എൻജി മോഹനൻ, കാഞ്ചിയാർ*🅾️

ഒഴുകണം പുഴകൾ,
തഴുകണം തെന്നൽ
തമസ്സു മാറി ,അഹസ്സിലൊത്തിരി
നിറയണം കിളികൾ.
ഇല അനങ്ങേണം
കൂട്ടക്കിളി ചിലയ്ക്കേണം
മനസ്സു മാറ്റി ഭൂമിയാകെ
കാവലാകേണം.
മഴ നനയ്ക്കേണം
ജനുസ്സിൽ കുളിർനിറയ്ക്കേണം
മണ്ണിലെ,ത്തരി കോറിയിട്ടൊരു
മാല തീർക്കേണം.
പുഴകളൊഴുകട്ടെ
നദികൾ നിറയട്ടെ
വലരികൾ ചെറുമൽസ്യമായി
ട്ടിനിയുമൊഴുകട്ടെ.
കിളികൾ പാടട്ടെ
തൊടികളുണരട്ടെ
കാട്ടുചോലകൾ താളമിട്ട്
തെന്നിയൊഴുകട്ടെ.
മലകളുണരട്ടെ
മടിയിൽ, പൂ നിറയ്ക്കട്ടെ
കാറ്റിലൊത്തിരി ശേഖരിച്ചൊരു
യാത്രയാവട്ടെ.
ചിറകുണർത്തട്ടെ
മയിലുകൾ, നൃത്തമാടട്ടെ
വെയിലു തീർത്ത നിഴൽ പരപ്പിൽ
നാടുണർത്തട്ടെ.
മഞ്ഞു പെയ്യട്ടെ
രാവുകൾ, ശാന്തി ചൊരിയട്ടെ
ചേറു കണ്ടൊരു ജൻമമിനിയും
വീണ്ടുമുണരട്ടെ.
നന്മയുണരട്ടെ
വിണ്ണിൽ, ഇടി മുഴങ്ങട്ടെ
ഇടിയിലൊത്തിരി ജീവജാലം
ഉയരെ ഉണരട്ടെ
ഉർവ്വി കുളിരട്ടെ
കുളിർ,നീരാവിയാവട്ടെ,
തുള്ളിയായ് പുഴയായി മണ്ണിൽ
നീർ നിറയ്ക്കട്ടെ…

എൻജി മോഹനൻ

By ivayana