സജി കല്യാണി*

ഊറിക്കൂടേണ്ട സകലഭാഷകളിലും തിരസ്ക്കരിക്കപ്പെട്ടുപോയ ഒരുവൻറെ ദൈന്യതയിൽ നിന്നും കടമെടുക്കുന്ന കാലണത്തുട്ടുകളുടെ ഭാരമാണ് ആടിയുലഞ്ഞുപോയ ശൈശവകാലത്തെ വഴിതെറ്റിച്ചു കളഞ്ഞത്. സ്നേഹം അമൃതുപോലെ പാനം ചെയ്യേണ്ട കാലത്ത് ഏന്തിയും വലിഞ്ഞും കുടഞ്ഞിട്ടുപോയ കീറക്കടലാസിലെ വാക്കുകളിലേക്ക് ചുരുങ്ങിപ്പോയ ഓർമ്മത്തുണ്ടുകളെ തൂക്കിനോക്കാതെ വെറും മിത്തുകളായി സങ്കല്പിക്കുകയേ വഴിയുള്ളൂ.

”ബലവാനായ ഒരുവന്റെ പേശികൾപോലെയാണ് വളരുന്ന കുട്ടിയുടെ മനസിനെ ബലപ്പെടുത്തുന്ന സ്നേഹമെന്ന കരുതൽ ”.
ചിമ്മിനിവിളക്കും സന്ധ്യകളും ഇരുളിനെ സജീവമാക്കുമ്പോൾ വെറുമൊരു ചോദ്യചിഹ്നം വരച്ചിട്ട് ജീവിതമടയാളപ്പെടുത്താമെന്ന എളുപ്പവഴി കണ്ടെത്തിയതിന്റെ ദീർഘനിശ്വാസത്തിൽ, ഊർന്നുപോവുന്ന മഞ്ഞവെളിച്ചത്തുണ്ടുകളോട് സാക്ഷിപറഞ്ഞ് ഉറക്കത്തിന്റെ ശാന്തതയെ പുണർന്നുറങ്ങിയ ഒരേ രാത്രികളെ വിരസതയില്ലാതെ ഓർത്തെടുക്കുക അസാധ്യമാണ്.
രാത്രി പകലിനേയും
കടൽ സൂര്യനേയും
സൂര്യൻ പൂക്കളേയും
കര കടലിനേയും
കാറ്റ് പൂക്കളേയും
കരിയിലകൾ കാറ്റിനേയും പ്രണയിച്ചുവത്രേ.!
പരസ്പരമറിയാതെ പ്രണയിക്കുന്നവരുടെ ലോകം എത്ര വിശാലമാണ്.

ചെത്തിനേർപ്പിച്ച മാവിൻപലകയടിച്ച കട്ടിൽക്കാലുകളുടെ നാലതിരുകളിൽ ശർക്കരമണമുള്ള കൈതോലപ്പായവിരിച്ച് ചുരുണ്ടുറങ്ങുമ്പോൾ മുകളിൽ അമ്മമ്മയെന്ന ആകാശം ഇരുണ്ടുകിടക്കും. കടിച്ചുപൊട്ടിച്ച വാക്കുടലുകളുടെ തീഷ്ണതയിൽ എത്തിപ്പിടിക്കാനാവാതെ ആകാശവും ഒരുതുണ്ടു ഭൂമിയും സഹനത്തിൻറെ നേർരേഖയുടെ രണ്ടറ്റങ്ങളിലേക്ക് കോർത്തിടും.
ഒരേമുറിയിലെ രണ്ടു കൊടുങ്കാറ്റുകൾ.!

