈ കൂടോത്രമൊക്കെ ചെയ്യുന്നത് എന്നെ തോൽപ്പിക്കാൻ “.
അയാൾ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു.
“നിങ്ങളെ തോൽപ്പിക്കാനോ?. അതിന് നിങ്ങളെപ്പോഴെങ്കിലും ജയിച്ചിട്ടുണ്ടോ?.
അവളുടെ ചുണ്ടിൽ വിരിഞ്ഞ പരിഹാസത്തിന്റ നേർത്ത ഒരു ചിരി വന്നു മറയുന്നത് അയാൾ കണ്ടു.
തന്റെ വാദമുഖത്തെ അവൾ പരമ പുച്ഛത്തോടെ തള്ളിക്കളഞ്ഞപ്പോൾ, അവളോട് കറുത്ത മുഖം കാണിക്കുവാനോ, ശകാരിക്കുവാനോ അയാൾ തുനിഞ്ഞില്ല.അല്ല കഴിയുന്നില്ല.
“കൂടോത്രം കൊണ്ട് ശത്രുവിനെ നശിപ്പിക്കുവാൻ കഴിയുമെങ്കിൽ ഇല്ലാത്ത കാശിന് ആയുധങ്ങൾ വാങ്ങികൂട്ടുന്നതെന്തിനാ?, നല്ലൊരു കൂടോത്രം അങ്ങ് ചെയ്താൽ പോരെ, ശത്രുവിന്റെ കഥ കഴിയില്ലേ?”.
അയാളുടെ വാദങ്ങളെ പിന്നെയും ആവോളം യുക്തികൊണ്ടവൾ പ്രഹരിച്ചു.മറുവാക്കുകൾ മനസ്സിലെ ചുഴിയിൽ ആഴ്ന്ന് പോകുന്നത് അയാളറിഞ്ഞു.
അവളൊരു നിരീശ്വരവാദിയൊന്നുമല്ല. അമ്പലത്തിന്റെ മാത്രമല്ല, പള്ളികളുടെ കാണിക്ക വഞ്ചികളിലും അവളുടെ നാണയങ്ങൾ കിലുക്കം സൃഷ്ടിക്കാറുണ്ട്.
വിവാഹം കഴിഞ്ഞ നാളുകളിൽ ആരാധനാലയങ്ങളിൽ പോകുന്നത് അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു.അവളുടെ ഉദരത്തിൽ പുതുജീവൻ നാമ്പിടാതെ മടിച്ച് നിന്നപ്പോഴാണ് , അമ്മയാകാനുള്ള അവളുടെ ആഗ്രഹങ്ങൾക്ക് തീപിടിച്ചപ്പോഴാണ്,അവളുടെ മുഖത്തെ പ്രകാശവും,പ്രസരിപ്പും മങ്ങിയത്. വിതറിയ വിത്തുകൾ മുളപൊട്ടാതെ ഉറക്കം കെടുത്തിയ രാത്രികളിൽ,
അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് അയാൾ പറഞ്ഞു.
“ഈശ്വരൻ കനിഞ്ഞു തരുന്നെങ്കിൽ തരട്ടെ, നീ വിഷമിക്കരുത് “. അവളുടെ കണ്ണുനീർ തന്റെ നെഞ്ചിൽ നനവുണ്ടാക്കുമ്പോൾ,അവളെ കൂടുതൽ ചേർത്ത് പിടിച്ച് സാന്ത്വനിപ്പിച്ചു.
അവൾക്ക് ഭക്തികൂടുകയോ , കുറയുകയോ ചെയ്തില്ല. എന്നാൽ അവളുടെ പെരുമാറ്റങ്ങളിൽ അയാൾക്ക് ഒരു കുറ്റവാളിയുടെ സ്ഥാനമായിരുന്നു.
മൂർച്ചയുള്ള വാക്കുകൾ കൊണ്ട് അവൾ ഒരു ദാക്ഷിണ്യവുമില്ലാതെ അയാളെ മുറിവേല്പിച്ചു രസിച്ചു കൊണ്ടിരുന്നു.
അവൾ പറഞ്ഞോട്ടെ, അവളുടെ മനസ്സും, ശരീരവും ആറിത്തണുക്കുവോളം പറഞ്ഞോട്ടെ, അവളുടെ പരാതിയും സങ്കടവും തന്നോടല്ലാതെ മാറ്റാരോട് പറയാനാണ്. അത് കൊണ്ട് അയാൾ ഒരിക്കലും പരിഭവിച്ചില്ല.
തോറ്റു പോകുന്നിടത്താണല്ലോ രക്ഷപ്പെടുവാൻ പിടിവള്ളികൾ തിരയുന്നത്.
അക്കാലത്താണ് അമ്മാമ്മ പണ്ട് പറഞ്ഞത് മനസ്സിലേക്ക് വീണ്ടും തികട്ടി വന്നത്.
“ചിലരുടെ കണ്ണ് തട്ടിയാൽ തെങ്ങ് പോലും പട്ടുപോകുമാത്രേ, ശത്രുവിനെ നശിപ്പിക്കുവാൻ കൂടോത്രം ചെയ്യുന്നവരും ഉണ്ടെന്ന് “അമ്മാമ്മ തറപ്പിച്ചു പറഞ്ഞു.
ചിലപ്പോൾ അമ്മാമ്മയ്ക്ക് ദഹനക്കേട് ഉണ്ടാകുമ്പോൾ പറയും, “ആരോ കൊതിവിട്ടതാ, ഇനിയിപ്പോൾ കൊതിയ്ക്ക് ഓതാതെ തരമില്ല “.
