Shihabuddin Purangu*

പിറക്കാതെ പോയവനേ
ഉമ്മയുടെ മടിത്തട്ടിനെ ,
അവളുടെ കരുതലാഴങ്ങളെ
അറിയാതെ പോയവനേ
നോവുപർവ്വങ്ങളേറെയാം
ഗർഭം ചുമന്നൊടുവിലായ്
നിൻ കുഞ്ഞുകരച്ചിലിൽ വിരിയേണ്ടു-
മമ്മ തൻ ആത്മനിർവൃതിയാമിളം
നിലാവിനിടം നൽകാതെ പോയവനേ
മരുഭൂമിയുടെ താപവും
മരുപ്പച്ചയുടെ ആർദ്രതയുമുള്ള
എന്റെ നെഞ്ചുകൂടിൻ
ചൂടും ചൂരുമേറ്റുറങ്ങാൻ
വിധിക്കാതെ പോയവനേ
എന്റെ മരുയാത്രകൾക്ക്
തണലും തണുപ്പുമാകാൻ
കനിയാതെ പോയവനേ
നിൻ ചിരിക്കൊഞ്ചലുകൾക്കായ്
നോമ്പുനോറ്റിരുന്ന മാനസങ്ങളിൽ
നിത്യനോവിൻ നീരദം
പടർത്തി മറഞ്ഞു പോയവനേ
നിമിഷാർദ്രങ്ങൾ പോലുമരുളാതെ
ഗർഭപാത്രത്തിനിരുട്ടിൽ നിന്ന്
ഖബറിനിരുട്ടിലേക്ക്
നേരെ യാത്ര പോയയവനേ
എന്റെ കനവുകൾക്കെത്താനരുതാത്ത
ഔന്നിത്യത്തിനനന്തയിൽ
നീയൊരു കുഞ്ഞു മാലാഖയായ്
ചിറകു നീർത്തി പറക്കയാവാം
ആ അനശ്വരതയുടെ പറുദീസ
നിന്നരുമ പുഞ്ചിരിയിൽ
വിളങ്ങി മോദിച്ചു നിൽക്കയാവാം
എങ്കിലും മോനേ
ഏതു സൗഖ്യത്തിലും
നീ എന്റെ വിഷാദമാകും ,
ഏതബോധത്തിലും
നീ എന്റെ സ്പന്ദനമാകും
ഏതു സുഷുപ്തിയിലും
നീ എന്റെ പ്രാർത്ഥനയായിരിക്കും

ഷിഹാബുദീൻ പുറങ്ങു

By ivayana