വ്യവസ്ഥാപിതമായ സിദ്ധാന്തങ്ങളൊക്ക തകർത്തുകളയുന്ന അപൂർവ്വതകളായിരുന്ന ഞാനും അമ്മ്മ്മയും. അനന്തമായ കലഹവും അതിലടർന്നുവീഴുന്ന മഴത്തുള്ളിയോളം സ്നേഹവും. വാക്കുകൾക്കൊണ്ട് മുറിവേറ്റുറങ്ങിയ കാലത്തിന്റെ കട്ടിൽച്ചുവടുകൾ. മൂന്നടിയുറക്കത്തിന് മുന്നൂറടി ഭാരമുള്ള ശബ്ദങ്ങളാണ് പിന്തുടർന്നത്. നുരഞ്ഞുപൊന്തുന്ന നിസ്സഹായതയുടെ കുരുക്കുമുറുകിയ തൊണ്ടയിലെ വിങ്ങലിന് ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന ആകാശത്തിന്റെ മണമുണ്ടാവും. ആരോ വാക്കമർത്തിക്കുഴച്ച് നാക്കടച്ചവന്റെ ഒരൊറ്റ ദീർഘനിശ്വാസമാണ് ഉറക്കത്തിൻറെ വാതിലുകൾ ചവിട്ടിപ്പൊളിച്ച് അകത്തേക്ക് ആനയിക്കുന്നത്.

വെളിച്ചം കടക്കാത്ത പച്ചപ്പുകൾക്കിടയിൽ
ഉടഞ്ഞ പാറച്ചെരിവിലെ പുഴുക്കളുടെ നെറുകയിലേക്ക് പകലിരവുകളിലെ ഊർജ്ജാവശിഷ്ടം നിക്ഷേപിച്ച് അമർന്നിരിക്കുമ്പോൾ മുന്നിലേക്ക് പായുന്ന ഉപ്പുറവകളെ വലിച്ചെടുത്ത് കുമിളകളിടുന്ന കരിമ്പാറകളുടെ എക്കിളുകളാണ് ഓരോ പ്രഭാതങ്ങളിലേയും ആദ്യ കൗതുകം.
തലയിൽ കമഴ്ത്തിവെച്ച ഇരട്ടത്തുളയൻ ട്രൗസറിനെ അല്പം ചെരിച്ചുവെച്ച് കിണറ്റിൻകരയിലെ ഒറ്റത്തെങ്ങിൻചുവട്ടിലെത്തുമ്പോൾ മുക്കണ്ണൻ അടുപ്പിന്റെ മുനയേറ്റ് ചുളുങ്ങിയ കറുമ്പൻ ചെമ്പ് കാത്തുനില്പുണ്ടാവും. അലക്കുബാക്കിയുടെ മെഴുക്കടയാളങ്ങളെ പഴുത്തപ്ളാവിലയുടെ അടിഭാഗംകൊണ്ട് തുടച്ച് ചാരത്തിലമർത്തിയെടുത്ത് വീണ്ടുമുരച്ച് കഴുകിയെടുത്ത് പുതുജലം നിറയ്ക്കും.

ചകിരിക്കയറിന്റെ അറ്റത്തെ പാളത്തൊട്ടി കിണറിൽ മുങ്ങിനിവരുമ്പോൾ ഒട്ടിയ വയറുരണ്ടും വീർത്തുവരും .ഓരോവലിക്കും ഒരുകുമ്പിൾ ജലം താഴേക്ക് വീഴും. ച്ലും ച്ലും എന്ന് കലപിലകൂട്ടുന്ന കിണറാഴത്തിലെ മേലാപ്പിനെ പായലുകെട്ടാതെ കാത്തുസൂക്ഷിക്കാനുള്ള മാന്ത്രികത കൂടിയുണ്ട് ഈ പാളത്തൊട്ടിയിലെ വെള്ളം കോരലിന്. ചില്ലുപോലെ തെളിഞ്ഞു കാണുന്ന ആകാശനീലയും ഉച്ചവെയിലിൽ തെളിയുന്ന അടിത്തട്ടും ശുദ്ധജലത്തിന്റെ അടയാളങ്ങളാണ്.

