Santhosh S Cherumoodu*

അദ്ധ്യാപനം തന്നെയാണ് യഥാർത്ഥ പഠനം ?.അതൊരു തപസ്യകൂടിയാകുന്നു. അതു തന്നെയാണ് പഠനവും.ബോധന രീതിയുടെ വ്യത്യസ്തതകളും സംവേദന തന്ത്രങ്ങളും പ്രസ്തുത പ്രക്രീയകൾക്കു രണ്ടിനും യഥാ തഥമായൊരു മാനം തന്നെയാണു സമ്മാനിക്കുന്നത്. അത് ഭാഷാ സാഹിത്യായിച്ഛിക പഠനമാവുമ്പോൾ ക്രീയാത്മകതയുടെയും സർഗ്ഗാത്മകതയുടെയും വല്ലാത്തൊരു സാങ്കര്യം അനുപേക്ഷണീയമാവുന്നു.

അനന്തമായ ചിന്താധാരകളുടെയൊരു കേദാരമാണ് ഭാഷാ സാഹിത്യവും ഭാഷാ ശാസ്ത്രവും.ഇവരണ്ടും ആധികാരികമായി പഠിച്ചിറങ്ങുകയെന്നത് അത്യന്തം ശ്രമകരവും അതിലേറെ രസകരവുമായൊരു സംഗതിയാണ്.ഇവിടെയാണ് ശ്രീമതി.ആതിര കെ.ആർ.എഴുതിയ ‘മലയാള പoനത്തിന്റെ രീതിശാസ്രതം’ (B.A.Malayalam Semester 1 Complimentary Course Mahatma Gandhi University)എന്ന ഗ്രന്ഥം പ്രസക്തമാകുന്നത്.ഇതിൽ ഭാഷാ സാഹിത്യ പoനത്തിന്റെ വഴികൾ ഉപദാനങ്ങൾ എന്ന ഒന്നാം മോഡ്യൂൾ വ്യാകരണം,ഭാഷാശാസ്ത്രം,ഭാഷാ ചരിത്രം,നിഘണ്ടു വിജ്ഞാനീയം,മലയാള സാഹിത്യ പഠനം,സാഹിത്യ നിരൂപണം,സാഹിത്യ ചരിത്രം,സാഹിത്യ സിദ്ധാന്തങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുമ്പോൾ ഭാഷാ ഭേദങ്ങൾ,ഡിജിറ്റിൽ യുഗത്തിലെ മലയാളം,മലയാള പഠനത്തിനുള്ള സഹായ ഗ്രന്ഥങ്ങൾ എന്നിവ വിവരിക്കുന്നതാണ് രണ്ടാം മോഡ്യൂൾ.

മൂന്നാം മോഡ്യൂൾ മലയാള സാഹിത്യ ചരിത്രം സാമാന്യ പരിചയം(ഇതിൽത്തന്നെ ‘കേരള സാഹിത്യ ചരിത്ര’ത്തിലും ‘കൈരളിയുടെ കഥ’യിലുമുള്ള വ്യത്യസ്തങ്ങളായ എഴുത്തച്ഛൻ പരാമർശങ്ങളുടെ താരതമ്യ വായന)സമ കാലിക മലയാള പ്രസ്ഥാനങ്ങൾ, മലയാള സാഹിത്യ പഠനത്തിലെ പുതിയ പ്രവണതകൾ തുടങ്ങിയവ ആധികാരികവും സമഗ്രവും ലളിതവുമായ ഭാഷയിൽ വിവരിക്കുന്നു.വിശദ പഠനമാണ് അവസാന മോഡ്യൂൾ. അവിടെ ഏ.ആറും മാരാരും
പ്രധാനപ്പെട്ടവരാവുന്നു.

