ഷാജു. കെ. കടമേരി*


എത്ര വെട്ടിയാലും
പകയൊടുങ്ങാത്ത
കൊന്ന് കൊലവിളിക്കുന്ന
വഴിതെറ്റിയ ചിന്തകൾ
കനലെരിയുന്ന കാലത്തിന്റെ
നെഞ്ചിൽ , ചോരക്കറകളാൽ
അശാന്തിയുടെ ഭൂപടം
വരയുന്നു.
ചെറുപ്പം മൊട്ടിട്ട
വേരുകൾ പിഴുതെടുത്ത്
പ്രതീക്ഷകളറുത്ത്
കൊലക്കത്തികൾ വരയുന്ന
വീടുകളിൽ നിന്നും
കാലൊച്ചകൾക്ക്
കാതോർത്തിരുന്ന്
പിൻമടങ്ങിപോകുന്നു
പെയ്ത് തോരാത്ത കണ്ണുകൾ.
മക്കളെ കാത്തിരുന്ന്
മുഷിഞ്ഞ മനസ്സുകൾ
കുത്തിക്കീറുന്ന
കത്തികൾക്കിടയിൽ
ഒറ്റമരച്ചില്ലയിൽ
നിലവിളികളായ് പൂക്കുന്നു.
കത്തുന്ന
മഴയിലൂടിറങ്ങിയോടും
പൊള്ളും ശാപവാക്കുകൾ
കാലത്തിന്റെ നെഞ്ചിൽ
ആഞ്ഞ് തറയ്ക്കുന്നു.
സാക്ഷരസാംസ്കാരിക
കേരളം
പുസ്തകതാളിൽ പഠിപ്പിച്ച
മനോഹര വാക്കുകൾ
കഴുകി തുടച്ചിട്ടും പോകാത്ത
ചോരക്കറകൾക്ക് മുകളിലൂടെ
പറന്ന്
അശാന്തിയുടെ
ഭ്രമണപഥങ്ങളിൽ വട്ടംചുഴറ്റി
നമുക്ക് നേരെ
തീക്കണ്ണുകളെറിയുന്നു.
മഹാമാരിയിലും തളരാതെ
കാലമഹാവൃക്ഷശിഖിരങ്ങളിൽ
കൂട് കൂട്ടാനൊരുങ്ങുന്ന
വെള്ളരിപ്രാവുകളുടെയിടയിലേക്ക്
നുഴഞ്ഞ്കയറി
വിഷം ചീറ്റുന്നു കരിമൂർഖന്മാർ
ആര് എന്ത്‌ നേടി എന്നുള്ള
ചോദ്യത്തിന് മുമ്പിൽ
പതറുന്ന വാക്കുകൾ മാത്രം.
ആയുധം കടലിലേക്കെറിഞ്ഞ്
പുതുവഴിവെട്ടം പകരാൻ
വാക്കുകൾ പൂത്ത് തളിർത്ത്
കൊടുങ്കാറ്റാവട്ടെ…

ഷാജു. കെ. കടമേരി

By ivayana