രജിത് ലീല രവീന്ദ്രൻ*
മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്. മാതൃഭൂമിയിലും പിന്നീട് ഏഷ്യാനെറ്റിലെയും മാധ്യമപ്രവർത്തകനായിരുന്നു.
മാതൃഭൂമിയിൽ വയനാട് ലേഖകനായിരുന്ന കാലത്ത് പട്ടിണിമരണം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത ബത്തേരിക്കടുത്ത ആദിവാസി യുവതിയുടെ കഥ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടു വന്നത് ജയചന്ദ്രനാണ്. അവിവാഹിതകളായ ആദിവാസി അമ്മമാരെ കുറിച്ച് അവരുടെ ദുരന്തങ്ങളും, ദുരിതങ്ങളും പത്രത്താളുകളിൽ എത്തിച്ചതും ഇയാളാണ്. വയനാട്ടിലെ മുണ്ടക്കൈ എന്നൊരു സ്ഥലത്ത് മലയിടിച്ചിലിൽ മരണം ഉണ്ടായപ്പോൾ മൃതദേഹങ്ങളെയും, പരിക്കേറ്റവരെയും മണ്ണിനടിയിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ മലയിടിച്ചിൽ മരണപ്പെട്ട ഒരു മുള്ളൻപന്നിയുടെ മൃതദേഹം ജീപ്പിലേക്ക് എടുത്തിടാനുള്ള തുടക്കത്തിലായിരുന്നു പോലീസ്. ഈ ചിത്രം ക്യാമറയിൽ പകർത്തിക്കുകയും പിറ്റേ ദിവസത്തെ മാതൃഭൂമിയിൽ ദുരന്ത വാർത്തയോടൊപ്പം വരികയും ചെയ്തു.
അയാൾ പിന്നെ ഏഷ്യാനെറ്റിൽ പ്രവർത്തിച്ചപ്പോഴും ടി എൻ ഗോപകുമാറിന്റെ ‘കണ്ണാടി’ പോലുള്ള പരിപാടികളുടെ വാർത്താ വിതരണ കേന്ദ്രമായിരുന്നു.ഓരോ വാർത്ത ചെയ്യുമ്പോഴും അങ്ങേയറ്റം മനുഷ്യ സ്നേഹത്തോടെയും, കരുണയോടെയും വാർത്തകളോടൊപ്പം ചേർന്നു നിന്നു ജയചന്ദ്രൻ. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഒരാളുടെ ക്രൂരതയാൽ മകൾ നഷ്ടമായ അമ്മയോട് ഒരു ചാനൽ മൈക്കിന്റെ ബലത്തിൽ വാക്കുകൾ കൊണ്ട് അതിക്രൂരമായ വിചാരണ നടത്തുന്ന റിപ്പോർട്ടറായിരുന്നില്ല അയാൾ. നാട്ടിലെ തട്ടിപ്പുകാരുടെ കൊള്ള സംഘത്തിലെ സ്ഥിരാംഗമാവുകയും,അവർക്ക് വേണ്ടി വാർത്തകൾ ഉണ്ടാകുകയും ചെയ്യുന്ന പുതിയകാലത്തെ ദൃശ്യ മാധ്യമ പ്രവർത്തനത്തിൽ, ഉന്നതരുൾപ്പെട്ടൊരു ‘ലോബി’പാവപ്പെട്ടവർക്കുള്ള അരി ലോഡ് കണക്കിന് മറിച്ചു വിൽക്കുന്നത് കാണുമ്പോൾ വെറുതെ നോക്കി നിൽക്കാൻ കഴിയാതിരുന്ന ജയചന്ദ്രനെ പോലുള്ളവർക്ക് സ്ഥാനവുമില്ല.
