രചന~ഗീത മന്ദസ്മിത✍

ഉത്സപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക്
നീണ്ടു പോയി അവളുടെ ജീവിതയാത്രകൾ…
വർണ്ണങ്ങൾ വാരിവിതറിയ കുപ്പിവളകളുമായ്
വർണ്ണങ്ങളേതുമില്ലാത്ത വഴിത്താരകളിലൂടെ…
അവൾ കണ്ടില്ല ഉൽസവങ്ങളൊന്നുമേ
അവളണിഞ്ഞില്ല കുപ്പിവളകളൊന്നുമേ
ശോഷിച്ച കൈവിരലുകളാൽ അവളണിയിച്ചു
ഘോഷങ്ങൾ കാണാൻ വന്ന പെൺകിടാങ്ങൾ തൻ കൈകളിൽ
സപ്തവർണ്ണങ്ങളെഴും കുപ്പിവളകൾ
ഒരു തപ്തനിശ്വാസത്തിൻ അകമ്പടിയാൽ
വിലയേറിയ വാഹനങ്ങളിൽ വന്നിറങ്ങിയവർ
വിലപേശി വാങ്ങുന്നു ഈ വർണ്ണപ്പൊട്ടുകൾ
വിലപേശിയില്ലവളാരോടുമേ
വിലയില്ലാത്തവൾ അവളെന്നറിഞ്ഞവൾ
കിട്ടിയ നാണയത്തുട്ടുകൾ പെട്ടിയിലാക്കി മെല്ലവേ
കുട്ടിയെ മാറോടു ചേർത്തവൾ നീങ്ങി കൂടണയുവാൻ
പൊട്ടാതിരിക്കട്ടെ ആ കുപ്പിവളകൾ…
ഉണരട്ടെ ഇനിയുമാ ഉത്സവപ്പറമ്പുകൾ…

ഗീത മന്ദസ്മിത

By ivayana