‘മലയാള പഠനത്തിന്റെ രീതി ശാസ്ത്ര’ത്തിലെ വ്യാകരണ ഭാഗം സമ്പുഷ്ടമാണ്.വേദങ്ങളിലെ വ്യാകരണ ശബ്ദ വ്യുൽപത്തി,സംസ്കൃതത്തിൽ വ്യാകരണമെന്ന പദത്തിന്റെയർത്ഥം,എന്താണ് വ്യാകരണ ധർമ്മം എന്നിവ അതിന്റെ പൂർണാംശങ്ങളിൽ സംഗ്രഹിച്ചവതരിപ്പിക്കുന്ന തരത്തിൽ പട്ടാളച്ചിട്ടയിലൊതുങ്ങി നില്ക്കുന്ന പ്രൗഢ ഗംഭീരമായ തുടക്കം !!
തുടർന്ന് പതഞ്ജലീ നിർവചനം മുതൽ മലയാളത്തിലെ പ്രമുഖ വ്യാകരണ ഗ്രന്ഥങ്ങളുടെ വിവരണവും വ്യാകരണ വർഗ്ഗീകരണങ്ങളുടെ വിശദാംശങ്ങളും. ചുരുക്കത്തിൽ;ചുരുങ്ങിയ വാക്കുകളിലൊരു വിജ്ഞാന കൗതുകം ! ഭാഷാശാസ്ത്രോൽപത്തിയും ഭാഷാ ചരിത്രവുമൊക്കെയുണ്ടിവിടെ.

ഭാഷാ ചരിത്ര നിർമ്മിതിക്കുസ്വീകരിച്ച സമീപന രീതികൾ,ഭാഷോൽപത്തി വാദങ്ങൾ തുടങ്ങിയവ എഴുത്തുകാരി ഗൗരവതരമായിത്തന്നെയാണവതരിപ്പിക്കുന്നത്.
‘മലയാളപoനത്തിന്റെ രീതി ശാസ്ത്രം’ എന്ന ഗ്രന്ഥത്തിലെ ശ്രദ്ധേയമായ ഭാഗങ്ങളിലൊന്നാണ് നിഘണ്ടു വിജ്ഞാനീയം.നിഘണ്ടു യെന്ന പദത്തിന്റെ നിർവചനം,വിവിധതരം നിഘണ്ടുക്കൾ, അവയുടെയോരോന്നിന്റെയും ലക്ഷ്യം,നിർമ്മാണ രീതി,ഓരോ വിഭാഗത്തിലെയും പ്രധാന ഗ്രന്ഥ നാമങ്ങൾ,എഴുത്തുകാർ തുടങ്ങിയെല്ലാമിവിടണി നിരക്കുന്നു.പിന്നെയങ്ങോട്ട് നിരൂപണ വിചിന്തനമാണ്.നിർവചനം,പ്രധാന നിരൂപണ രീതികൾ എന്നിവയ്ക്കാണിവിടെയിടം.സാഹിത്യ ചരിത്രം, അതിന്റെ നിർമ്മിതി, നിർമ്മാണ രീതിയെന്നിവയെല്ലാം കൃത ഹസ്തതയോടെയാണ് ആതിര കെ.ആർ.അവതരിപ്പിക്കുന്നത്.

ഭാഷാ ഭേദങ്ങൾ പ്രസ്തുത പുസ്തകത്തിന്റെ മറ്റൊരു സവിശേഷതയാണ്. എന്താണ് ഭാഷാ ഭേദം?.ഇതെങ്ങനെ സംഭവിക്കുന്നു ?എവിടെയൊക്കെയാണിത് സംഭവിക്കുന്നത്? തുടങ്ങിയവയുടെ സവിസ്തര വിശദീകരണങ്ങളടങ്ങിയതാണീ ഭാഗം.പുസ്തകം പറയുന്നുണ്ട്; ”ഭാഷാ ഭേദം ഏറ്റവും കൂടുതൽ കാണുന്നത് പദ തലത്തിലാണ് പിന്നീടേ ഉച്ചാരണ,വ്യാകരണ, വാക്യ തലങ്ങളിൽക്കടന്നു വരൂ.പദ തലത്തിന് വർണ വ്യത്യാസം(ഉണ്ട്-ഒണ്ട്)തനതു ഭാഷാ ദേദങ്ങൾ (എലൂളി – എട്ടുകാലി) ഒരേ പദത്തിന് രണ്ടു ഭാഷാ ഭേദങ്ങളിൽ അർത്ഥ വ്യത്യാസം(ചാടുക,കുതിക്കുക, എറിയുക) എന്നിങ്ങനെ വകഭേദങ്ങളുണ്ട്.