ചെത്തിമിനുക്കിയ മുക്കണ്ണൻ ചിരട്ടകൊണ്ട് അളന്നുകോരി നെറുകയിലൊഴിക്കുന്ന ജലത്തിന്റെ ഇളം തണുപ്പിനെ മറികടക്കാൻ വക്കുടഞ്ഞ ചെമ്പിലേക്ക് വളഞ്ഞുനിന്ന് തലയമർത്തും . ചെവിക്കുടയിലേക്ക് ജലംതൊടുമ്പോൾ അമർന്നിരുന്ന് ചിരട്ടകൊണ്ട് തെരുതെരെ കോരിയെടുത്ത ജലം ഉടലിലേക്ക് പറന്നിറങ്ങും. രണ്ടോമൂന്നോ ഇമചിമ്മലിൻറെ സമയം കൊണ്ട് കുളിച്ച് ജനലഴിയിലെ തോർത്തൊടിച്ച് തലതുവർത്തും. നനഞ്ഞുതീരും മുമ്പേ വഴുവഴുപ്പിലേക്ക് വീഴുന്ന തോർത്തിനെ തിരികെ സ്ഥാപിക്കും.

വെളുപ്പിൽ നിന്നും വിയർത്തും വേദനകളൊപ്പിയെടുത്തും കറുത്തുപോവുന്ന തോർത്തുകളെ അവസാന കാലത്ത് സോപ്പിൻ കായകളിട്ട് തിളച്ചവെള്ളത്തിൽ പുഴുങ്ങിയെടുത്ത് രണ്ടായിപ്പകുത്ത് അടുക്കളയിലേക്ക് ഉയർത്തപ്പെടും. അടുപ്പുകല്ലിനും കഞ്ഞിക്കലത്തിനുമരികെ ചുരുണ്ടുകൂടിക്കിടക്കും. ഉടലുഴിഞ്ഞ് നടന്ന കാലമോർത്ത് കനലുപൊള്ളിയും തുളവീണും ചുരുങ്ങിച്ചുരുങ്ങി ഒരുദിവസം തെങ്ങിൻതടത്തിലേക്ക് വലിച്ചെറിയപ്പെടും.
രുചിഗന്ധങ്ങളുടെ കൂട്ടിരിപ്പുകാരനായ അടുക്കളയിലെ അന്തേവാസി.

ഉടലഴകിലെ കറുപ്പലിഞ്ഞുതിർന്ന് കുപ്പായകോണുകളിൽ നിറഞ്ഞതുപോലുള്ള, ചന്ദനക്കളറെന്ന് സ്വയം തെറ്റിദ്ധരിച്ച് ഞാനണിയുന്ന കുപ്പായത്തിന് നാണം വന്നു തുടങ്ങിയിരുന്നതിനാലാവാം അവനിങ്ങനെ നെഞ്ചോട് പറ്റിച്ചേർന്നുകിടക്കുന്നത്. രണ്ടിൽ നിന്ന് മൂന്നിലേക്കും പിന്നെ നാലിലേക്കും വളരുന്ന എനിക്കൊപ്പം എത്തിപ്പിടിക്കാനാവാതെ ട്രൗസറിന്റെ തുളയടച്ചിരുന്ന കാലത്തിൽ നിന്നും അരയ്ക്കുമീതേയ്ക്ക് ചെറുതായിത്തുടങ്ങിയിരുന്നു. ഇല്ലായ്മയുടെ മറവുകളാണ് കാലത്തിന്റെ വളർച്ചയിൽ തുറന്നുപോകുന്നത്.

വലിച്ചുകുത്തിയ ട്രൗസറിന്റെ അറ്റമഴിച്ച് അടുക്കളയിലെ കാലില്ലാത്ത പലകയിലേക്ക് അമർന്നിരിക്കും മുമ്പേ തലമുറകൾ മറികടന്നെത്തിയ ഓട്ടുകിണ്ണത്തിന്റെ അടപ്പിനെ തള്ളിമാറ്റി കറിമഞ്ഞയുടെ ശേഷിപ്പുകളിലേക്ക് എത്തിനോക്കി.
ഉണ്ടപാതിയുടെ വിരലടയാളങ്ങളിൽ നിന്നും വട്ടക്കോപ്പയെ പുറത്തിറക്കി കാൽക്കിണ്ണം ചോറിനരികെ ചമ്രം പടിഞ്ഞു. ഉണ്ടുനിറയാനല്ല, കണ്ടുനിറയാനുള്ള കാൽക്കിണ്ണം ശിഷ്ടത്തിലേക്ക്….

സജി കല്യാണി

By ivayana