പ്രായം കൂടുമ്പോൾ ദഹനം കുറയുമെന്ന് തിരുത്താനുള്ള ധൈര്യം അന്നും തനിക്കില്ലായിരുന്നു.
അടുത്ത ദിവസം രാവിലെ, വാർദ്ധക്യം കൊണ്ട് തളർച്ച ബാധിച്ച പാട്ടിയമ്മ കൈയിൽ കുരുമുളകിന്റെ തളിരിലയും നുള്ളിയെടുത്ത്,ഒരു ചെറിയ ഭസ്മസഞ്ചിയും കൊണ്ട് പടികടന്ന് വരുമ്പോൾ ഉറപ്പാണ്, അമ്മാമ്മയ്ക്ക് കൊതിയ്ക്ക് ഓതാനുള്ള പുറപ്പാടാണെന്ന്.
ആചാരങ്ങളുടെയും,വിശ്വാസങ്ങളുടെയുംഅന്ധവിശ്വാസങ്ങളുടെയും ഒത്തിരി താളിയോല കെട്ടുകൾ മനസ്സിൽ സൂക്ഷിച്ചിരുന്ന അമ്മാമ്മ പിന്നെയും എന്തൊക്കയോ തന്റെ മനസ്സിലേക്ക് പകർന്നത്,ചെറുപ്പത്തിൽ ഒരിക്കലും ഓർമ്മ വന്നതേയില്ലെന്ന് അയാളോർത്തു.
“ഇങ്ങനെ പല്ല് തേച്ചാലേ, രണ്ട് ദിവസം കൊണ്ട് പല്ല് തേഞ്ഞില്ലാണ്ടാവും”.പിന്നിൽ അവളുടെ ഒച്ച കേട്ടപ്പോൾ പെട്ടന്ന് വായും, മുഖവും കഴുകി അയാൾ അകത്തേക്ക് ചെന്നു.
മേശപ്പുറത്തു അവൾ കൊണ്ട് വെച്ച ആവിപറക്കുന്ന പുട്ടിന്റെ മേൽ അല്പം പഞ്ചസാര തൂവി,ഒരു പരാതിയും പറയാതെ കഴിക്കുന്നതിനിടയിൽ, ഏറുകണ്ണിട്ട് അവളെ നോക്കി. ആ മുഖത്ത് രോക്ഷം മങ്ങാതെയിപ്പോഴും ബാക്കി നിൽപ്പുണ്ടോയെന്ന്. അവളും ആ നോട്ടം കണ്ടു. അയാൾക്ക് ചെറിയൊരു പുഞ്ചിരി അവൾ സമ്മാനിച്ചു. അല്ലെങ്കിലും അയാൾ ജോലിക്കിറങ്ങി പോകുമ്പോൾ പിണക്കം കാണിച്ച് വിഷമിപ്പിയ്ക്കുന്നത് അവൾക്കൊട്ടും ഇഷ്ടമായിരുന്നില്ല.
പുറത്തേക്കിറങ്ങുമ്പോൾ മുറ്റത്ത് രാവിലെ കീറിയെറിഞ്ഞ സ്വപ്‌നങ്ങൾ ചിതറി കിടന്നു, അവ തന്നെ അവജ്ഞയോടെ നോക്കി പരിഹസിക്കുന്നത് പോലെയാണ് അയാൾക്ക് തോന്നിയത്.
ഇല്ല ഇനി ഒരു ഭാഗ്യപരീക്ഷണത്തിനും വയ്യ. പ്രതീക്ഷയോടെ അവൾ തന്റെ പോക്കറ്റിൽ തപ്പുമ്പോൾ എന്തെങ്കിലും തടയണം. അപ്പോൾ അവളുടെ മുഖം തെളിയുന്നത് തനിക്ക് കാണണം.
എന്നും ഇങ്ങനെയൊക്കെ ചിന്തിച്ചുറപ്പിച്ച് തന്നെയാണ് ജോലിക്ക് പുറപ്പെടുന്നത്. എങ്കിലും വലിയ, വലിയ കണക്ക് കൂട്ടലിൽ നിന്നും, ചെറിയ, ചെറിയ ഗുണിതങ്ങളിലേക്ക് തിരികെ നടക്കുവാൻ അയാൾക്ക് കഴിയുന്നില്ല.
“പിന്നെ വൈകിട്ട് വരുമ്പോൾ എനിക്കൊരു ഗ്യാരന്റി കമ്മൽ വാങ്ങി കൊണ്ട് വരണം “. അവൾ വിളിച്ചു പറഞ്ഞു.
“നിന്റെ കാതിൽ കിടന്നതോ?”അയാൾ ആകാംഷയോടെ അവളുടെ കാതുകളിലേക്ക് നോക്കി, , മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി.അവളുടെ ഒഴിഞ്ഞ കാതുകൾ താൻ കാണാതെ പോയത് എന്ത് കൊണ്ടാണ്?”.
“ഈ താലിമാല മാത്രമേ ബാക്കിയുള്ളൂ ഇനി പണയപ്പെടുത്താൻ “. അവൾ പറഞ്ഞു.
അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യമില്ലാതെ പരാജിതനെ പോലെ തല താഴ്ത്തി അയാൾ പുറത്തേക്ക് നടന്നു. ആഭിചാരത്തിന്റെ ധൂമപടലങ്ങൾ അപ്പോഴും അയാളുടെ കാഴ്ച്ചകളെ മറച്ച് പിടിച്ചിരുന്നു.