ശിവൻ മണ്ണയം*

പതിവുപോലെ, അതിരാവിലെ അഞ്ച് മണിക്ക്, അലാറം അലറി അലറി രമേശനെ ഉണർത്തി.
അപ്പോ പുരപ്പുറത്ത് മഴ മൃദംഗം കൊട്ടുകയായിരുന്നു.
ഉണർന്ന രമേശൻ അലാറത്തിനെ നോക്കി ‘എന്തൊരു ശല്യമാണീ പഹയൻ’ എന്ന അർത്ഥം വരുന്ന ഒരു കരാംഗ്യവും ,ചുണ്ടാലുള്ള ഒരു അശ്ലീല ഗോഷ്ടിയും കാട്ടി.
നടന്നത് തന്നെ.. അഞ്ച് മണിക്ക് ഉണർത്താൻ നോക്കുന്നു .. എത്ര നാളായി നോക്കുന്നു .. നാണം കെട്ടാലും നിർത്താൻ ഭാവമില്ലേ.. അലാറവും ഓഫ് ചെയ്ത് രമേശൻ തലയണയിലേക്ക് ചരിഞ്ഞു.
ശബ്ദഗാംഭീര്യത്തോടെ വീഴുന്നപുലർമഴയെ ശ്രവിച്ച് ഉറക്കത്തിലേക്ക് തിരികെ നടക്കാൻ രമേശൻ ശ്രമിക്കുന്ന വേളയിലാണ് ഫോൺ ശബ്ദിച്ചത്. ആരാടാ ഈ രസംകൊല്ലി…? രമേശൻ ചെറിയൊരു ചീത്ത ,ചെറിയ ശബ്ദത്തിൽ വിളിച്ചു.

രാവിലെ തന്നെ എന്റെ കൈയിൽ നിന്ന് മേടിക്കും…!
ഒരു ഗർജ്ജനം ആ തണുത്ത പ്രഭാതത്തെ നടുക്കി.പുതപ്പിന്റെ അടിയിൽ നിന്നും ആണ് ആ ഗർജ്ജനം പുറപ്പെട്ടത്. ഭാര്യയാണ്.രമേശൻ അതിമൃദുവായി ശബ്ദ ചലനങ്ങളൊന്നുമില്ലാതെ ഞെട്ടി. പ്രസ്തുതദിനത്തിലെ ആദ്യ ഞെട്ടൽ..! ഇവൾക്ക് ഉറക്കത്തിലും കാതോ? എന്തൊരു ശ്രദ്ധയാണിവൾക്ക് !

അങ്ങനെ ഒരു ഞെട്ടലോടെ ഒരുദിനം വിടർന്നിരിക്കുന്നു. ഞെട്ടൽ മാത്രമായി തന്നെ അത് അവസാനിക്കണം. ഒരു അടിപിടിയിൽ അത് എത്താൻ പാടില്ല.
രമേശൻ പതിയെ നയത്തിൽ ഉവാച:മോളേ… നിന്നെയല്ല ചീത്ത വിളിച്ചത്… ശബ്ദത്തിൽ സാക്കറിനോപഞ്ചസാരയോ മറ്റോ ആണ് രമേശൻ വാരി വിതറിയത്.മാപ്പ് പറയാൻ കാല് തപ്പി കിട്ടിയില്ല.

രമേശൻ പറഞ്ഞ് മുഴുവിപ്പിക്കും മുമ്പേ പുതപ്പിനടിയിൽ നിന്ന് കൂർക്കം വലി സ്റ്റാർട്ട് ചെയ്യപ്പെട്ടിരുന്നു.
പുല്ല്.. പറഞ്ഞത് കേട്ടില്ല എന്ന് തോന്നുന്നു. ഇനി ഉണരുമ്പോൾ വീണ്ടും സാക്കറിൻ വേണ്ടിവരും. തെറ്റിദ്ധാരണ മാറ്റണമല്ലോ. ഇല്ലേൽ എല്ലൊടിയും. ഒരു ദിവസം ഇവളേം കൊല്ലും ഞാനും ചാകും … രമേശൻ തലമുടി വലിച്ചു പിഴുതു.
ഫോൺ ശബ്ദിച്ചു കൊണ്ടിരുന്നു.

ഇവന്റെ അമ്മ ചത്തോ … ഭാര്യ കേൾക്കാതെ പതിയെ ശാപവാക്കുകൾ വാരി വിതറി കൊണ്ട് രമേശൻ പുതപ്പിനടിയിൽ നിന്നും കൊടും തണുപ്പത്തേക്കിറങ്ങി.
ഫോണിലേക്ക് നോക്കി:സുഗുണനാണ്… വില്ലേജാഫീസിൽ ജോലിയുളള…
എന്താടാ സുഗുണാ രാവിലെ …?വേറെ എന്തൊക്കെയോ ആണ് വായിൽ വന്നത്. പക്ഷേ ഇങ്ങനെയാണ് രമേശൻ ചോദിച്ചത്.
എടാ അളിയാ.. ഞാനിപ്പോ ഒരു കഥ fB യിൽ ഇട്ടിട്ടുണ്ട്. വായിച്ചു നോക്കിയിട്ട് പെട്ടെന്ന് ഒരു ലൈക്കും കമൻറും തരണം…

നിനക്ക് ഉറക്കമൊന്നും ഇല്ലേടേ… നീ ഉറങ്ങാതെയിരുന്ന് കഥയെഴുതിയാ ..?
വില്ലേജാഫീസിൽ ഇരുന്ന് ഉറങ്ങാമല്ലോ. മൂത്രവും കഥയും ഒരു പോലെയാ. നിറഞ്ഞാ അപ്പോ തന്നെ … മനസിലായില്ലേ..? കെട്ടിനിർത്തിയിരിക്കാൻ പാടില്ല…. രാത്രിയെന്നോ പകലെന്നോ നോക്കരുത്. അങ്ങ്ഒഴുക്കിവിടണം.സുഗുണൻനല്ലബാസിൽചിരിച്ചു.രമേശന്റെ ചെവിയിലെ ഡയഫ്രം പൊട്ടിപ്പോയി.

കൂടെ പഠിച്ചവനാണ്‌. എന്നിട്ടും ഈ നായിന്റെ മഹൻ തനിക്ക്ഒരു ലൈക്കോ കമൻറ്റോ ഇതുവരെ തന്നിട്ടുള്ളവനല്ല. എന്നിട്ട് അതിരാവിലെ വിളിച്ചിരുക്കുന്നു! പക്ഷേ പിണക്കാൻ പറ്റില്ല. റവന്യൂ ഡിപ്പാർട്ട്മെൻറാണ്. പണി പല വഴിക്കും വരും.
അളിയാ നീ വളർന്നു വരുന്ന എഴുത്തുകാരനല്ലേ… നിനക്ക് ഞാൻ നല്ല പ്രോത്സാഹനം തരും.
ഇതു പറഞ്ഞിട്ട് രമേശൻ മുകളിലേക്ക് നോക്കി’ അതിരാവിലെ തന്നെ പെരുങ്കള്ളം പറഞ്ഞതിന് എന്നോട് ക്ഷമിക്കണേ’ എന്ന് ദൈവത്തിനോട് യാചിച്ചു.

ഒരു ലൈക്കും കമന്റുമല്ലേ.. വളരെ ലളിതമല്ലേ.. അങ്ങ് കൊടുത്തേക്കാം. ഇങ്ങനെ വിചാരിച്ച് രമേശൻ ഫോണെടുത്തു.2G പോലും ശരിക്ക് കിട്ടാത്ത സ്ഥലമാണ് മണ്ടൻകുന്നു. കിട്ടിയാ കിട്ടി.. അത്ര തന്നെ.5Gക്കാർക്ക് ഇരുന്ന് ഉത്തരവിട്ടാ മതി” ലൈക്കും കമൻറും താ” എന്ന്. 2 Gക്കാർ അതിന് വേണ്ടി നടത്തുന്ന അദ്ധ്വാനവും മരണപരാക്രമവും എടുക്കുന്നസമയവും അവരറിയുന്നുണ്ടോ..?
ഇൻറർനെറ്റ് ദൈവങ്ങളെ മനസിൽ ധ്യാനിച്ചു രമേശൻ നെറ്റ് ഓൺ ചെയ്തു. അര മണിക്കൂർ അങ്ങനെ ഒറ്റ ഇരുപ്പായിരുന്നു.

റയ്ഞ്ചില്ല!
സഹികെട്ട് രമേശൻ ഇങ്ങനെ പറഞ്ഞു: എൻ്റെ വേങ്കമല അമ്മേ എനിക്ക് റെയ്ഞ്ച് തരണേ..
ങേ.. പല്ല് തേക്കാതെ വേങ്കമല അമ്മയെ വിളിച്ചോ..? എൻ്റ ദൈവമേ ഈ വീട് മുടിഞ്ഞു!
ആരാണെന്ന് രമേശൻ നോക്കിയപ്പോൾ ഭാര്യ! ഈ നശൂലം എപ്പോൾ ഉറങ്ങുന്നു എപ്പോൾ ഉണരുന്നു, ദൈവത്തിന് പോലും അറിയില്ല. ഭാര്യ തീവ്ര ഭക്തയാണ്. ദൈവത്തിനു വേണ്ടി ചാവും. ദൈവസ്നേഹിയായ സുന്ദരി നെഞ്ചത്തടിച്ച് നിലവിളിക്കാൻ തുടങ്ങി: ഈ ഇളിച്ചവായൻ പല്ലുതേക്കാതെ..യ്യോ… ദൈവത്തെ ഈ കുറുക്കൻകണ്ണൻ വെറുപ്പിച്ചല്ലോ..
രമേശൻ ഭാര്യയെ പൂണ്ടടങ്ങം കെട്ടിപ്പിടിച്ചു. അടങ്ങ് മോളേ അടങ്ങ്..
നിങ്ങൾദൈവത്തെ വെറുപ്പിച്ചു.. അവമാനിച്ചു…

അത് നിനക്ക് വേണ്ടിയാ…
എനിക്ക് വേണ്ടിയോ?
അതേടീ.. നീ ബസിടിച്ച് മരിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു..
KsRTC ആണോ?
അതെ.
അതിപ്പോ നമ്മുടെ നാട്ടിലൂടെ ഓടുന്നില്ലല്ലോ ..
മുമ്പത്തെ കാര്യമാണ്. നിന്നെ ബസ് ഇടിക്കുന്നതായി സ്വപ്നത്തിൽ കണ്ടു. മനസ് തകർന്ന് ദൈവത്തെ വിളിച്ചു പോയി. അതാണ് സത്യം ..
ഓക്കെ.ലീവ് ഇറ്റ്! ഇനി ആവർത്തിക്കരുത്. ദൈവത്ത അധിഷേപിക്കരുത് .. ഹൈന്ദവതയെ തകർക്കരുത്..

ഇല്ല .. വിളിച്ച വിളി തിരിച്ചെടുക്കണോ?
വേണ്ട.ഭാര്യക്ക് വേണ്ടിയല്ലേ. സാരമില്ല. ഭാര്യക്ക് വേണ്ടി തെറ്റുകൾ ചെയ്യാനാണ് പുരുഷൻമാരെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്.
ഭാര്യ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയപ്പോൾ അവൾ പോയ ദിശയിലേക്ക് നോക്കി രമേശൻ കൊഞ്ഞനം കുത്തി! അത് പൂർത്തിയാകും മുമ്പ് ഭാര്യ തിരികെ വന്നു. എന്തൊരു സ്പീഡ്! വാ അടക്കാനാവാതെ രമേശൻ സ്തംഭിച്ചിരുന്നു.
എന്നാ വായയും തുറന്നിരിക്കുന്നത് … അവൾ തുറന്നിരിക്കുന്ന രമേശന്റെ വായയിലേക്ക് കൈയിൽ കരുതിയിരുന്ന ഹലുവാകഷണം കുത്തി കയറ്റി.
തിന്നോ … എനിക്കു വേണ്ടി പ്രാർത്ഥിച്ചതല്ലേ… അവൾ സ്നേഹത്തോടെ രമേശന്റെ കവിളിൽ തലോടി.

ഭാര്യ പോയപ്പോൾ രമേശൻ ദീർഘനിശ്വാസം വിട്ടു.. എന്നിട്ട് അലുവ വയറ്റിലേക്കിട്ടിട്ട്fB യിലേക്ക് ചാടിക്കയറാൻ നോക്കി. പറ്റുന്നില്ല. ഒരു വൃത്തം അങ്ങനെ നിന്ന് കറങ്ങുകയാണ്. കറക്കം നില്ക്കുന്നില്ല. റെയ്ഞ്ച് ഇല്ല!ഇപ്പം നിക്കും ഇപ്പംനിക്കും എന്ന് വിചാരിച്ച് വൃത്തത്തിലേക്ക് നോക്കി ഒരു മണിക്കൂറോളം ഇരുന്നപ്പോൾ രമേശൻ ഹിപ്നോട്ടിക് നിദ്രയിലേക്ക് വഴുതി വീണു. ആ സമയത്ത് ഭാര്യ വീണ്ടും കടന്നു വന്നു.
ഭാര്യ സ്നേഹത്തോടെചോദിച്ചു:
എന്നെ ചേട്ടന് ജീവനാ അല്ലേ…?

ഹിപ്നോട്ടിക് നിദ്രയിലായിരുന്ന രമേശൻ സത്യം പറഞ്ഞു:
അല്ല .. നിന്നെ കാണുമ്പോൾ എന്റെ ജീവൻ പോകും… നീ ഭീകരിയാണ് ഭീകരി!
തുടർന്ന് ഭാര്യ ചില ചോദ്യങ്ങൾ ചോദിക്കുകയും രമേശൻ സത്യം പറയുകയും ചെയ്തു.
കാതിൽ തേളു കടിച്ചതു പോലെ ഒരു വേദന.രമേശൻ ഞെട്ടി ഉണർന്നു.നോക്കിയപ്പോൾ ഭാര്യ തന്റെ നീട്ടി വളർത്തിയ നഖം ഉപയോഗിച്ച് ചെവിയിൽ നുള്ളുകയാണ്.രമേശൻ വേദനയോടെ പിടഞ്ഞ് ഓടി മാറി. കാതിൽ തൊട്ടു നോക്കിയപ്പോൾ രക്തം !
കാര്യമെന്താണ് എന്നറിഞ്ഞപ്പോൾ ഉറക്കപിച്ച് പറഞ്ഞതാണെന്ന് പറഞ്ഞ് ന്യായീകരിച്ച് രമേശൻ കാലു പിടിച്ച് കാറി വിളിച്ച് കരഞ്ഞു. ഭർത്താവ് കാലിൽ വീണാൽ അലിയാത്ത ഭാര്യാഹൃദയമുണ്ടോ? പാവങ്ങളാ. അവരുടെ ഹൃദയം കരിങ്കല്ലൊന്നുമല്ല.രമേശന്റെ ഭാര്യയും ക്ഷമിച്ചു.

അതിനു ശേഷം രമേശൻ ഫോണിൽ നോക്കിയപ്പോൾ FB യുടെ വാതിലുകൾ തുറന്നിരിക്കുന്നു.തിരുമുറ്റത്ത് ശശിയുടെ വക കുറേ രാജമല്ലി പൂക്കളും ഒരു ഗുഡ് മോണിംഗും.. പുല്ലൻ തന്നെയും ടാഗിയിട്ടുണ്ട്. രമേശൻ വാച്ചിൽ നോക്കി, കൃത്യം നാല് മണിക്കൂർ എടുത്തു FB യിൽ ഒന്ന് കേറാൻ ..
ഇന്ന് ജോലിക്ക് പോകുന്നില്ലേ..? വീണ്ടും ഭാര്യ. ശബ്ദം പോലും കേൾപ്പിക്കാതെ ഈ സാധനം ഇതെങ്ങനെ കടന്നു വരുന്നോ എന്തോ…!
ആഹാ.. ചാറ്റിംഗ് തുടങ്ങിയല്ലോ.. ഏതവളുമായിട്ടാ..?
എന്റെ മോളേ… ചാറ്റിംഗല്ല ..!
പിന്നെ..?