ഭരണകൂടവും, പൊതുസമൂഹവും നിശബ്ദരാക്കിയ നിലവിളികളോടൊപ്പമായിരുന്നു ജയചന്ദ്രൻ എന്നും നടന്നിരുന്നത്. അവർ അനുഭവിക്കുന്ന അവരുടെ ജീവിതം അയാളുടേത് കൂടിയായിരുന്നു. അതുകൊണ്ടാണ് പത്തനംതിട്ട ജില്ലയിൽ എയ്ഡ്സ് ബാധിച്ച് മരണമടഞ്ഞ മാതാപിതാക്കളുടെ കുട്ടിയെ ദത്തെടുത്തു സ്വന്തം മകൾക്കൊപ്പം വളർത്തുന്നതിനുള്ള ആലോചനയിൽ മരണത്തിനു മുമ്പുള്ള ആഴ്ചകളിൽ ജയചന്ദ്രൻ മുഴുകിയിരുന്നതും.
പത്രപ്രവർത്തകർ മാതൃകയാക്കേണ്ട നീതിബോധം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ജയചന്ദ്രൻ പറഞ്ഞതിനെ കുറിച്ചു കെ പി സേതുനാഥ് എഴുതിയിട്ടുണ്ട്. ജയചന്ദ്രൻ പറഞ്ഞതിങ്ങനെയാണ്, “യൂണിയൻ കാർബൈഡ് ഭോപ്പാൽ വാതക ദുരന്ത കാലത്തെക്കുറിച്ചുള്ള വാർത്തകളിൽ അത്രയേറെ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വാർത്ത ഉണ്ടായിരുന്നു.ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ കുറിച്ചായിരുന്നു അത്.സ്റ്റേഷനിൽ തന്നെ ഇരിപ്പിടത്തിൽ ടെലിഫോൺ റിസീവർ കയ്യിൽ പിടിച്ചു കൊണ്ട് മരിച്ച നിലയിലായിരുന്നു സ്റ്റേഷൻ മാസ്റ്ററെ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ച് മരിക്കുമെന്ന് പൂർണബോധ്യം ഉണ്ടായിട്ടും വരുന്ന വണ്ടികൾ മുഴുവൻ മറ്റു വഴിതിരിച്ചുവിട്ടു കൂടുതൽ ദുരന്തം ഒഴിവാകുകയായിരുന്നു അദ്ദേഹം. പേരു പോലും അറിയാത്ത ആ സ്റ്റേഷൻമാസ്റ്ററുടെ നീതി ബോധം ആകണം പത്രപ്രവർത്തകൻ മാതൃകയാക്കേണ്ടത്.
പക്ഷേ ഇന്ന് സത്യസന്ധതയും, നീതിബോധവുമെല്ലാം തങ്ങളെ സ്പർശിക്കാത്ത വിധം ദൂരെ നിർത്തുന്ന മാധ്യമസ്ഥാപനങ്ങളും, മാധ്യമപ്രവർത്തകരുമുള്ള ഇക്കാലത്ത് എഴുത്തുകാരനായ സക്കറിയ, സഹപ്രവർത്തകനും,സുഹൃത്തുമായ ജയചന്ദ്രനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പിൽ എഴുതിയത് പോലെയുള്ള വിഷാദാത്മകവും, അശുഭ പ്രതീക്ഷയോടെയുമുള്ള വാക്കുകളിലെ ഈ കുറിപ്പും അവസാനിപ്പിക്കാൻ സാധിക്കുന്നുള്ളൂ.
സക്കറിയ എഴുതിയതിതാണ്.
“ജയൻ എന്തിന് ഇതൊക്കെ ചെയ്തു. മറ്റാരെയും പോലെ വാർത്തകൾ കൊടുത്തും, വാങ്ങിയും, ശമ്പളത്തിന് അനുസരിച്ച് അധ്വാനിച്ചു ആരോഗ്യസംരക്ഷണം ചെയ്തു കുടുംബ കാര്യങ്ങൾ ശ്രദ്ധിച്ചും, ധനമുണ്ടാക്കിയും ഒരു ഭദ്രമായ ജീവിതം നയിച്ചാൽ പോരായിരുന്നോ? ജയൻ ഈ ത്യാഗങ്ങളെല്ലാം അനുഷ്ഠിച്ചിട്ട് ആരെന്തു നേടി?മലയാള മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ലല്ലോ? എങ്കിൽ പിന്നെ ജയന്റെ ഈ പ്രയാണം എന്തിനെക്കുറിച്ചായിരുന്നു.”