റഫീഖ് ചെറവല്ലൂർ*
വറ്റുന്നതിൻ മുമ്പേ
വറ്റിക്കുന്ന കായലിൻ,
വണ്ടുവരമ്പിലുണ്ടൊരു
വമ്പനാമിഞ്ചൻതറ !
പനങ്കുറ്റിയുമോലയും,
പിണഞ്ഞു കിടന്നിട്ട്
മണ്ണും മനവുമായ്…
പിറന്നൊരിഞ്ചൻതറ !
ചെറു ചാറ്റൽ മഴയിലും
കുളിരുന്ന കാറ്റിലും
പെട്ടിമ്പറ മുരളുന്ന
പഴഞ്ചനാമൊരിഞ്ചൻതറ.
പെട്ടിമ്പറ മോന്തയിൽ
മൂട്ടിയ വലയിലായ്,
മീൻ മുട്ടി നിറയുന്ന
പെരുന്തോട്ടിലെയിഞ്ചൻതറ.
കല്ലുത്തിയും കോലാനും
പരൽമീനും, പൂട്ടയും
കൊട്ട നിറയുന്ന കുണ്ടാച്ചിക്കൂട്ടവും
ചിക്കിത്തിരയുന്നൊരീശരൻ കേശവൻ!
പെരുമീശ പിരിക്കുന്നാ…
പെരുവിരലിപ്പൊഴും
പേടിയുടെ പെരുമീനായ്,
കാവലുള്ളൊരിഞ്ചൻതറ.
വാറ്റു മോന്തുന്നവർ
അന്തിക്കു കൂട്ടുമായ്,
തല പെരുത്തിരുന്നൊരു
ഇരുളാണ്ടൊരിഞ്ചൻതറ.