രണ്ടു ഭാഷാഭേദങ്ങൾ പരസ്പരം അകന്നകന്ന് തമ്മിൽ മനസ്സിലാക്കാനാകാത്ത അവസ്ഥയിലെത്തുമ്പോൾ പുതിയ ഭാഷ ആവിർഭവിക്കുന്നു.തമിഴും മലയാളവും ഇത്തരത്തിൽ രൂപപ്പെട്ടവയാണ്”(പുറം 35) എന്നു വായിക്കുമ്പോൾ പഠനത്തിന്റെ ബലത്തിൽ അടിയുറപ്പുള്ളൊരു ഗവേഷക മനസ്സിനെക്കണ്ടെടുക്കാനാവുമെന്നത് തർക്കമറ്റ വിഷയമാണ്.സാഹിത്യത്തിലെ ഭാഷാ ഭേദങ്ങൾ ”കാവ്യ ഭാഷ,നാടക ഭാഷ,ലേഖന ഭാഷ,നോവൽ ഭാഷ” എന്നിങ്ങനെ വ്യത്യസ്തമാണെന്ന് ആതിര.കെ.ആർ.പറയുന്നു. ആധികാരികമായിത്തന്നെ.

പഠന പരമായ മേഖലകളിൽ കാല വ്യതിയാനങ്ങൾ വരുത്തിയ സമൂല പരിവർത്തനങ്ങൾ വിശദമാക്കുന്ന ‘ഡിജിറ്റൽ യുഗത്തിലെ മലയാള’മെന്നധ്യായവും ശ്രദ്ധേയമാണ്.തുടർന്നു വരുന്ന ‘മലയാള പഠനത്തിനുള്ള സഹായ ഗ്രന്ഥങ്ങൾ’എന്നധ്യായം തല വാചകത്തെത്തീർത്തും അന്വർത്ഥമാക്കുന്നു.’കേരള സാഹിത്യ ചരിത്ര(ഉള്ളൂർ.എസ്.പരമേശ്വരയ്യർ)ത്തിലും ‘കൈരളിയുടെ കഥ'(എൻ.കൃഷ്ണ പിള്ള)യിലുമുള്ള പരാമർശങ്ങളുടെ താരതമ്യ വായനയിലൂടെയാണ് എഴുത്തച്ഛൻ പുസ്തകത്തിൽ നിറയുന്നത്.രണ്ടു മഹത് ഗ്രന്ഥങ്ങളിലേയും പരാമർശങ്ങളെ തനതു ഭാഷയിലാവിഷ്കരിച്ച ശേഷമുള്ള താരതമ്യ വായന യഥാർത്ഥ നിരൂപണ ഭാഷ തന്നെയാണ്.

സംസ്കാര പഠനം,അതിന്റെ ആവിർഭാവം, എന്ത്? എങ്ങനെ?.എന്നിവയെല്ലാം നിരത്തിയിട്ട് അതിന്റെ സാധൂകരണത്തിനായി റെയ്മണ്ട് വില്യംസ്,സ്റ്റുവർട്ട് ഹാൾ,ആഷിഷ് നന്ദി,കോദ് അൽവാരീസ് എന്നിവരുടെ അഭിപ്രായങ്ങൾ കൂടി ക്രോഡീകരിച്ച ‘ഭാഷാ സാഹിത്യ പഠനങ്ങളിലെ പുതിയ പ്രവണതകൾ’പഠനമേഖലയ്ക്കൊരു പുതിയ അനുഭവം തന്നെയായിരിക്കും.

വിവർത്തന പഠനം,സാഹിത്യ ചരിത്ര വിജ്ഞാനീയം,കോളനീയാനന്തര വാദം,പൗരസ്ത്യവാദം,ദളിത് വാദം,ദളിത് വാദത്തിന്റെ വികാസം,ഇതിലെ പ്രധാന എഴുത്തുകാർ(പൂർവ്വ സൂരികൾക്കൊപ്പം എസ്.ജോസഫ്,എം.ആർ.രേണു കുമാർ,എം.ബി.മനോജ് തുടങ്ങിയവരും പരാമർശിക്കപ്പെടുന്നു)തുടങ്ങി സമഗ്രതയുടെ പൂർണ്ണതയ്ക്കായി സ്ത്രീ വാദം,വിവിധ ഫെമിനിസ്റ്റ് ചിന്താ പദ്ധതികൾ,പരിസ്ഥിതി വാദം; എന്തിനേറെ ഇക്കോ ഫെമിനിസം വരെ പുസ്തകം പരാമർശിക്കുന്നു.ചുരുക്കത്തിൽ മാറുന്ന മലയാള പഠനത്തിനൊരു നവീന രീതി ശാസ്ത്രം തന്നെയാണ്;ആതിര കെ.ആറിന്റെ ‘മലയാള പഠനത്തിനൊരു രീതിശാസ്ത്രം.

By ivayana