സുദർശൻ കാർത്തികപ്പറമ്പിൽ*

എന്നോ,തുടങ്ങിയ യാത്രതന്നന്ത്യമി-
ങ്ങെന്നെന്നറിഞ്ഞിടാതേവം;
ഏതോവിദൂരമാം തീരത്തിലേക്കെന്റെ
ചേതസ്സുയർന്നേറിടുന്നു!
സൃഷ്ട്ടിതന്നുൾപ്പൊരുളെന്തെന്നു ചിന്തിച്ചു
ദൃഷ്ടി മിഴിച്ചഹോ,നിൽക്കേ;
ഞെട്ടറ്റുപൂവിന്നുമുൻപേ പൊഴിയുന്ന
മൊട്ടുകളെത്ര ഞാൻ കണ്ടു !
ഞാനെന്ന ബോധത്തിൽ നിന്നുയിർപ്പൂ സർവ-
മാ,നർമ്മഗീതികൾ പാടി!
ആവുന്നതാർക്കതിന്നാന്തോളനങ്ങളെ-
യാവോ,നിഷ്പന്ദമാക്കീടാൻ?
ജീവന്റെ ഭാവപ്പകർച്ചകളോരോന്നു-
മാവിലമേതും മറന്നേൻ
ഓർക്കുന്നിതത്യത്ഭൂതപ്രേമസൗരഭം
ഓർത്തിടാനാവുകില്ലേലും!
കാലമച്ചങ്ങലക്കണ്ണികൾകൊണ്ടെന്നു-
കാലുകൾബന്ധിച്ചിടുന്നോ,
അന്നോളമീയെന്റെയാത്രയഭംഗുരം
മന്നിലീഞാൻ തുടർന്നീടും
ജീവിതമാം നിലക്കണ്ണാടിയിങ്കലെൻ,
പാവന സ്വപ്നങ്ങളൊന്നായ്,
ബിംബിച്ചുനിൽക്കുന്നിതാത്മസമാഗമ-
കാംബോജി രാഗങ്ങൾ മീട്ടി!
ആരേ,നിയോഗിച്ചു,ഭൂമിയിൽ വിശ്വൈക-സാരങ്ങളോരുവാൻ നമ്മെ?
ആയതിൻ മുന്നിലായാദരവോടതി-
കായരായ്തന്നെനാം നിൽപ്പൂ
ഒന്നേ,യറിഞ്ഞിടാനുള്ളു,നമുക്കുള്ളി-
ലൊന്നിന്നമൂർത്ത സങ്കൽപ്പം!
ഇന്നിൻ വിഹായസ്സിൽ പാറിപ്പറന്നതു,
നന്നായറിവു,നാമാർദ്രം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana