സിജിൻ വിജയൻ*
ലൈംഗീക ചേതന ഉണ്ടാവുമ്പോഴാണ് പുരുഷന്മാരുടെ ലിംഗം ദൃഢമാകുന്നത് എന്ന് സുവോളജി മാഷ് പറഞ്ഞപ്പോ, ക്ലാസ്സിലെ കുട്ടികൾ ഒന്നടങ്കം ഉറക്കെ പൊട്ടി ചിരിച്ചു,
ആർത്തവത്തെ പറ്റി തികച്ചും സയന്റിഫിക് ആയ വിശദീകരണം കൊടുക്കുന്ന സമയത്ത് പെൺകുട്ടികളിൽ ചിലർ നാണം കൊണ്ട് ചൂളി പോകുകയും മറ്റു ചിലർ കുന്തം വിഴുങ്ങിയ കോഴിയെ പോലെ മുകളിലേക്ക് നോക്കി ഇരിക്കുകയും ചെയ്തു,
ആൺകുട്ടികൾ പെൺകുട്ടികളെ തന്നെ തെല്ല് കൗതുകത്തോടെയും, ഇച്ചിരി പരിഹാസത്തോടെയും നോക്കി.
ആർത്തവം എന്ന പ്രോസസ് പരിഗണനയും സ്നേഹവും ബഹുമാനവും ആവശ്യപ്പെടുന്ന സംഗതി ആണെന്ന് മാഷെ കേട്ടുകൊണ്ടിരുന്ന കുട്ടികൾക്ക് വലിയ ബോധ്യം ഒന്നും ഇല്ലായിരുന്നു.
സുവോളജി പിരീഡിന് ശേഷമുള്ള ഇന്റെർവെല്ലും ഉച്ച ബ്രേക്കും ഫുൾ കോമഡി ആയിരുന്നു. ബയോളജി എന്ന വിഷയം തന്നെ ലൈംഗീക ചുവയുള്ള കൗണ്ടർ പറയാൻ വേണ്ടി ഉപയോഗിച്ചു തുടങ്ങി.
സ്വയംഭോഗം ചെയ്യാൻ വേണ്ടി മൊബൈലിൽ 3gp ക്വാളിറ്റി പോൺ വീഡിയോ കാണുന്നതിനപ്പുറം ലൈംഗീക വിദ്യാഭ്യാസമൊന്നും നമ്മുടെ കുട്ടികൾക്ക് ലഭിച്ചിരുന്നില്ല. പ്ലസ് ടു സയൻസ് പഠിക്കുന്നവർക്ക് മാത്രം ലഭിച്ചിരുന്ന സുവോളജി ക്ലാസ്സൊക്കെ അവർക്ക് തമാശയുടെയും ലജ്ജയുടെയും പരിഹാസത്തിന്റെയും ഒക്കെ സമയങ്ങളായിരുന്നു.
അദ്ധ്യാപകരും കാരണവന്മാരും മറ്റ് മുതിർന്നവരും പഠിപ്പിച്ചതനുസ്സരിച്ച് അന്നേ വരെ ലൈംഗീകതയെ അശ്ലീലം ആയി കണ്ടവരുടെ മുന്നിലേക്ക് പെട്ടന്ന് ഒരു ദിവസം ഒരു സുവോളജി മാഷ് പ്രസ്തുത വിഷയം തികച്ചും ഔദ്യോഗികമായി പഠിപ്പിക്കാൻ വന്നാൽ അവര് എങ്ങിനെ ആണ് അതിനെ നോക്കി കാണുക..?
പത്തു വരെ അശ്ലീലമായി കണ്ടതിനെ പ്ലസ് ടു സയന്സില് എത്തിയതുകൊണ്ട് മാത്രം ശ്ലീലം ആയി കാണണം എന്ന് തികച്ചും ഒഫിഷ്യൽ ആയി വാശി പിടിച്ചാൽ കുട്ടികൾ ആ സന്ദർഭത്തെ എങ്ങിനെ ആണ് നോക്കി കാണുക,
എന്റെ പരിചയത്തിൽ തന്നെ കുട്ടികളുടെ രഹസ്യ സമയങ്ങളിൽ എന്തോരം ബയോളജി അധ്യാപകർ (വിശിഷ്യാ അധ്യാപികമാർ ) ലൈംഗീക അധിക്ഷേപങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നോ…
അന്ന് പഠിപ്പിക്കാൻ വന്ന സാറിന് പകരം ഒരു സ്ത്രീ ആണ് പ്രസ്തുത വിഷയവുമായി വന്നിരുന്നതെങ്കിൽ സ്വന്തം വിദ്യാർഥികളിൽ നിന്ന് തന്നെ അവർ എന്തോരം വെർബൽ അബ്യുസുകൾ നേരിടേണ്ടി വരുമായിരുന്നു എന്നുകൂടി ഇപ്പൊ ഓർക്കുന്നുണ്ട്, അങ്ങനെ നേരിടുന്നവരെ നന്നായി മനസിലാക്കാനും കഴിയുന്നുണ്ട്.
നമ്മുടെ ലൈംഗീക ദാരിദ്ര്യത്തിനും, വൈകൃതത്തിനും ഉത്തരവാദികൾ നമ്മൾ ഒക്കെ തന്നെ ആണ്, പൊതുബോധം അതിന്റെ വികലമായ വീക്ഷണത്തിൽ കാച്ചി കുറുക്കി നല്ലതും ചീത്തതും പറഞ്ഞു കൊടുത്തതുകൊണ്ടൊക്കെ തന്നെ ആണ്, പൊതുബോധം അതിന്റെ വികലമായ വീക്ഷണത്തിൽ കാച്ചി കുറുക്കി നല്ലതും ചീത്തതും പറഞ്ഞു കൊടുത്തതുകൊണ്ടൊക്കെ തന്നെ ആണ്, പ്ലസ് ടു സുവോളജിയിലെ പ്രത്യുത്പാദനത്തെ സംബന്ധിക്കുന്ന ചെറിയൊരു ഭാഗം നമുക്കൊരു തമാശകഥ ആകുന്നത്.