നിന്റെ അനിയൻ ഒരു കവിത ഇട്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.അത് നോക്കുവാ…
ങ്ഹാ.. അവൻ പണ്ടേ എഴുതും… ലൈക്കോ കമന്റോ എന്തു വേണോ കൊടുത്തോ.. പിശുക്ക് കാട്ടണ്ട …
അവൾ അടുക്കളയിലേക്ക് പോയി ഒരു കഷണം ഹലുവയുമായി അതിവേഗം മടങ്ങി വന്ന് സ്‌നേഹത്തോടെ അത് രമേശന്റെ വായിലേക്ക് കുത്തിയിറക്കി!
അടുക്കളയിൽ ഇരിക്കുന്ന ആ നശിച്ച ഹലുവ എടുത്ത് കാട്ടിൽ കളയണം….!
രമേശൻ ഉടനെ സുഗുണന്റെ പേജിലേക്ക് പോയി. നീണ്ട് നീണ്ട് പോകുന്ന ഒരു നീണ്ടകഥയായിരുന്നു സുഗുണൻ എഴുതിയിരുന്നത്. രാത്രി മുഴുവൻ ഇരുന്നെഴുതി കാണും. പാവം.കല്യാണം കഴിഞ്ഞ പുരുഷൻമാരെല്ലാം ഇപ്പോൾ നീണ്ടകഥകളാണ് എഴുതുന്നത്. അവർക്ക് രാത്രി ഉറക്കം വരാറില്ലല്ലോ. അപ്പോ ഇരുന്ന് എഴുതും..

നല്ലൊരു കമന്റെഴുതി പോസ്റ്റാൻ നോക്കിയപ്പോൾ ദാ വരുന്നു ഇണ്ടാസ് … വെയിറ്റിംഗ് ഫോർ നെറ്റ് വർക്ക് …
എന്റെ നെറ്റ് വർകേ… ചതിച്ച് ചതിച്ച് മതിയായില്ലേ..
രമേശൻ പോയി പല്ല് തേച്ച് കുളിച്ച് ചായ കുടിച്ച് വന്നപ്പോഴും ഫോൺ നെറ്റ്വർക്കിന് വേണ്ടി വെയ്റ്റ് ചെയ്തിരുപ്പാണ്. പാവം ഫോൺ..!
ഉച്ചയായിട്ടും ആ കമന്റ് പോസ്റ്റായിട്ടില്ല …
മൂന്ന് മണിയായിട്ടും നോ…!
നാല് മണിക്ക് സുഗുണന്റെ വിളി വന്നു.. :
എടാരമേശാ വാവിട്ട് നാണംകെട്ട് ഞാൻ ചോദിച്ചു. എന്നിട്ട് ഒരു ലൈക്ക് പോലും നീതന്നില്ല .. അല്ലേടാ ജാഡ തെണ്ടീ …
എടാ സുഗുണാ…

ഒന്നും പറയണ്ട… എന്തെങ്കിലും ആവശ്യത്തിന് നീ വില്ലേജ് ആപ്പീസിലോട്ട് വാടാ.. കാണിച്ചു തരാം…
സുഗുണൻ ഫോൺ കട്ട് ചെയ്തതാണോ അതോ വലിച്ചെറിഞ്ഞതാണോ! അറിയില്ല!
അടുത്ത റീസർവേയിൽ തന്റെ വസ്തു പുറമ്പോക്കോ ദേവസ്വം വകയോ ഒക്കെ ആയി മാറുമെന്ന് രമേശന് ഉറപ്പായി.
കസേരയിലേക്ക് രമേശൻ തളർന്നുവീണപ്പോൾ ഫോൺ വീണ്ടും ശബ്ദിച്ചു.രമേശൻ ഫൊണെടുത്തു.
”സാർ ഞാൻ …. കസ്റ്റമർ കെയറിൽ നിന്നാണേ… സാറിന്റെ സിം പ്രീപെയ്ഡ് അല്ലേ .. അത് പോസ്റ്റ് പെയ്ഡ് ആക്കിയാൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സേവനങ്ങളെക്കാൾ കൂടുതൽ മികച്ച സേവനങ്ങൾ ഞങ്ങൾക്ക് തരാൻ സാധിക്കുന്നതാണ് ‘
രമേശൻ അതിന് പറഞ്ഞ മറുപടി ഇവിടെ എഴുതാൻ പറ്റില്ല .
നമസ്കാരം!

ശിവൻ മണ്ണയം.

By ivayana